ഫാക്ട് ചെക്ക്: യൂറോപ്പിൽ ക്രൈസ്തവ പള്ളി ക്ഷേത്രമാക്കിയോ? പ്രചാരണത്തിൻ്റെ വസ്തുത അറിയാം
ക്രൈസ്തവ പള്ളി നരസിംഹ ക്ഷേത്രമാക്കി മാറ്റിയ വീഡിയോയാണ് പ്രചരിക്കുന്നത്
യൂറോപ്പിലെ ഒരു ക്രൈസ്തവ പള്ളി നരസിംഹ ക്ഷേത്രമാക്കി മാറ്റിയെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഒരു മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പള്ളിക്ക് മുകളിലെ കുരിശ് മാറ്റി സുദർശ ചക്രം സ്ഥാപിക്കുന്നതും പൂജാരി കർമങ്ങൾ നടത്തുന്നതായും കാണാം. പള്ളിക്കകത്ത് നരസിംഹ മൂർത്തിയെയും കാണാം. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റ് ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
യൂറോപ്പിലെ ക്രൈസ്തവ പള്ളി നരസിംഹ ക്ഷേത്രമാക്കിയെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2021 ൽ അടച്ചുപൂട്ടിയ ഔവർ ലേഡി ഓഫ് ലൂർദ് കാത്തലിക് ചർച്ച് ഭക്തി മാർഗ് എന്ന ആത്മീയ സംഘടന വാങ്ങി ക്ഷേത്രമാക്കിയ ദൃശ്യമാണ് പ്രചരിക്കുന്നത്
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭക്തി മാർഗയുടെ സ്ഥാപകനായ പരമഹംസ വിശ്വാനന്ദയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലഭിച്ച. 2023 സെപ്റ്റംബർ 1 ന് പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ വീഡിയോയ്ക്ക് സമാനമാണെന്ന് കാണാം."ഒരു പള്ളി ഒരു ക്ഷേത്രമാക്കി മാറ്റി. ന്യൂയോർക്കിൻ്റെ വടക്കുഭാഗത്ത്. ഈ ക്ഷേത്രത്തിലും അത് എങ്ങനെ ഉണ്ടായി അറിയാൻ നിരവധി പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഗുരുവിൻ്റെ സ്നേഹത്തിലൂടെയാണ് ഈ ക്ഷേത്രം ഉണ്ടായത്" എന്നാണ് പോസ്റ്റിൻ്റെ വിവരണം. ക്ഷേത്രത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ നിന്നുള്ള വീഡിയോ ഭക്തി മാർഗ് എന്ന പേജുമായി കൊളാബ് ചെയ്തതായി കാണാം.
പ്രസ്തുത ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചപ്പോൾ ന്യൂയോർക്കിൽ ക്രൈസ്തവ പള്ളി എങ്ങനെ നരസിംഹ ക്ഷേത്രമായി എന്ന് വിശദീകരിക്കുന്ന വിവരണമുള്ള വീഡിയോ കൂടി കണ്ടെത്തി. "ഈ ക്ഷേത്രത്തിൽ നമ്മൾ ചെയ്യുന്നതെല്ലാം ദൈവത്തോടുള്ള ഭക്തിയെ കേന്ദ്രീകരിച്ചാണ്. ഈ ഭക്തിക്ക് പിന്നിൽ ദൈവകൃപയാണ്. കൃപയാൽ എല്ലാം സാധ്യമാണ്. കൃപയാൽ ഞങ്ങൾ ഈ പള്ളി കണ്ടെത്തി ഒരു ക്ഷേത്രം നിർമ്മിച്ചു. കൃപയാൽ ലോകമെമ്പാടും നിന്ന് ആളുകൾ പരാനിത്യ നരസിംഹത്തിൻ്റെ ദർശനം സ്വീകരിക്കാൻ എത്തുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനെ സംരക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറുള്ള സ്നേഹനിധിയായ ഒരു അച്ഛനെയോ അമ്മയെയോ പോലെ, നരസിംഹം നമ്മെ ആഴത്തിൽ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. മരണത്തെ പോലും ഭയപ്പെടുത്താൻ കഴിയുന്ന ഒന്നാണ് അദ്ദേഹത്തിൻ്റെ രൂപം. അദ്ദേഹം തൻ്റെ ഭക്തൻ്റെ ആത്യന്തിക സംരക്ഷകനാണ്. ഭക്തിയാലും കൃപയാലും, എൽമിറയിലെ ഈ ക്ഷേത്രം ജീവസുറ്റതാകുന്നു. ന്യൂയോർക്കിലെ എൽമിറയിലുള്ള @theashram_elmira-യിൽ നരസിംഹത്തിൻ്റെ സ്നേഹവും കരുണയും ശക്തിയും അനുഭവിക്കാൻ എല്ലാവർക്കും സ്വാഗതം" എന്നാണ് വിവരണം.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ സ്റ്റാർ-ഗസറ്റ് സംഭവവുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ട് ലഭിച്ചു. വെസ്റ്റ് എൽമിറയിലെ ഒരു മുൻ കത്തോലിക്കാ പള്ളി ഭക്തി മാർഗ് അനുയായികൾക്കായി വീണ്ടും തുറക്കുമെന്നാണ് 2023 ജൂൺ 26-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. 2021 നവംബറിൽ അടച്ചുപൂട്ടിയ ഔർ ലേഡി ഓഫ് ലൂർദ് കാത്തലിക് ചർച്ച് 2022 ജനുവരിയിൽ ഭക്തി മാർഗ് വാങ്ങിയെന്നും വസ്തുവിൻ്റെ പേര് പരനിത്യ നരസിംഹ ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്തതായും റിപ്പോർട്ടിലുണ്ട്. രണ്ട് ലക്ഷത്തിനാൽപ്പതിനായിരം ഡോളറിനാണ് അടച്ചുപൂട്ടിയ കാത്തലിക് ചർച്ച് ഭക്തി മാർഗ് വാങ്ങിയത്.
ഇതോടെ യൂറോപ്പിലെ ക്രൈസ്തവ പള്ളി നരസിംഹ ക്ഷേത്രമാക്കിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2023 സെപ്റ്റംബറിൽ അമേരിക്കയിലെ ന്യൂയോർക്കിലെ എൽമിറയിലുള്ള പരനിത്യ നരസിംഹ ക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. 2021 ൽ അടച്ചുപൂട്ടിയ ഔവർ ലേഡി ഓഫ് ലൂർദ് കാത്തലിക് ചർച്ച് ഭക്തി മാർഗ് എന്ന ആത്മീയ സംഘടന ഏറ്റെടുത്താണ് നരസിംഹ ക്ഷേത്രം നിർമിച്ചതെന്നും അന്വഷണത്തിൽ വ്യക്തമായി.