ഫാക്ട് ചെക്ക്: ഇന്ത്യൻ പാർലമെൻ്റിൽ പാക് ഏജൻ്റുമാരുണ്ടെന്ന് ബിലാവേൽ ഭൂട്ടോ പറഞ്ഞോ?
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക് അസംബ്ലിയിൽ ഭൂട്ടോ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്താണ് പ്രചാരണം
ഇന്ത്യൻ പാർലമെൻ്റിൽ പാക് ഏജൻ്റുമാരുണ്ടെന്ന് ബിലാവേൽ ഭൂട്ടോ പറഞ്ഞെന്ന് പ്രചാരണം
പാർലമെൻ്റ് വർഷകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ നിരവധി ആരോപണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വലതുപക്ഷ അക്കൌണ്ടുകൾ പ്രചരിപ്പിക്കുന്നത്.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ‘പാകിസ്ഥാൻ ഏജൻ്റുമാർ ഇന്ത്യൻ പാർലമെന്റിൽ ഉണ്ട്’ എന്ന് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സ്പ്ലിറ്റ് സ്‌ക്രീനിലുള്ള വീഡിയോയിൽ ബിലാവേൽ ഭൂട്ടോ പാകിസ്ഥാൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് "രാത്രിയുടെ ഇരുട്ടിൽ ആരാണ് ആക്രമണം നടത്തുന്നത്? പാർലമെൻ്റിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നിൽ പോലും നമുക്ക് നമ്മുടെ പ്രചാരണവേല നടത്താം. നമ്മുടെ ആളുകൾ അവരുടെ (ഇന്ത്യൻ) പാർലമെൻ്റിൽ ഇരിക്കുന്നു" ഇതിനോടൊപ്പം, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ലോക്‌സഭയിൽ നടത്തിയ സമീപകാല പ്രസംഗവും ക്ലിപ്പിൽ കാണാം. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയ് ഉന്നയിച്ചത്. ഏപ്രിൽ 22ന്, അഞ്ചു ഭീകരർ എങ്ങനെ പഹൽഗാമിൽ എത്തിയെന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു. പഹൽഗാമിൽ വിനോദസഞ്ചാരികളെ നിഷ്കരുണം കൊലപ്പെടുത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഓപ്പറേഷൻ സിന്ദൂർ എങ്ങനെ വിജയമാണെന്ന് പറയാനാകുമെന്നുമാണ് ഗൌരവ് ഗൊഗോയ് ഉന്നയിച്ച ചോദ്യം.
പ്രചാരണത്തിന്റെ പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
പാകിസ്ഥാൻ ഏജൻ്റുമാർ ഇന്ത്യൻ പാർലമെന്റിൽ ഉണ്ട് എന്ന് പാക് എംപിയുടെ പാകിസ്ഥാൻ പീപിൾസ് പാർട്ടി നേതാവുമായ ബിലാവേൽ ഭൂട്ടോ പാക് പാർലമെൻ്റിൽ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ നടന്ന പാക് അസംബ്ലിയിൽ ഇന്ത്യൻ ആക്രമണത്തെ വിമർശിക്കുകയാണ് ബിലാവേൽ ഭൂട്ടോ. വൈറൽ വീഡിയോയിലുള്ള ഭാഗം യഥാർഥ പ്രസംഗത്തിൽ ഇല്ലെന്ന് കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ ബിലാവൽ ഭൂട്ടോയുടെ വീഡിയോയുടെ കീഫ്രെയിമുകളിൽ റിവേഴ്‌സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ 2025 മെയ് 7 ന് പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലെ തത്സമയ സംപ്രേഷണത്തിൻ്റെ ലിങ്ക് ലഭിച്ചു. പിടിവി പാർലമെൻ്റ് എന്ന യൂട്യൂബ് ചാനലലിലാണ് തത്സമയ സംപ്രേഷണം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംപ്രേഷണത്തിൻ്റെ ഏകദേശം 41:14 മിനിറ്റിൽ, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ബിലാവേൽ ഭൂട്ടോ നിയമസഭയെ അഭിസംബോധന ചെയ്ത് പറയുന്നത് കേൾക്കാം, "രാത്രിയുടെ ഇരുട്ടിൽ ആരാണ് ആക്രമിക്കുന്നത്? രാത്രിയുടെ ഇരുട്ടിൽ കള്ളന്മാർ ആക്രമിക്കുന്നു. രാത്രിയുടെ ഇരുട്ടിൽ ഭീരുക്കൾ ആക്രമിക്കുന്നു. അവർക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ, അവർ പകൽ വെളിച്ചത്തിൽ യുദ്ധം പ്രഖ്യാപിക്കുമായിരുന്നു." എന്നാണ് ബിലാവേൽ ഭൂട്ടോ പറയുന്നത്. ഏഴ് മിനിറ്റിലധികം ബിലാവേൽ ഭൂട്ടോ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും ഈ ഭാഗത്തൊന്നും പ്രചാരണത്തിലുള്ള ഭാഗം കണ്ടെത്താനായില്ല.
