ഫാക്ട് ചെക്ക്: ബംഗാളിൽ കേന്ദ്ര സേന അക്രമികളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യം? വസ്തുത അറിയാം
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസിൻ്റെ ചുമതല കേന്ദ്ര സേന ഏറ്റെടുത്തെന്നും അക്രമികൾക്കെതിരെ നടപടി തുടങ്ങിയെന്നുമാണ് വാദം
2026 ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പോലീസ് കമ്മീഷണർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റിയിരുന്നു. ,തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ നിരവധി ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. സംസ്ഥാനത്ത് കേന്ദ്ര സേനയുടെ സാന്നിധ്യത്തിന് പുറമെ 3,000 സായുധ പൊലീസ് ഉദ്യോഗസ്ഥരെ കൂടി കമ്മീഷൻ വ്യന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും തമ്മിൽ രൂക്ഷമായ വാക്‌പോര് തുടരുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ കത്തുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാനെത്തിയ പ്രതിനിധി സംഘത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അധിക്ഷേപിച്ചെന്നും ആരോപണമുയർന്നു .ഉദ്യോഗസ്ഥരുടെ പുനഃസംഘടനയെക്കുറിച്ചും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മാറ്റത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് കമ്മീഷണർ ഇത്തരത്തിൽ പ്രതികരിച്ചതെന്നും പ്രവർത്തകർ ആരോപിച്ചു.
അതിനിടെ, പശ്ചിമ ബംഗാളിലെ മാൾഡയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് തള്ളിയിടുന്ന ദൃശ്യമാണ് വൈറലാവുന്നത്. "ഇന്ത്യൻ സായുധ സേന ഇപ്പോൾ പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് നിയന്ത്രണം ഏറ്റെടുക്കുന്നു. ഇപ്പോൾ മാൾഡയിൽ, പ്രീണനമില്ല, സൈനിക ശൈലിയിലുള്ള ശുദ്ധമായ നടപടി മാത്രം" എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ചുമതല ഏറ്റെടുത്ത കേന്ദ്ര സേന ആളുകളെ അറസ്റ്റ് ചെയ്യുന്നുവെന്ന പ്രചാരണം വ്യാജമാണ്. വൈറൽ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സൈനികരുടെ യൂണീഫോമും എംബ്ലവും ഇന്ത്യൻ സൈന്യത്തിന്റേതല്ലെന്ന് വ്യക്തമായി. കൂടുതൽ പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ളത് ബംഗ്ലാദേശ് സായുധ സേനയുടെ 14-ാമത് സ്വതന്ത്ര എഞ്ചിനീയേഴ്‌സ് ബ്രിഗേഡിന്റെ ചിഹ്നവും "ബംഗ്ലാദേശ് ആർമി" എന്ന വാക്കുകളുമാണെന്ന് വ്യക്തമായി. ഇതിൽ നിന്നും ദൃശ്യം ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന സൂചന ലഭിച്ചു.
വീഡിയോയുടെ പശ്ചാത്തലം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ "മാണിക് നഗർ മോഡൽ ഹൈസ്കൂൾ" എന്നും "മുഗ്ദ താന സ്വേച്ഛസേവക് ദൾ" എന്നും ബംഗാളിയിൽ എഴുതിയ രണ്ട് സൈൻബോർഡുകൾ ശ്രദ്ധയിൽപ്പെട്ടു. ബംഗാളിയിൽ "മുഗ്ദ താന" എന്ന് ഗൂഗിളിൽ തിരയുമ്പോൾ സ്ഥലം ബംഗ്ലാദേശിലാണെന്ന് സൂചന നൽകുന്നു. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് മാണിക് നഗർ മോഡൽ ഹൈസ്കൂൾ തിരഞ്ഞു. വൈറൽ വീഡിയോയിലെ കീ ഫ്രേമിന് സമാനമായ പശ്ചാത്തലം സ്ടീറ്റ് വ്യൂവിലൂടെ കണ്ടെത്തി. താരതമ്യം ചുവടെ.
ലഭ്യമായ വിവരം പ്രകാരം നടത്തിയ വിശദമായ കീ വേഡ് പരിശോധനയിൽ, 2026 ഫെബ്രുവരി 12-ന് പ്രോ മീഡിയ എന്ന ചാനൽ പ്രസ്തുത വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ബംഗ്ലാദേശിലെ ധാക്ക ആസ്ഥാനമായുള്ള ഒരു പ്രദേശിക മാധ്യമമാണെന്ന് പ്രോ മീഡിയ എന്ന് പ്രൈാഫൈല്‍ ബയോ സൂചിപ്പിക്കുന്നു. ധാക്ക-9 മണ്ഡലത്തിലെ മണിക് നഗർ ഹൈസ്‌കൂളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതുവെന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ബംഗ്ലാദേശ് സായുധ സേനയുടെ 14-ാമത് സ്വതന്ത്ര എഞ്ചിനീയേഴ്‌സ് ബ്രിഗേഡിന്റെ ചിഹ്നവും "ബംഗ്ലാദേശ് ആർമി" എന്ന വാക്കുകൾ ആലേഖനം ചെയ്ത ഷീൽഡുമുണ്ട്.
ദി ഡെയ്ലി അമര്‍ പ്രാണര്‍ ബംഗ്ലാദേശ് എന്ന ബംഗ്ലാദേശി പ്രാദേശിക ചാനലും പങ്കുവെച്ച വീഡിയോയിൽ സോഷ്യല്‍ മീഡിയ പേജുകളിലും ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മാണിക് നഗര്‍ ഹൈ സ്‌കൂളിലെ പോളിംഗ് സേറ്റേഷനില്‍ എത്തിയ പുറത്തു നിന്നുള്ള മൂന്നാളുകളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യമന്നൊണ് ഈ പോസ്റ്റുകളിലും പറയുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ സാമ്പത്തിക വിദഗ്ദ്ധനും നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഏകദേശം രണ്ട് വർഷത്തോളം ഒരു ഇടക്കാല സർക്കാറിൻ്റെ നേതൃത്വത്തിലായിരുന്നു ബംഗ്ലാദേശ്. 2026 ഫെബ്രുവരി 12 നാണ് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
ഇതോടെ, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ചുമതല ഏറ്റെടുത്ത കേന്ദ്ര സേന അക്രമികളെ അറസ്റ്റ് ചെയ്യുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി