ഫാക്ട് ചെക്ക്: അസം റൈഫിൾസിലെ ആറ് സൈനികരെ കൊലപ്പെടുത്തിയോ?
പ്രത്യാക്രമണത്തിൽ ആറ് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്നാണ് പ്രചാരണം
അസം റൈഫിൾസിലെ ആറ് സൈനികരെ ഉൾഫ കൊലപ്പെടുത്തിയെന്ന് പ്രചാരണം
മ്യാന്മാര്‍ അതിര്‍ത്തിയിലെ തങ്ങളുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി വിഘടനവാദ സംഘടനയായ ഉൾഫ (ഐ). സഗായിംഗ് മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മുതിർന്ന നേതാക്കൾക്ക് ജീവൻ നഷ്‌ടമായെന്നാണ് പ്രതികരണം. നയൻ അസോം, ഗണേഷ് അസോം, പ്രദീപ് അസോം എന്നിങ്ങനെ മൂന്ന് മുതിർന്ന നേതാക്കളാണ് മരിച്ചതെന്ന് നിരോധിത സംഘടനയുടെ മ്യാൻമാറിലെ ഘടകമായ ഉൾഫ (ഐ) അറിയിചത്.
150ഓളം വരുന്ന ഇസ്രയേൽ - ഫ്രഞ്ച് നിർമ്മിതമായ ഡ്രോണുകൾ സഗായിംഗ് മേഖലയിലെ തങ്ങളുടെ മൊബൈൽ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്നും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടെന്നുമാണ് വാദം. എന്നാൽ ഉൾഫയും മണിപ്പൂരിലെ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടും (ആർപിഎഫ്) സാന്നിദ്ധ്യമറിയിക്കുന്ന ഇന്ത്യ - മ്യാൻമാർ അതിർത്തിയിലും തൊട്ടടുത്ത് നാഗാലാന്റിലെ ലോംഗ്‌വായിലും അരുണാചൽ പ്രദേശിലെ പാംഗ്‌സാവ് പാസിലും അത്തരം ആക്രമണം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പൊലീസും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. അതിനിടെ ഉൾഫ ഗ്രൂപ്പ് നടത്തിയ പ്രത്യാക്രമണത്തിൽ അസം റൈഫിൾസിലെ ആറ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന അവകാശ വാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്.
മ്യാൻമർ ആസ്ഥാനമായുള്ള ഉൾഫ ഗ്രൂപ്പിന്റെ പ്രത്യാക്രമണത്തിൽ ആറ് ഇന്ത്യൻ ആർമി അസം റൈഫിൾസ് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് എന്ന വിവരണത്തോടെ ദേശീയ പതാകകൾ കൊണ്ട് പൊതിഞ്ഞ ശവപേടകത്തിൻ്റെ ചിത്രം ഉപയോഗിച്ചാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
മ്യാൻമറിൽ ഉൾഫ ഗ്രൂപ്പ് നടത്തിയ പ്രത്യാക്രമണത്തിൽ അസം റൈഫിൾസിലെ ആറ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രം പഴയതാണെന്ന് കണ്ടെത്തി. ഒപ്പം അസം റൈഫിൾസിലെ സൈനികർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ കണ്ടെത്താനായില്ല.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ 2013 ആഗസ്റ്റിൽ ദ വാഷിംഗ്ടൺ പോസ്റ്റും ഷട്ടർസ്റ്റോക്കും പ്രസിദ്ധീകരിച്ച ചിത്രം ലഭിച്ചു. 2013 ഓഗസ്റ്റ് 6 ന് ജമ്മു കശ്മീരിലെ പൂഞ്ചിലെ സൈനിക കേന്ദ്രത്തിൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ കൊലപ്പെടുത്തിയ അഞ്ച് ഇന്ത്യൻ ആർമി സൈനികരുടെ ശവപേടകങ്ങളാണ് ചിത്രത്തിലെന്നാണ് വിവരണം.
തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കാൻ നടത്തിയ കീ വേഡ് സെർച്ചിൽ ഉൾഫയുടെ പ്രത്യാക്രമണത്തിൽ ആറ് അസം റൈഫിൾസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല. എന്നിരുന്നാലും, മ്യാൻമറിലെ സാഗൈംഗ് മേഖലയിലെ തങ്ങളുടെ ക്യാമ്പിൽ നടന്ന ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്ന് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായും ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ സൈന്യമാണെന്നും യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ - ഇൻഡിപെൻഡന്റ്) അവകാശപ്പെട്ടതുമായി ബന്ധപ്പെട്ട് 2025 ജൂലൈ 13 മുതൽ 14 വരെയുള്ള ദ ഹിന്ദു, ഇന്ത്യാ ടുഡേ തുടങ്ങിയ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ഇത്തരമൊരു ഓപ്പറേഷനെക്കുറിച്ച് വിവരമില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം. ഗുവാഹത്തി ആസ്ഥാനമായുള്ള ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്തിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ പങ്കാളിത്തം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നിഷേധിച്ചതായി റിപ്പോർട്ടിലുണ്ട്. സംസ്ഥാന സേനയോ കേന്ദ്ര സേനയോ അതിർത്തി കടന്നുള്ള ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ മ്യാൻമറിൽ ഉൾഫ ഗ്രൂപ്പ് നടത്തിയ പ്രത്യാക്രമണത്തിൽ അസം റൈഫിൾസിലെ ആറ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രം 2013 ആഗസ്റ്റ് 6 ന് ജമ്മു കശ്മീരിലെ പൂഞ്ചിലെ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടേതാണെന്ന് വ്യക്തമായി. ഒപ്പം അസം റൈഫിൾസിലെ സൈനികർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും വസ്തുത അന്വേഷണത്തിൽ കണ്ടെത്താനായില്ല.