ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് കേരള കുംഭമേളയുടെ ചിത്രമല്ല
2025ൽ പ്രയാഗ്‍രാജിൽ നടന്ന മഹാകുംഭമേളയിൽ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്
കേരള കുംഭമേള എന്ന വിശേഷണത്തോടെ മലപ്പുറം തിരുനാവായയിൽ മഹാമാഘ മഹോത്സവം ആരംഭിച്ചിരിക്കുകയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണപ്പുറത്ത് 2025 ജനുവരി 16 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം നടക്കുന്നത്. ഗംഗാ ആരതിക്ക് സമാനമായ നിളാ ആരതി മുതൽ വിശേഷ പുണ്യസ്നാനം വരെയാണ് മഹാമാഘ മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ. ബ്രഹ്മദേവന്റെ യാഗഭൂമി എന്ന നിലയിൽ പൗരാണികമായി തിരുനാവായ ഈ അനുഷ്ഠാനത്തിന്റെ കേന്ദ്രമാണ് തിരുനാവായ.
കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് ഒത്തുകൂടിയ വിശ്വാസികളുടെ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കേരള കുംഭമേളയുടെ ചില വാർത്തകളിലും പ്രസ്തുത ചിത്രം നൽകിയിട്ടുണ്ട്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ ഫോട്ടോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
കേരള കുംഭമേളയുടെ ചിത്രമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. 2025ൽ പ്രയാഗ്‍രാജിൽ നടന്ന മഹാകുംഭമേളയിൽ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്.
വൈറൽ ചിത്രത്തിൻ്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. അന്താരാഷ്ട്ര ബിസിനസ് മാഗസിനായ ഫോബ്സിന്റെ ഇന്ത്യയുടെ റിപ്പോർട്ടിൽ സമാന ചിത്രം കണ്ടെത്തി. "2025 ജനുവരി 13 ന് ഉത്തർപ്രദേശ് സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് പുറത്തുവിട്ട പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേള ഉത്സവ വേളയിൽ ഗംഗ, യമുന, പുരാണ സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമത്തിലെ പുണ്യജലത്തിൽ ഹിന്ദു തീർത്ഥാടകർ പുണ്യസ്നാനം ചെയ്യുന്നതിൻ്റെ ചിത്രം. ജനുവരി 13 ന് ആരംഭിച്ച കുംഭമേളയിൽ നിരവധി ഹിന്ദു തീർത്ഥാടകർ പുണ്യജലത്തിൽ സ്നാനം ചെയ്തു, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമത്തിൽ 400 ദശലക്ഷം ആളുകൾ ആറ് ആഴ്ചയ്ക്കുള്ളിൽ ഒത്തുകൂടുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു" എന്ന വിവരണത്തോടെ 2025 ജനുവരി 14നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ചിത്രം 2025ൽ ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധന സംബന്ധിച്ച് ദേശീയ മാധ്യമമായ എൻഡിടിവി നൽകിയ വാർത്തയിലും പ്രസ്തുത ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. 2025 ജനുവരി 23-നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രയാഗ്‌രാജ് കലക്ടറും ഔദ്യോഗിക എക്‌സ് പേജിലൂടെ ഈ ചിത്രം പങ്കുവച്ചിരുന്നു. ദശലക്ഷക്കണക്കിന് വിശ്വാസികൾ മഹാകുംഭമേളയിൽ പുണ്യസ്‌നാനം നടത്തിയെന്ന വിവരണത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2025ൽ പ്രയാഗ്‍ രാജിൽ നടന്ന കുംഭമേളയുടെ വാർത്തയിൽ മനോരമ ഓൺലൈനും നൽകിയിട്ടുള്ളതായി കണ്ടെത്തി. പ്രയാഗ് രാജിൽ മഹാ കുംഭമേളയോട് അനുബന്ധിച്ച് ഗംഗ - യമുന - സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനത്തിനെത്തിയ ഭക്ത ജനങ്ങളുടെ ആകാശദൃശ്യമെന്ന അടിക്കുറിപ്പോടെയാണ് റിപ്പോർട്ട്.
ഇതോടെ കേരള കുംഭമേള തിരുനാവായ മാഘ മഹോത്സവത്തിന് നിളാ നദിയുടെ തീരത്തെത്തിയ ഭക്തജനങ്ങളുടേതെന്ന അവകാശവാദത്തോടെ ദേശീയ മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ടികളുലപയോഗിച്ച ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം തിരുനാവായയിൽ നിന്നുള്ളതല്ല. മറിച്ച് 2025ൽ ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.