ഫാക്ട് ചെക്ക്: മുസ്ലിംകൾ ശത്രുക്കളാണെന്ന് അംബേദ്കർ പുസ്തകത്തിൽ പറഞ്ഞോ? വാസ്തവമെന്ത്?
മുസ്ലിംകൾ രാജ്യത്തിന് ഭീഷണി ആണെന്ന് ഉൾപ്പടെ അംബേദ്കർ പറഞ്ഞെന്നാണ് പ്രചാരണം
മുസ്ലിംകൾ ശത്രുക്കളാണെന്ന് അംബേദ്കറുടെ പുസ്തകത്തിൽ
ബി ആർ അംബേദ്കറുടെ പാകിസ്താനും ഇന്ത്യയുടെ വിഭജനവും എന്ന പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. മുസ്ലിംകൾ രാജ്യത്തിന് ഭീഷണിയാണെന്ന് അടക്കം അംബേദ്കർ പുസ്തകത്തിൽ പറയുന്നുണ്ടെന്നാണ് പേജുകൾ എടുത്ത് പറഞ്ഞ് പ്രചാരണം. വൈറൽ പോസ്റ്റിലെ അവകാശവാദങ്ങളാണ് ചുവടെ.
പുസ്തകത്തിന്റെ പേര് -"പാകിസ്ഥാൻ ആൻഡ് ഇന്ത്യ ഡിവിഷൻ
രചയിതാവിന്റെ പേര് - " ഡോ. ബാബാസാഹേബ് റാംജി അംബേദ്കർ"*
പേജ് നമ്പർ 123 - മുസ്ലീംകൾ ഇന്ത്യയിൽ താമസിക്കരുത്
പേജ് നമ്പർ 125 - മുസ്ലീംകൾ ഇന്ത്യക്ക് ഭീഷണിയായി തുടരുകയും ഇന്ത്യയിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
പേജ് നമ്പർ 231 - ബുർഖ ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു, ഇത് കൂടുതൽ കുട്ടികളിലേക്ക് നയിക്കുന്നു.
പേജ് നമ്പർ 233, 234 - മുസ്ലീംകൾ സാമൂഹിക പരിഷ്കരണത്തിനും ശാസ്ത്രത്തിനും എതിരാണ്.
പേജ് നമ്പർ 294 - മുസ്ലീംകൾ ഇന്ത്യയുടെ നിയമത്തേക്കാളും ഭരണഘടനയേക്കാളും അവരുടെ ശരീഅത്ത് നിയമത്തെ പരിഗണിക്കും.
പേജ് നമ്പർ 297- ഇന്ത്യയിൽ അശാന്തി പടർത്താൻ മുസ്ലീംകൾ വർഗീയ കലാപങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും.
പേജ് നമ്പർ 303 - ഇന്ത്യയിലെ ഹിന്ദുക്കളുടെ സർക്കാരിനെ മുസ്ലീംകൾ ഒരിക്കലും അംഗീകരിക്കില്ല.
പേജ് നമ്പർ 332 - മുസ്ലീംകൾക്ക് ഒരിക്കലും ദേശസ്നേഹികളാകാൻ കഴിയില്ല.
