ലോകത്തിലെ ഏറ്റവും അഴിമതിയുള്ള പാർട്ടികളിൽ കോൺഗ്രസ് ? പ്രചാരണത്തിൻ്റെ വസ്തുതയെന്ത്?
ബിബിസി പട്ടികയിൽ കോൺഗ്രസ് നാലാമത് എന്നാണ് പ്രചാരണം
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ് . നവംബർ 14നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ 17 പുതിയ പദ്ധതികൾ നടപ്പിലാക്കിയെന്നും ഈ പദ്ധതികൾ ഇന്ത്യയിലെ മറ്റ് തെരഞ്ഞെടുപ്പുകളിലും നടപ്പിലാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ബിഹാറില്‍ ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപണം. ഭൂരിഭാഗവും 2020-ല്‍ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുളളവരാണെന്നും ദളിത്, മുസ്‌ലീം വനിതാ വോട്ടര്‍മാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യംവെച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ കോൺഗ്രസിനെതിരെ കടുത്ത അഴിമതി ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വൈറലാവുകയാണ്. ബിബിസിയുടെ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടികളുടെ പട്ടികയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശവാദം. പാകിസ്താൻ മുസ്ലിം ലീഗ്, നാഷണൽ റെസിസ്റ്റൻസ് മൂവ്മെൻ്റ് (ഉഗാണ്ട), പ്രോഗ്രസീവ് ആക്ഷൻ പാർട്ടി (ക്യൂബ) എന്നിവയ്ക്ക് പിന്നിലായി നാലാം സ്ഥാനത്ത് കോൺഗ്രസെന്ന് സൂചിപ്പിക്കുന്ന ഗ്രാഫിക്സ് കാർഡാണ് പ്രചരിക്കുന്നത്. എക്സിൽ exsecular എന്ന അക്കൌണ്ടിലെ പോസ്റ്റ് നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേർ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ബിബിസിയുടെ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടികളുടെ പട്ടികയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ബിബിസി ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീ വേഡുകൾ ഉപയോഗിച്ച് ബിബിസി ഇത്തരത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ബിബിസി റിപ്പോർട്ടുകൾ ഒന്നും ലഭ്യമായില്ല. മറിച്ച് ലോകത്തിലെ ഏറ്റവും അഴിമതിയുള്ള 10 രാഷ്ട്രീയ പാർട്ടികൾ എന്ന അവകാശവാദം 2018ലും പ്രചരിച്ചിരുന്നുവെന്ന് കണ്ടെത്തി. വസ്തുതാന്വേഷണ ഏജൻസികൾ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 2018ൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എക്സിൽ ബിബിസി ന്യൂസ് ഹബ് എന്ന ലിങ്ക് പങ്കുവെച്ചാണ് സമാന പോസ്റ്റ് പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും അഴിമതിയുള്ള രണ്ടാമത്തെ പാർട്ടിയാണ് കോൺഗ്രസെന്നായിരുന്നു ഗിരിരാജ് സിങ്ങിൻ്റെ പോസ്റ്റ്. പോസ്റ്റ് പിന്നീട് പിൻവലിച്ചു.
ബിബിസി ന്യൂസ് ഹബ് എന്ന വെബ്സൈറ്റ് പരിശോധിച്ചപ്പോൾ പേജ് ലഭ്യമല്ലെന്ന് കണ്ടെത്തി. ബിബിസിയുടെ വ്യാജ വെബ്സൈറ്റാണ് ബിബിസി ന്യൂസ് ഹബ്ബെന്നും റിപ്പോർട്ടിലുണ്ട്.
വിശദ പരിശോധനയിൽ സർവേയുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളൊന്നും ബിബിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കണ്ടെത്താനായില്ല. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വ്യാജ പ്രചാരണങ്ങൾ എന്ന തലക്കെട്ടിൽ ബിബിസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി. നിരവധി പ്രചാരണങ്ങൾ വ്യാജമാണെന്ന് പരാമർശിക്കുന്ന റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും അഴിമതിയുള്ള നാലാമത്തെ പാർട്ടി കോൺഗ്രസെന്ന് ബിബിസി സർവെയെന്നതും വ്യാജമാണെന്ന് വ്യക്തമാക്കുണ്ട്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്നില്ലെന്നും ബിബിസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ലോകത്തിലെ ഏറ്റവും അഴിമതിയുള്ള നാലാമത്തെ പാർട്ടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിബിസി സർവെ റിപ്പോർട്ടിൽ ഇടപിടിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ബിബിസി ഇത്തരം സർവെ നടത്തിയിട്ടില്ലെന്നും വ്യാജ വെബ്സൈറ്റിൽ വന്ന റിപ്പോർട്ടാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി.