ഫാക്ട് ചെക്ക്: കുവൈത്ത് പാക് വിസ പുനരാരംഭിച്ചത് ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയോ?

ഇന്ത്യൻ സംഘം കുവൈത്തിലെത്തി പാട്ടുപാടി, പാക് വിസ വിലക്ക് നീക്കി കുവൈത്ത് എന്നാണ

Update: 2025-06-09 03:46 GMT

ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെ പാക് വിസ പുനരാരംഭിച്ച് കുവൈത്തെന്ന് പ്രചാരണം


2025 മെയ് 26നാണ് ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെത്തിയത്.  അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഏകീകൃത നിലപാട് പങ്കുവയ്ക്കുന്നതിനായാണ് സർവകക്ഷി ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അബ്ദുല്ല സാദ് അൽ മൗഷർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ഉൾപ്പെടെ, ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിലെ സമാധാനവും വികസനവും തകർക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നുള്ള ഭീകരാക്രമണം തുടരുന്നത് പ്രതിനിധി സംഘം എടുത്തുകാട്ടി. രാജകുടുംബാംഗങ്ങൾ, മുൻ മന്ത്രിമാർ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങി കുവൈത്തിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. അതിനിടെ ഇന്ത്യൻ പ്രതിനിധി സംഘം ബോളിവുഡ് ഗാനം ആലപിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാകിസ്താനെതിരായ വിസ വിലക്ക് കുവൈത്ത് നീക്കിയതുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം. 2025 മെയ് 27ന് ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെത്തി ഗാനം ആലപിക്കുന്നു 2025 മെയ് 28ന് പാകിസ്താനെതിരായ വിസ വിലക്ക് കുവൈത്ത് നീക്കുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റ്. 19 വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് കുവൈത്ത് ഔദ്യോഗികമായി പുനരാരംഭിച്ചതുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.







 




വസ്തുത പരിശോധന:

ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെത്തിയതിന് പിന്നാലെ പാകിസ്താന്റെ വിസ വിലക്ക് കുവൈത്ത് നീക്കിയെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പാക് പൌരൻമാർക്കുള്ള വിസ വിതരണം കുവൈത്ത് പുനരാരംഭിച്ചതിന് ഇന്ത്യൻ സംഘത്തിന്റെ സന്ദർശനവുമായി ബന്ധമില്ല.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ കുവൈത്ത് സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പരിശോധിച്ചു.  ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമായി 2025 മെയ് 26 - 27 തീയതികളിൽ ഇന്ത്യൻ സംഘം കുവൈത്തിൽ എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പ് ലഭിച്ചു. സന്ദർശനത്തെ കുറിച്ച് ഡിഡി നൽകിയ റിപ്പോർട്ട് ലഭിച്ചു. പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അബ്ദുല്ല സാദ് അൽ-മൗഷർജിയുമായി സുപ്രധാന കൂടിക്കാഴ്ച നടത്തിയെന്നും ഭീകരരെയും അവരുടെ പിന്തുണക്കാരെയും തമ്മിൽ വേർതിരിക്കാത്ത 'സീറോ ടോളറൻസ്' നയവും ഭീകരതയെ നേരിടുന്നതിനുള്ള ഇന്ത്യയുടെ നടപടികളും വിശദീകരിച്ചു. ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഉപപ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഭീകരതയ്ക്ക് ന്യായീകരണമില്ലെന്ന കുവൈത്തിന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തെന്നുമാണ് റിപ്പോർട്ട്.

കുവൈത്ത് പാകിസ്താനെതിരായ വിസ വിലക്ക് നീക്കിയതിനെ കുറിച്ച് പരിശോധിച്ചു. 2025 മെയ് 24ന് ഗൾഫ് ന്യൂസ് നൽകിയ റിപ്പോർട്ടിൽ പാക് പൌരന്മാർക്ക് കുവൈത്ത് വിസ സേവനം പുനരാരംഭിച്ചെന്ന റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിർണായക തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായാണ് പാകിസ്താൻ പൗരന്മാർക്ക് വിവിധ തരം വിസകൾ നൽകുന്നത് കുവൈത്ത് സർക്കാർ ഔദ്യോഗികമായി പുനരാരംഭിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. 1,200  നഴ്‌സുമാരെ പാകിസ്താൻ ആദ്യ ഘട്ടത്തിൽ കുവൈത്തിലെത്തിക്കും.


