ഫാക്ട് ചെക്ക്: നീൽ ആംസ്ട്രോങ്ങിന്റെ ബൂട്ടും ചന്ദ്രോപരിതലത്തിലെ കാൽപ്പാടും വ്യത്യസ്തമോ? താരതമ്യത്തിന്റെ വസ്തുതയെന്ത്
ആംസ്ട്രോങ്ങിന്റെ ഇന്നർ ഷൂവിന്റെ ചിത്രമാണ് ഓവർ ഷൂവിന്റെ അടയാളവുമായി താരതമ്യം ചെയ്യുന്നത്
നീൽ ആംസ്ട്രോങ്ങിന്റെ ബൂട്ടും ചന്ദ്രോപരിതലത്തിലെ കാൽപ്പാടും വ്യത്യസ്തമെന്ന് പ്രചാരണം
1969 ജൂൺ 20നാണ് അപ്പോളോ 11 ദൗത്യത്തിലൂടെ നീൽ ആംസ്ട്രോങ്, ബസ് ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങി ചരിത്രം സൃഷ്‌ടിച്ചത്. മനുഷ്യൻ്റെ ബഹിരാകാശ പര്യവേക്ഷണത്തിലെ നാഴികക്കല്ലായിരുന്നു അപ്പോളോ 11 ദൗത്യം. ആദ്യത്തെ ചാന്ദ്ര ദൌത്യത്തിന്റെ വാർഷികദിനത്തിലാണ് ലോകം ചാന്ദ്രദിനം ആചരിക്കുന്നത്. ആദ്യ ദൌത്യത്തിന്റെ 56 ആം വാർഷികമാണ് ഇത്തവണ. അതിനിടെ ചന്ദ്രനിലേക്കുള്ള തന്റെ ദൗത്യത്തിനായി യുഎസ് ബഹിരാകാശയാത്രികൻ നീൽ ആംസ്ട്രോങ് ധരിച്ചിരുന്ന സ്പേസ് സ്യൂട്ടിന്റെ ബൂട്ടും ദൌത്യത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ പതിഞ്ഞ ബൂട്ട് പ്രിന്റും തമ്മിലുള്ള താരതമ്യം കാണിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആംസ്ട്രോങ്ങിന്റെ ബൂട്ട് ചന്ദ്രനിലെ ബൂട്ട് പ്രിന്റുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് പോസ്റ്റുകളിലെ അവകാശവാദം. ചന്ദ്രനിൽ മനുഷ്യനിറങ്ങി എന്നത് വ്യാജമാണെന്ന സൂചനയാണിതെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
നീൽ ആംസ്ട്രോങ്ങിന്റെ ബഹിരാകാശയാത്രിക സ്യൂട്ട് (ഇടത്ത്) ചന്ദ്രനിലെ അദ്ദേഹത്തിന്റെ കാൽപ്പാടുകൾ (വലത്) . ആംസ്ട്രോങ്ങിന്റെ ബൂട്ടുകൾ ചന്ദ്രനിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നതായി പറയുന്ന ബൂട്ട് പ്രിന്റുകൾക്ക് സാമ്യമല്ലെന്ന് അവകാശപ്പെടുന്ന പോസ്റ്റിന്റെ വിവരണം ഇങ്ങനെയാണ്. ഇനി ചന്ദ്രനിൽ ഇറങ്ങിയത് യഥാർത്ഥമാണോ അതോ വ്യാജമാണോ എന്ന് നിങ്ങൾ തീരുമാനിക്കുക.
പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
മനുഷ്യൻ ചന്ദ്രനിലിറങ്ങിയല്ലെന്ന് അവകാശവാദവുമായി നീൽ ആംസ്ട്രോങ്ങിന്റെ ബൂട്ടും ചന്ദ്രനിലെ ബൂട്ട് പ്രിന്റും തമ്മിലുള്ള വ്യത്യാസമെന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ഇന്നർ ബൂട്സും, ഇതിനുമുകളിൽ നീൽ ആംസ്ട്രോങ്ങ് ധരിച്ച ലൂണാർ ഓവർ ഷൂസിന്റെ പ്രിന്റാണ് ചന്ദ്രനിലുള്ളതെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ നാസയുടെ അപ്പോളോ 11 ദൗത്യത്തിൽ നീൽ ആംസ്ട്രോങ് ഉപയോഗിച്ചിരുന്ന സ്‌പേസ് സ്യൂട്ട് ബൂട്ടുകളുടെ ചിത്രം സ്ലേറ്റ് പ്രസിദ്ധീകരിച്ച ഒരു ജേണലിൽ കണ്ടെത്തി. നീൽ ആംസ്ട്രോങ് ഉപയോഗിച്ചിരുന്ന സ്‌പേസ് സ്യൂട്ട് ബൂട്ടുകളുടെ കാലിന്റെ വശത്ത് ഒരു വൃത്തവും വെൽക്രോ പാഡുകൾ ഘടിപ്പിക്കുന്ന ഭാഗവും കാണാം. എഴുത്തുകാരനുമായ ബഹിരാകാശ വിദഗ്ധനുമായ ഫിൽ പ്ലെയിറ്റ്, സ്മിത്‌സോണിയന്റെ നാഷണൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിൽ എടുത്ത നീൽ ആംസ്ട്രോങ്ങിന്റെ സ്‌പേസ് സ്യൂട്ടിന്റെ ചിത്രങ്ങളാണ് പേജിലുള്ളത്.
ചന്ദ്രനിൽ പതിഞ്ഞ ഫൂട്ട് പ്രിന്റും പരിശോധിച്ചു. ചാന്ദ്ര മണ്ണിൽ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിന്റെ ബൂട്ട്‌പ്രിന്റിന്റെ ഒരു ക്ലോസ്-അപ്പ് കാഴ്ച, അപ്പോളോ 11 ദൌത്യത്തിൽ 70mm ചാന്ദ്ര ഉപരിതല ക്യാമറ ഉപയോഗിച്ച് എടുത്തതെന്ന വിവരണത്തോടെയാണ് ചിത്രം നാസ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
കൂടുതൽ പരിശോധനയിൽ സ്മിത്‌സോണിയൻ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലാണ് നീൽ ആസ്ട്രോങ്ങിന്റെ സ്‌പേസ് സ്യൂട്ട് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ നേരത്തെയും ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നതായും ഏജൻസ് ഫ്രാൻസ് പ്രസ് നടത്തിയ അന്വേഷണത്തിൽ ഇത് തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതായും വ്യക്തമായി. ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ വ്യത്യസ്ത ബൂട്ടുകളാണ് ധരിച്ചതെന്ന് യുഎസ് ആസ്ഥാനമായുള്ള സ്മിത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലെ സ്‌പേസ് സ്യൂട്ട് വിദഗ്ദ്ധയായ ഡോ. കാത്‌ലീൻ ലൂയിസ് എഎഫ്‌പിയോട് പറഞ്ഞു. ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന ബഹിരാകാശയാത്രികർ ഓവർഷൂ ധരിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. സിലിക്കൺ സോളുകളുള്ള ഓവർ ഷൂവിന്റെ പാടുകളാണ് ചാന്ദ്ര ഉപരിതരത്തിൽ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഓവർ ഷൂവിനെ കുറിച്ചുള്ള പരിശോധനയിൽ നാസ പ്രസിദ്ധീകരിച്ച അപ്പോളോ 17 ദൗത്യത്തിൽ ഉപയോഗിച്ച ചാന്ദ്ര ഓവർഷൂകളുടെ ചിത്രം ലഭിച്ചു.
കൂടുതൽ പരിശോധനയിൽ ആംസ്ട്രോങ്ങിന്റെ സ്പേസ് സ്യൂട്ട് ബൂട്ടുകളും ചാന്ദ്ര ഓവർഷൂകളും കാണിക്കുന്ന ചിത്രം ലഭിച്ചു. ദൌത്യത്തിന് മുൻപുള്ള ചിത്രമാണ് നാസ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.
1969 ലെ ദൗത്യത്തിൽ നിന്ന് മടങ്ങുമ്പോക്ഷ ആംസ്ട്രോങ്ങിന്റെയും ബസ് ആൽഡ്രിന്റെയും ബൂട്ടുകൾ ചന്ദ്രനിൽ ഉപേക്ഷിച്ചിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. ഭാരം കുറയ്ക്കാനായിരുന്നു ഓവർഷൂ ചന്ദ്രനിൽ ഉപേക്ഷിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
നീൽ ആംസ്ട്രോങ്ങിന്റെ ബൂട്ടും ചന്ദ്രനിലെ ബൂട്ട് പ്രിന്റും തമ്മിലുള്ള വ്യത്യാസമെന്ന തരത്തിൽ പ്രചരിക്കുന്ന താരതമ്യം ചെയ്തുള്ള ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ഇന്നർ ബൂട്സാണെന്നും ഇതിനുമുകളിൽ നീൽ ആംസ്ട്രോങ്ങ് ധരിച്ച ലൂണാർ ഓവർ ഷൂസിന്റെ പ്രിന്റാണ് ചന്ദ്രനിലുള്ളതെന്നും അന്വേഷണത്തിൽ വ്യക്തമായി. ദൌത്യത്തിന് ശേഷമുള്ള മടക്കയാത്രയിൽ അമിത ഭാരം കാരണം ബൂട്ടുകൾ ചന്ദ്രോപരിതലത്തിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.