ഫാക്ട്ചെക്ക്: 'ത്രിശൂൽ' രാഷ്ട്രീയ തന്ത്രമാണെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞോ? പ്രചാരണം വ്യാജം
ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേണൽ ത്രിശൂലെന്ന് ഖുറേഷി പറഞ്ഞെന്നാണ് പ്രചാരണം
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും വലിയ സൈനികാഭ്യാസമായ ത്രിശൂൽ അറബിക്കടലിൽ പുരോഗമിക്കുകയാണ്. കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടുന്ന അഭ്യാസം ഗുജറാത്തിലും രാജസ്ഥാനിലുമായി നവംബർ 13 വരെ വിവിധ ഘട്ടങ്ങളിലായി തുടരും. മൂന്ന് സേനാ വിഭാഗങ്ങൾ തമ്മിലുള്ള യോജിപ്പും പ്രവർത്തനപരമായ ഏകോപനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഗുജറാത്തിലെ കച്ച് മേഖലയിലാണ് പ്രധാന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. 25 യുദ്ധക്കപ്പലുകളും, 40-ൽ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരുമാണ് ത്രിശൂലിൽ പങ്കെടുക്കുന്നത്.
ചൈനീസ് അതിർത്തിക്കടുത്തും സംയുക്ത സൈനിക അഭ്യാസം നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇസ്‌റ്റേൺ കമാൻഡിൻ്റെ നേതൃത്വത്തിൽ 'പൂർവി പ്രചണ്ഡ് പ്രഹാർ’ എന്ന് പേരിട്ട സൈനികാഭ്യാസം നവംബർ 11 മുതൽ 15 വരൈയാണ് നടക്കുക.
അതിനിടെ ത്രിശൂൽ 2025 നെതിരെ കേണൽ സോഫിയ ഖുറേഷി രംഗത്തെത്തിയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ത്രിശൂൽ സൈനികാഭ്യാസം രാഷ്ട്രീയ തന്ത്രമാണെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞെന്ന വാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഈ ത്രിശൂൽ അഭ്യാസങ്ങൾ ബീഹാർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണ്. മുസ്ലീം പിന്തുണയ്‌ക്കായി എന്നെ ഉപയോഗിക്കുന്നത് അവസാനിച്ചു. ഇന്ത്യൻ സൈന്യത്തിൻ്റെ കാവിവൽക്കരണം എനിക്ക് സഹിക്കാൻ കഴിയില്ല എന്ന് സോഫിയ ഖുറേഷി എന്ന വിവരണത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ത്രിശൂൽ സൈനികാഭ്യാസം രാഷ്ട്രീയ തന്ത്രമാണെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് ശബ്ദം എഡിറ്റ് ചെയ്ത വീഡിയോയാണെന്ന് വ്യക്തമായി.
കേണൽ സോഫിയ ഖുറേഷി ഏതെങ്കിലും വാർത്താസമ്മേളനത്തിൽ അത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കീവേഡുകൾ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രസ്തുത പരാമർശം കേണൽ സോഫിയ ഖുറേഷി നടത്തിയിരുന്നെങ്കിൽ ദേശീയ മാധ്യമങ്ങളിൽ പ്രധാന വാർത്തയാകുമായിരുന്നു.
തുടർന്ന് ഞങ്ങൾ വൈറൽ വീഡിയോ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചപ്പോൾ ഒക്ടോബർ 31 ന് ANI അപ്‌ലോഡ് ചെയ്ത എക്സ് പോസ്റ്റ് ലഭിച്ചു. ഇന്ത്യൻ ആർമിയുടെ ചാണക്യ ഡിഫൻസ് ഡയലോഗ് സംഘടിപ്പിച്ച യങ് ഇന്ത്യ ഫോറത്തിൽ "വീർ യുവ: ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കായി യുവാക്കളെ ശാക്തീകരിക്കൽ" എന്ന വിഷയത്തിൽ പ്രസംഗിക്കുന്ന കേണൽ സോഫിയ ഖുറേഷി എന്നാണ് പോസ്റ്റിൻ്റെ വിവരണം. വീഡിയോയുടെ പൂർണ രൂപം എഎൻഐയുടെ യൂട്യൂബ് പേജിലും കണ്ടെത്തി.
പ്രസംഗം പരിശോധിച്ചപ്പോൾ ബിജെപിയെന്നോ ആർഎസ്എസ് എന്നോ ബീഹാർ തെരഞ്ഞെടുപ്പുകളെക്കുറിച്ചോ ഖുറേഷി എവിടെയും പരാമർശിക്കുന്നതായി കണ്ടെത്താനായില്ല. വീഡിയോ ഡിജിറ്റലായി മാറ്റം വരുത്തിയ ക്ലിപ്പ് ആയിരിക്കാമെന്ന് സൂചന ലഭിച്ചു. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിലൂടെ വൈറൽ വീഡിയോ പരിശോധിച്ചു. വീഡിയോയിൽ എഐ ഉപയോഗിച്ചുള്ള മാറ്റത്തിൻ്റെ സാധ്യത 99 ശതമാനമാണെന്ന് കണ്ടെത്തി.
ഇതോടെ ത്രിശൂൽ സൈനികാഭ്യാസം രാഷ്ട്രീയ തന്ത്രമാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.