ഫാക്ട് ചെക്ക്: എഐഎംഐഎം നേതാവിൻ്റെ കാൽതൊട്ട് വന്ദിക്കുന്ന ബിജെപി നേതാവ്? പ്രചാരണം വ്യാജം
ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി - എഐഎംഐഎം സഖ്യമെന്ന തരത്തിലാണ് പ്രചാരണം
മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് എൻഡിഎ സഖ്യമായ മഹായുതിനേടിയത്. 29 കോർപ്പറേഷനുകളിൽ 25ലും ബിജെപി മുന്നണിയാണ് അധികാരത്തിലെത്തിയത്. ഇതിൽ 20ലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മുംബൈ കോർപറേഷനിലും ബിജെപി ഭരണം ഉറപ്പിച്ചു. 227 സീറ്റിൽ 118 സീറ്റുകളാണ് എൻഡിഎ മുന്നണിക്ക് ലഭിച്ചത്. ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും ചേർന്ന സഖ്യം 72 സീറ്റുകൾ നേടി. ഒറ്റക്ക് മൽസരിച്ച കോൺഗ്രസ് 24 സീറ്റിൽ വിജയിച്ചു. അസദുദ്ദീന്‍ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദും വലിയ നേട്ടമുണ്ടാക്കി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രബലരായ എൻസിപി ശരദ് പവാർ വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന എന്നിവർക്കും മുന്നിലാണ് എഐഎംഎം.
അതിനിടെ ബിജെപി നേതാവ് രവീന്ദ്ര ചവാൻ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവിൽ നിന്ന് അനുഗ്രഹം തേടിയെന്ന തരത്തിൽ സമൂഗ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ (ബിഎംസി) ബിജെപി എഐഎംഐഎം സഖ്യം. എംഐഎം നേതാവിൻ്റെ കാൽ തൊട്ട് വന്ദിക്കുന്ന ബിജെപി നേതാവ് രവീന്ദ്ര ചവാൻ എന്ന വിവരണത്തോടെയാണ് വീഡിയോ വൈറലാവുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
ബിജെപി നേതാവ് രവീന്ദ്ര ചവാൻ എഐഎംഐഎം നേതാവിൻ്റെ കാൽതൊട്ട് വന്ദിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോയിലുള്ളത് സിന്ദ് ആത്മീയ ഗുരുവാണെന്നും രാഷ്ട്രീയ നേതാവല്ലെന്നും കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2026 ജനുവരി 8 ലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. വൈറൽ വീഡിയോയിലെ ഭാഗങ്ങളാണ് പോസ്റ്റിലെ ചിത്രത്തിൽ. 'SVS Sai Chhotu Gurmukhdas Jagiasi' എന്ന പേജാണ് ഇത് പോസ്റ്റ് ചെയ്തത്.
പോസ്റ്റിൽ രവീന്ദ്ര ചവാൻ ഒരാളുടെ കാൽ തൊട്ട് വന്ദിക്കുന്നതായി കാണാം.
ലഭ്യമായ വിവരം പ്രകാരം പരിശോധനയിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയാണിതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ 2026 ജനുവരി 7 ന് ഉല്ലാസ് നഗറിൽ നടന്ന ഉല്ലാസ് നഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്ത ഒരു പൊതു റാലിയെക്കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ടിലുള്ള ചിത്രത്തിൽ വ്യക്തമായി കാണുന്ന ബാനർ തന്നെയാണ് വൈറൽ വീഡിയോയിലെ വേദിയിലെന്നും വ്യക്തമായി. താരതമ്യം ചുവടെ.
വിശദ പരിശോധനയിൽ 2026 ജനുവരി 8-ന് @love_you_sai_chhoturam എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സമാന വീഡിയോ കണ്ടെത്തി. "ഛോട്ടേ നവാബ് സായ് ഛോതൂറാം സാഹേബ്, മഹാരാഷ്ട്രയുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദേവേന്ദ്ര ജി ഫഡ്‌നാവിസിനും ശ്രീ രവീന്ദ്ര ചവാൻ ജിക്കും ഒപ്പം" എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ചിത്രത്തിലുള്ളയാൾ മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിൽ താമസിക്കുന്ന നീരജ് ജി ജാഗിയാസി എന്ന ആത്മീയ ഗുരുവാണെന്ന് കണ്ടെത്തി. സായ് ചോതുറാം എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി എഐഎംഐഎം സഖ്യമെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. ബിജെപി നേതാവ് രവീന്ദ്ര ചവാൻ എഐഎംഐഎം നേതാവിൻ്റെ അനുഗ്രഹം വാങ്ങിയെന്ന വൈറൽ വീഡിയോയിലെ അവകാശവാദം തെറ്റിധരിപ്പിക്കുന്നതാണ്. വൈറൽ വീഡിയോയിലുള്ളത് എഐഎംഐഎം നേതാവല്ല, സിന്ദ് ആത്മീയ നേതാവാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്ത ചടങ്ങിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