പിടിവിയിലെ തത്സമയ ദൃശ്യങ്ങൾ വൈറലായ വീഡിയോയുമായി സാമ്യമുള്ളതായി കണ്ടെത്തി. ബിലാവേൽ ഭൂട്ടോയ്ക്ക് സമീപമുള്ള മറ്റ് പ്രതിനിധികളും അവരുടെ വസ്ത്രങ്ങളും പ്രചരിക്കുന്ന വീഡിയോയിലും പ്രസ്തുത വീഡിയോയിലും സമമാണ്. എന്നിരുന്നാലും, വൈറൽ അവകാശപ്പെടുന്നതുപോലെ, "ഇന്ത്യൻ പാർലമെൻ്റിലെ ആളുകളെക്കുറിച്ച് പാകിസ്ഥാൻ നേതാവ് നടത്തിയ പരാമർശങ്ങൾ ബിലാവേലിൻ്റെ പ്രസംഗത്തിലെവിടെയും കണ്ടെത്താനായില്ല.
കൂടുതൽ പരിശോധനയിൽ പാകിസ്ഥാൻ ദേശീയ അസംബ്ലിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും 2025 മെയ് 7-ന് ബിലാവേൽ ഭൂട്ടോയുടെ പ്രസംഗം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതിൽ ആരോപിക്കപ്പെടുന്ന പ്രസ്താവന ഉണ്ടായിരുന്നില്ല, ഇത് വൈറൽ വീഡിയോയിൽ കൃത്രിമം നടന്ന സൂചന നൽകുന്നുണ്ട്.
ബിലാവേൽ ഭൂട്ടോ ഇന്ത്യൻ പാർലമെൻ്റിൽ പാകിസ്ഥാന് ഏജൻ്റുമാരുണ്ടെന്ന പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നറിയാൻ കീ വേഡ് പരിശോധന കൂടി നടത്തി. എന്നാൽ പാക് മാധ്യമങ്ങളോ ഇന്ത്യൻ മാധ്യമങ്ങളോ നൽകിയ വിശ്വസിനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.
പാകിസ്ഥാൻ ഏജൻ്റുമാർ ഇന്ത്യൻ പാർലമെന്റിൽ ഉണ്ട് എന്ന് പാക് എംപിയുടെ പാകിസ്ഥാൻ പീപിൾസ് പാർട്ടി നേതാവുമായ ബിലാവേൽ ഭൂട്ടോ പാക് പാർലമെൻ്റിൽ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ നടന്ന പാക് അസംബ്ലിയിൽ ബിലാവേൽ സംസാരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. രാത്രിയിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ വിമർശിക്കുകയാണ് ബിലാവേൽ ഭൂട്ടോ. ഏഴ് മിനിറ്റിലധികം അദ്ദേഹം അസംബ്ലിയിൽ സംസാരിക്കുന്നുണ്ടെങ്കിലും പാക് ഏജൻ്റുമാർ ഇന്ത്യൻ പാർലമെൻ്റിലുണ്ടെന്ന പരാമർശം നടത്തുന്നില്ല. വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്ത വാചകമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി