ഫാക്ട് ചെക്ക്: രാമക്ഷേത്രം സന്ദർശിക്കുന്ന പുടിൻ? പ്രചാരണം വ്യാജം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം പുടിൻ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്
റഷ്യൻ പ്രസിഡൻ്റ് വ്ളാദമിർ പുടിൻ ഇന്ത്യ സന്ദർശനം പൂർത്തിയായിരിക്കുകയാണ്. 2025 ഡിസംബർ 4, 5 തീയതികളിലായി നടന്ന 23-ാമത് ഇന്ത്യാ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് വിമാനത്താവളത്തിൽ പുടിനെ സ്വീകരിച്ചത്. രാജ്ഘട്ടിൽ എത്തി ആദരമർപ്പിക്കും. ഹൈദരാബാദ് ഹൗസിലാണ് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയും ഉഭയകക്ഷി ചർച്ചയും നടന്നത്. ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, പ്രതിരോധ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. തൊഴില്‍, കുടിയേറ്റ ആരോഗ്യ മേഖലകളിലായി 8 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയ്ക്കായി ചെറു ന്യൂക്ലിയര്‍ റിയാക്ടര്‍ സാങ്കേതിക വിദ്യയും വാഗ്ദാനം ചെയ്തു. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. എസ്–400 വ്യോമപ്രതിരോധ സംവിധാനം കൂടുതൽ വാങ്ങുന്നതിനുള്ള താത്പര്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലൂസോവുമായുള്ള ചർച്ചയിൽ അറിയിച്ചു. വ്യാപാര മേഖലയിലെ പുതിയ കരാറുകള്‍ ഇന്ത്യയിലെ യുവാക്കൾക്ക് കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ - റഷ്യ സഹകരണം ഏതെങ്കിലും രാജ്യത്തിന് എതിരല്ലെന്നു പുടിൻ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധത്തിന് ശേഷം പുടിൻ ഇന്ത്യയിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്.
അതിനിടെ റഷ്യൻ പ്രസിഡൻ്റ വ്ളാദമിർ പുടിൻ രാമക്ഷേത്രം സന്ദർശിച്ചെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം രാമക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിൽ നിൽക്കുന്ന വ്ളാദമിർ പുടിൻ്റെ ചിത്രമാണ് പ്രചരിക്കുന്നത്. പുടിൻ കുർത്ത് ധരിച്ചതായി കാണാം. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
റഷ്യൻ പ്രസിഡൻ്റ് വ്ളാദമിർ പുടിൻ രാമക്ഷേത്രം സന്ദർശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എഐ ഉപയോഗിച്ച് നിർമിച്ച ചിത്രമാണ് വൈറലാവുന്നതെന്ന് വ്യക്തമായി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ പുടിൻ്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളുൾപ്പടെ നൽകിയ റിപ്പോർട്ടുകൾ കീവേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. പുടിൻ്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വിശദീകരിക്കുന്ന മാധ്യമ റിപ്പോർട്ടുകളിലൊന്നും അദ്ദേഹത്തിൻ്റെ അയോധ്യ സന്ദർശനത്തെക്കുറിച്ച് ഒരു പരാമർശവും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസിഡൻ്റ് പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഷെഡ്യൂൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. അതിൽ അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശമില്ല. സന്ദർശന വേളയിൽ, രാഷ്ട്രപതി ഭവൻ, രാജ്ഘട്ട് (മഹാത്മാഗാന്ധിയുടെ സ്മാരക സ്ഥലം), ഭാരത് മണ്ഡപം, ഹൈദരാബാദ് ഹൗസ് എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പുടിൻ പങ്കെടുത്തെന്ന് വെബ്സൈറ്റിലെ വിവരങ്ങളിൽ നിന്ന് വ്യക്തമായി.
വൈറൽ ഫോട്ടോയിൽ കാണുന്ന ശ്രീകോവിലും യഥാർഥ ചിത്രത്തിലെ ശ്രീകോവിലും തമ്മിൽ വ്യത്യാസമുള്ളതായും കണ്ടെത്തി. താരതമ്യം ചുവടെ
തുടർന്ന് ചിത്രത്തിൻ്റെ എഐ സാധ്യത പരിശോധിക്കാൻ എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചു. വൈറൽ ചിത്രം 99.9% ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ സൃഷ്ടിക്കപ്പെട്ടതാണെന്ന് ഡിറ്റക്ഷൻ ടൂളിലൂടെ വ്യക്തമായി.
ഇതോടെ ഇന്ത്യാ സന്ദർശന വേളയിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാദമിർ പുടിൻ രാമക്ഷേത്രം സന്ദർശിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ഇന്ത്യ - റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പുടിൻ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ചിത്രമാണ് വൈറലാവുന്നതെന്ന് വ്യക്തമായി.