ഫാക്ട് ചെക്ക്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ള ക്ഷണം റദ്ദാക്കി? പ്രചാരണത്തിന്റെ വാസ്തവമെന്ത്
കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ക്ഷണം ഔദ്യോഗികമായി റദ്ദാക്കിയെന്നാണ് പ്രചാരണം
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്കുള്ള ക്ഷണം കാനഡ റദ്ദാക്കിയെന്ന് പ്രചാരണം
51-ാമത് ജി 7 ഉച്ചകോടി 2025 ജൂൺ 15 മുതൽ 17 വരെ കാനഡയിലെ ആൽബെർട്ടയിലെ കനനാസ്കിസിൽ നടക്കും. ആദ്യ ജി 7 യോഗത്തിന്റെ 50-ാം വാർഷികമാണ് ഈ വർഷത്തെ ഉച്ചകോടി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളാണ് ജി 7 കൂട്ടായ്മയിലെ അംഗങ്ങൾ. ആതിഥേയ രാഷ്ട്രമെന്ന നിലയിൽ, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സ്ഥിരത, ഡിജിറ്റൽ പരിവർത്തനം, ഭൗമരാഷ്ട്രീയ സമാധാനം തുടങ്ങിയ പ്രധാന വിഷയങ്ങളിലെ ചർച്ചയാണ് ഇത്തവണ കാനഡ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 6 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉച്ചകോടിയിൽ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. 2019ൽ ഫ്രാൻസിൽ നടന്ന ഉച്ചകോടി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിട്ടുണ്ട്. 2024 ജൂണില്‍ ഇറ്റലിയിലെ പുഗ്ലിയയില്‍ നടന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളില്‍ ഇന്ത്യ പങ്കെടുത്തിരുന്നു.
അതിനിടെ 51 ആമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ക്ഷണം കാനഡ ഔദ്യോഗികമായി റദ്ദാക്കി എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. ഇന്ത്യയുടെ വിദേശ നയങ്ങളിലെ പരാജയം എന്ന വിവരണത്തോടെയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം കാനഡ റദ്ദാക്കിയെന്ന തരത്തിലുള്ള പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
കാനഡയിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ക്ഷണം റദ്ദാക്കി എന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ഇത്തവണത്തെ ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ടിട്ടില്ല.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ 51-ാമത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണമില്ലാത്തതിനെ കുറിച്ച് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ ലഭിച്ചു. ദ ട്രിബൂൺ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലെന്നും ഇന്ത്യ പങ്കെടുക്കാൻ സാധ്യതയില്ലെന്നും 2025 ജൂൺ 2ന് നൽകിയ റിപ്പോർട്ട് ലഭിച്ചു. ജി 7 ഉച്ചകോടിയുടെ ആതിഥേയ രാജ്യത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിദേശ നയങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി രാഷ്ട്ര തലവൻമാരെ ക്ഷണിക്കാറുണ്ട്. കഴിഞ്ഞ ആറ് വർഷം തുടർച്ചയായി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിട്ടുണ്ട്. 2023 ജൂണിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഉച്ചകോടിയെന്നതെന്നും ട്രിബ്യൂൺ റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്.
ജി 7 ആതിഥേയ രാജ്യങ്ങൾ ചില രാജ്യങ്ങളെ അതിഥി രാജ്യങ്ങളായോ ഔട്ട്റീച്ച് പങ്കാളികളായോ ക്ഷണിക്കാറുണ്ട്. കാനഡ ഇതുവരെ യുക്രൈനും ഓസ്‌ട്രേലിയയ്ക്കുമാണ് ക്ഷണമുള്ളത്. മറ്റ് അതിഥി രാജ്യങ്ങളുടെ പേര് കാനഡ പുറത്തുവിട്ടിട്ടില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് നൽകിയ റിപ്പോർട്ടിലുണ്ട്. ഉച്ചകോടിക്കായുള്ള അതിഥി രാജ്യങ്ങൾക്കുള്ള ക്ഷണത്തിന്റെ സമയം അവസാനിക്കുകയാണെന്നും ഇന്ത്യ - കാനഡ ബന്ധത്തിലെ വിള്ളൽ അധികരിക്കുന്നതിന്റെ സൂചനയാണെന്നുമാണ് റിപ്പോർട്ടിലുള്ളത്.
കൂടുതൽ പരിശോധനയിൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണമില്ലാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വിമർശനത്തെക്കുറിച്ചുള്ള ദ ഹിന്ദു റിപ്പോർട്ട് ലഭിച്ചു. ആറ് വർഷത്തിനിടെ ഇതാദ്യമായാണ് 'വിശ്വഗുരു' ഉച്ചകോടിയിൽ പങ്കെടുക്കാത്തതെന്നും ഇത് വലിയ നയതന്ത്ര പാളിച്ചയാണെന്നുമാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പുതുതായി നിയമിതയായ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ജൂൺ ഒന്നിന് ഫോണിൽ ചർച്ച നടത്തിയതായും ഇന്ത്യൻ വംശജ കൂടിയായ അനിത ആനന്ദിനെ എസ് ജയ്ശങ്കർ ആശംസകൾ നേർന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിലുണ്ട്. കാനഡയിൽ മാർക്ക് കാർണെ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ - കാനഡ സംഭാഷണം.
ജി 7 ഉച്ചകോടിയിലേക്ക് കാനഡയിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നെങ്കിൽ പോലും, ഇന്ത്യ അത് പുനഃപരിശോധിക്കുമായിരുന്നെന്ന് ഡൽഹിയിലെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സ്ട്രാറ്റജിക് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടർ വിവേക് മിശ്ര പറഞ്ഞതായി സൌത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടിലുണ്ട്.
ഇതോടെ 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ക്ഷണം കാനഡ ഔദ്യോഗികമായി റദ്ദാക്കി എന്ന തരത്തിലുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇത്തവണത്തെ ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണമില്ലെന്നും ക്ഷണം റദ്ദാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണം വാസ്തവമല്ലെന്നും വ്യക്തമായി