ഫാക്ട് ചെക്ക്: ട്രാക്കിൽ സോളാർ പാനൽ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ? വാസ്തവമെന്ത്?

നീക്കം ചെയ്യാവുന്ന തരത്തിൽ ട്രാക്കിൽ പാനലുകൾ സ്ഥാപിക്കുന്നതാണ് പദ്ധതിയെന്നാണ് പ്രചാരണം.

Update: 2025-07-07 16:08 GMT

 ട്രാക്കിൽ സോളാർ പാനൽ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേയെന്ന് പ്രചാരണം

റെയിൽവേ ട്രാക്കിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ഇന്ത്യ റെയിൽവേ ഒരുങ്ങുന്നുവെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. സ്റ്റാർട്ടപ്പ് കമ്പനിയായ സൺ - വേയ്‌സ് നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ റെയിൽവേ ട്രാക്കുകൾക്കിടയിൽ സ്ഥാപിക്കുമെന്നാണ് വാദം. റെയിൽവേ ഗതാഗതത്തെ ബാധിക്കാത്ത വിതമാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതെന്നുമാണ് പ്രചാരണം.

സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഒരു മാറ്റത്തിന്റെ ഭാഗമായി, ഇന്ത്യയിലെ സ്റ്റാർട്ടപ്പായ സൺ - വേയ്‌സ് റെയിൽവേ ട്രാക്കുകൾക്കിടയിൽ  നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ വിന്യസിക്കുന്നു. ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നു, ശുദ്ധമായ ഊർജ്ജം ഒഴുകിക്കൊണ്ടിരിക്കുന്നു. അധിക ഭൂമി ആവശ്യമില്ല. റെയിൽ സേവനങ്ങൾക്ക് തടസ്സമില്ല.  മലിനീകരണം ഇല്ല. ഈ സമീപനത്തിന് പ്രതിവർഷം 1 ടെറാവാട്ടിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും, ഇതിലൂടെ രണ്ട് ലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകാൻ സാധിക്കും എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

പോസ്റ്റും ലിങ്കും ചുവടെ:








 വസ്തുത പരിശോധന:

റെയിൽവേ ട്രാക്കിൽ നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ സ്ഥാപിക്കാൻ ഇന്ത്യ റെയിൽവേ ഒരുങ്ങുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. സ്വിറ്റസർലെന്റിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ത്യയിലേതാണെന്ന തരത്തിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ റെയിൽവേ ട്രാക്കുകളിൽ സൺ - വേയ്‌സ് എന്ന കമ്പനി സോളാർ ഫാം പദ്ധതി നടപ്പിലാക്കുന്നുണ്ടോ എന്ന് അറിയാൻ കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു.  'ട്രെയിനുകൾക്ക് വൈദ്യുതി നൽകുന്ന സോളാർ പാനലുകളുള്ള സ്വിറ്റ്‌സർലൻഡ് റെയിൽവേ ട്രാക്കുകൾ പരീക്ഷിക്കുന്നു' എന്ന തലക്കെട്ടിൽ 2025 ഏപ്രിൽ 29 ന് എൻ‌ഡി‌ടി‌വി പ്രസിദ്ധീകരിച്ച  ഒരു റിപ്പോർട്ട് കണ്ടെത്തി. റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള തുറന്ന ഇടം പ്രയോജനപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് സുസ്ഥിര ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങി സ്വിറ്റ്സർലൻഡിലെ ഒരു സോളാർ ടെക്നോളജി സ്റ്റാർട്ടപ്പ് എന്നാണ് വാർത്ത.  6.04 കോടി രൂപയുടെ (585,000 സ്വിസ് ഫ്രാങ്ക്)  പദ്ധതിയുടെ ഭാഗമായി, പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ഒരു ചെറിയ ഗ്രാമമായ ബട്ട്സിലെ റെയിൽവേ ട്രാക്കുകളുടെ 100 മീറ്റർ ഭാഗത്ത് 48 സോളാർ പാനലുകൾ സ്ഥാപിച്ചു.  സൺ വെയ്സ് എന്ന കമ്പനിയാണ് പദ്ധതി വികസിപ്പിച്ചെടുത്തതെന്നും റിപ്പോർട്ടിലുണ്ട്. ദക്ഷിണ കൊറിയ, സ്പെയിൻ, റൊമാനിയ എന്നിവിടങ്ങളിലെ സമാനമായ പദ്ധതികളിൽ സഹകരിക്കുന്നതിനൊപ്പം ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾ താത്പര്യം അറിയിച്ച് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്.