എന്നിങ്ങനെയാണ് പുസ്തകത്തിന്റെ കവർ ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്ന വിവരണം. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന :
മുസ്ലീംകൾ ഇന്ത്യയിൽ താമസിക്കരുതെന്നും രാജ്യത്തിന് ഭീഷണിയാണെന്നും ബി ആർ അംബേദ്കർ പുസ്തകത്തിൽ പരാമർശിച്ചുട്ടുണ്ടെന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യ - പാക് വിഭജനത്തിൽ ഹിന്ദു, മുസ്ലീം വിഭാഗങ്ങളുടെയും നിരവധി ചിന്തകരുടെയും വീക്ഷണങ്ങളാണ് പുസ്തകത്തിലെന്നും പ്രചാരണത്തിലുള്ള അവകാശവാദങ്ങളൊന്നും ഇല്ലെന്നും കണ്ടെത്തി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ നേരത്തെയും സമാന രീതിയിൽ വ്യാജ പ്രചാരണങ്ങൾ പ്രസ്തുത പുസ്തകവുമായി നടന്നതായി കണ്ടെത്തി. ഈ രാജ്യത്ത് ഒരു മുസ്ലീം ഉള്ളിടത്തോളം കാലം ഈ വിഭജനം അപൂർണ്ണമാണെന്ന അംബേദ്കർ പറഞ്ഞെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത് വസ്തുത വിരുദ്ധമാണെന്ന് ഫാക്ട് ചെക്ക് ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഡോ. ബി ആർ അംബേദ്കർ എഴുതിയ പാകിസ്താനും ഇന്ത്യ വിഭജനവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കണ്ടെത്തി. പുസ്തകം ഇന്റർനെറ്റ് ആർക്കൈവിൽ ലഭ്യമാണ്. സമൂഹ മാധ്യമങ്ങളിൽ അവകാശപ്പെടുന്ന പ്രസ്താവനകൾ പുസ്തകത്തിലുണ്ടോ എന്ന് പരിശോധിച്ചു. പേജ് നമ്പർ 123ൽ മുസ്ലീംകൾ ഇന്ത്യയിൽ താമസിക്കരുത് എന്ന് അംബേദ്കർ പറയുന്നുണ്ടെന്നാണഅ വാദം. പേജ് നമ്പർ 123ലെ ഉള്ളടക്കം ഉദ്ദരണിയാണെന്ന് മനസ്സിലാവും. പേജ് 122 പരിശോധിച്ചു. പാകിസ്താനുള്ള ഹിന്ദു ബദൽ എന്ന അധ്യായത്തിൽ ഹിന്ദു മഹാ സഭയെക്കുറിച്ച് സവർക്കർ പറയുന്നതാണ് ഉദ്ധരിക്കുന്നത്. മുസ്ലിം ലീഗിനെ നേരിടാനാണ് ഹിന്ദു മഹാസഭ തുടങ്ങിയതെന്നോ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മഹാസഭ പ്രവർത്തനം നിർത്തുമെന്നോ സവർക്കർ സമ്മതിക്കുന്നില്ലെന്നും, ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്രം നേടിയാലും ഹിന്ദു മഹാ സഭ പ്രവർത്തനം തുടരുമെന്നും സവർക്കർ പറഞ്ഞതിന്റ തുടർച്ചയാണ് പേജ് 123. അംബേദ്കറുടെ പ്രസ്താവനയൊന്നും ഈ പേജിലില്ല.
മുസ്ലീംകൾ ഇന്ത്യക്ക് ഭീഷണിയായി തുടരുകയും ഇന്ത്യയിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പേജ് 125ൽ അംബേദ്കർ പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഈ പേജുകളിലും സവർക്കറെയാണ് അംബേദ്കർ ഉദ്ധരിച്ചിരിക്കുന്നത്. സ്വരാജ് എന്ന ആശയത്തിനായി സവർക്കർ മുന്നോട്ടുവെക്കുന്ന രണ്ട് കാര്യങ്ങളാണ് ഈ പേജിൽ പറയുന്നത്. ഹിന്ദുസ്ഥാൻ എന്ന പേര് നിലനിർത്തൽ, ഹിന്ദുസ്ഥാനീ മുസ്ലിംസ് എന്ന് ഉപയോഗിക്കൽ സംസ്കൃതം വിശുദ്ധ ഭാഷയാക്കൽ എന്നിവയാണത്. ഈ പേജുകളിൽ അംബേദ്കറുടെതായ പ്രസ്താവനയോ അവകാശവാദത്തിലുള്ള ഭാഗമോ കണ്ടെത്താനായില്ല.