 



മെയ് മാസം മുതൽ വർക്ക് വിസ, കുടുംബ വിസ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ എന്നിവ പുനരാരംഭിച്ചതായി കുവൈത്തിലെ പാകിസ്താൻ അംബാസഡർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചതായി 2025 മെയ് 24ന് മീഡിയവൺ നൽകിയ റിപ്പോർട്ടിലുണ്ട്.  ഇതോടെ ഇന്ത്യൻ പ്രതിനിധി സംഘം എത്തിയതിന് പിന്നാലെയാണ് കുവൈത്ത് പാക് വിസ നിരോധനം നീക്കിയതെന്ന വാദം തെറ്റാണെന്ന് കണ്ടെത്തി.

കുവൈത്തിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘം ബോളിവുഡ് ഗാനമാലപിച്ചെന്നും അവകാശവാദമുണ്ട്. പ്രചരിക്കുന്ന ദൃശ്യം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ രേഖ ശർമയാണ് ഗാനമാലപിക്കുന്നതെന്ന് വ്യക്തമാകും. തൊട്ടടുത്തായി അസദുദ്ദീൻ ഒവൈസിയുമുണ്ട്. കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ അൽജീരിയ സന്ദർശനത്തിനിടെയുള്ള രംഗങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഔദ്യോഗിക കൂടിക്കാഴ്ചക്കിടെ രേഖ ശർമ ജാനെ തു യാ ജാനെ നാ എന്ന ഗാനമാലപിച്ചെന്ന തലക്കെട്ടോടെ ഗുഡ് ന്യൂസ് ടുഡെ യൂട്യൂബിൽ ദൃശ്യമുൾപ്പടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Full View

2025 ജൂൺ നാലിനാണ് പോസ്റ്റ്. മെയ് മുതൽ ജൂൺ വരെയായിരുന്നു ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ അൽജീരിയ സന്ദർശനമെന്ന് അൽജീരിയയിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിലുണ്ട്. 

പ്രചാരണത്തെക്കുറിച്ചുള്ള രേഖ ശർമയുടെ പ്രതികരണം ലഭിച്ചു. നയതന്ത്ര നിമിഷത്തെ രാഷ്ട്രീയ വിദ്വേഷത്തിനായി വളച്ചൊടിക്കുന്നത് വേദനാജനകമാണെന്ന് അവർ എക്സിൽ കുറിച്ചു. അൽജീരിയക്കാർക്ക്  ഇഷ്ടപ്പെട്ട ഗാനം സൌഹാർദത്തിന്റെ പേരിലാണ് ആലപിച്ചതെന്നും ശർമ കുറിച്ചു.



ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെത്തിയതിന് പിന്നാലെ പാകിസ്താന്റെ വിസ വിലക്ക് കുവൈത്ത് നീക്കിയെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇന്ത്യൻ സംഘം കുവൈത്തിലെത്തുന്നതിന് മുൻപ് തന്നെ പാകിസ്താനുള്ള വിസ വിതരണം കുവൈത്ത് പുനരാരംഭിച്ചിരുന്നു. കുവൈത്തിലെത്തിയ പ്രതിനിധി സംഘം ഔദ്യോഗിക യോഗത്തിനിടെ ഗാനമാലപിച്ചെന്ന പ്രചാരണവും തെറ്റിധരിപ്പിക്കുന്നതാണ്. അൽജീരിയയിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. 

Claim :  ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെ പാക് വിസ പുനരാരംഭിച്ച് കുവൈത്ത്
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News