സൺ-വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ 'സ്വിറ്റ്സർലൻഡ് റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നു' എന്ന തലക്കെട്ടിലുള്ള ഒരു വീഡിയോ കാണിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം വെബ്‌പേജിലേക്കുള്ള ലിങ്ക് ലഭ്യമായി. പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ബൂട്ടസിന് സമീപം നടക്കുന്ന പരീക്ഷണ പദ്ധതിയിൽ സൺ-വേയ്‌സ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലോസാനുമായി സഹകരിക്കുന്നുണ്ടെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ഷോക്സ്തെർ കമ്പനി മെഷീൻ ഉപയോഗിച്ചാണ് ഫോട്ടോവോൾട്ടെയ്‌ക് (പിവി) പാനലുകൾ സ്ഥാപിച്ചത്. റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ഈ പാനലുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കുന്ന സജീവ ട്രെയിൻ ട്രാക്കുകളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.



യൂറോന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, സൺ-വേയ്‌സ്  സ്വിസ് സ്റ്റാർട്ടപ്പാണ്.  സൺ - വേയ്‌സിന്റെ ചെറുകിട പരീക്ഷണ പദ്ധതികളും സ്വിറ്റ്‌സർലൻഡിലാണ് നടക്കുന്നത്. മറ്റ് രാജ്യങ്ങൾ താത്പര്യം അറിയിച്ച് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും  റിപ്പോർട്ടുകളിലൊന്നും ഇന്ത്യയെക്കുറിച്ച് പരാമർശമില്ലെന്നും വ്യക്തമായി.

കൂടുതൽ പരിശോധനയിൽ വൈറൽ പോസ്റ്റുകളിലെ കാർഡ് 2025 ജൂൺ 28 ന് അൺബോക്സ് ഫാക്ടറി എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വൈറൽ പോസ്റ്റിലുള്ള ഇന്ത്യൻ പതാകയ്ക്ക് പകരം സ്വിസ് പതാകയാണ് പോസ്റ്റിലുള്ളത്.  ഒരു ട്രെയിൻ പോലും നിർത്താതെ സ്വിറ്റ്സർലൻഡ് റെയിൽവേ ട്രാക്കുകളെ വൈദ്യുത നിലയങ്ങളാക്കി മാറ്റുകയാണ് എന്ന് തുടങ്ങുന്ന അടിക്കുറിപ്പിൽ വൈറൽ പോസ്റ്റിലുള്ള സമാന വിവരണമാണ് തുടർന്ന നൽകിയതെന്നും കണ്ടെത്തി.


Full View


ഇന്ത്യൻ റെയിൽവേയ്ക്ക് ഇത്തരമൊരു പദ്ധതിയുണ്ടോ എന്നും പരിശോധിച്ചു. ഇന്ത്യൻ റെയിൽവേ നിരവധി സൗരോർജ  പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 2017 ൽ ആദ്യത്തെ സൗരോർജ ട്രെയിൻ ആരംഭിച്ചത്. 2,249 റെയിൽവേ സ്റ്റേഷനുകളിലും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതായാണ് 2025 ഫെബ്രുവരി വരെയുള്ള കണക്ക്. റെയിൽവേ ട്രാക്കുകൾക്കിടയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ സൌരോർജ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല

 റെയിൽവേ ട്രാക്കിൽ നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ സ്ഥാപിക്കാൻ ഇന്ത്യ റെയിൽവേ ഒരുങ്ങുന്നുവെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. സ്വിറ്റസർലെന്റിൽ സൺ വെയ്സ് എന്ന കമ്പനി  നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ത്യയിലേതാണെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി 


Claim :  ട്രാക്കിൽ സോളാർ പാനൽ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News