പേജ് നമ്പർ 231ൽ എംഎൽഎ കൂടിയായ ഖ്വാസി കാസ്മിയെയാണ് അംബേദ്കർ ഉദ്ധരിക്കുന്നത്. മുസ്ലിം വിവാഹത്തെ പറ്റി പറയുന്ന ഭാഗത്ത് ബുർഖ ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു, ഇത് കൂടുതൽ കുട്ടികളിലേക്ക് നയിക്കുന്നു എന്ന പരാമർശമില്ല. 233, 234 - എന്നീ പേജുകളിൽ മുസ്ലീംകൾ സാമൂഹിക പരിഷ്കരണത്തിനും ശാസ്ത്രത്തിനും എതിരാണ് എന്ന് അംബേദ്കർ പറയുന്നില്ല. മറിച്ച് മുസ്ലിം മത നിയമവും മതപരിവർത്തനത്തിന്റെ നിയമങ്ങളുമായി ബന്ധപ്പെട്ടാണ് പറയുന്നത്.
പേജ് നമ്പർ 294ൽ - മുസ്ലീംകൾ ഇന്ത്യയുടെ നിയമത്തേക്കാളും ഭരണഘടനയേക്കാളും അവരുടെ ശരീഅത്ത് നിയമത്തെ പരിഗണിക്കും എന്നല്ല അംബേദ്കർ പറയുന്നത്. മുസ്ലിംകൾ ഹിന്ദു സർക്കാരിനെ അംഗീകരിക്കില്ല എന്ന പറയത്തക്ക തെളിവുകളില്ല എന്നാണ്.
ഖ്വാജാ ഹസൻ നിസാമിയുടെ ഹിന്ദു മുസ്ലിം ബന്ധം മാനിഫെസ്റ്റോ ഉദ്ധരിച്ചതിന് ശേഷമുള്ള വിശകലനമാണ് പേജ് നമ്പർ 297- ഇന്ത്യയിൽ അശാന്തി പടർത്താൻ മുസ്ലീംകൾ വർഗീയ കലാപങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നല്ല മറിച്ച് പാനിപത് യുദ്ധവുമായി ബന്ധപ്പെട്ടാണ് അംബേദ്കറുടെ പരാമർശം.
പേജ് നമ്പർ 303ൽ ജിന്നയെയാണ് അംബേദ്കർ ഉദ്ധരിക്കുന്നത്. ഈ ഭാഗത്ത് ഇന്ത്യയിലെ ഹിന്ദുക്കളുടെ സർക്കാരിനെ മുസ്ലീംകൾ ഒരിക്കലും അംഗീകരിക്കില്ല എന്ന് പറയുന്നില്ല. ഭരണതലത്തിലെ മുസ്ലിം പ്രാതിനിധ്യവും ആനുപാതിക സംവരണവുമായി ബന്ധപ്പെട്ടുമാണ് ജിന്ന പറയുന്നത്. പേജ് നമ്പർ 332 ൽ കോൺഗ്രസിൽ മുസ്ലിംകൾ ആദ്യ ഘട്ടത്തിൽ ഇല്ലാതിരുന്നതും മുസ്ലിം ലീഗിന്റെ രൂപീകരണവുമാണ് പറയുന്നത്. മുസ്ലീംകൾക്ക് ഒരിക്കലും ദേശസ്നേഹികളാകാൻ കഴിയില്ല എന്ന ഒരു പരാമർശം ഈ ഭാഗത്തുമില്ല
മുസ്ലീംകൾ ഇന്ത്യയിൽ താമസിക്കരുതെന്നും രാജ്യത്തിന് ഭീഷണിയാണെന്നും ബി ആർ അംബേദ്കർ പുസ്തകത്തിൽ പരാമർശിച്ചുട്ടുണ്ടെന്ന പ്രചാരണം വ്യാജമാണ്. പ്രചാരണത്തിലുള്ള അവകാശവാദങ്ങളൊന്നും പുസ്തകത്തിൽ പരാമർശിക്കുന്നില്ല