ഫാക്ട് ചെക്ക്: ഹിമാചൽ പ്രദേശിലെ ചമ്പയിൽ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെടുന്ന ട്രക്ക്? വാസ്തവമെന്ത്

ഇൻഡൊനേഷ്യയിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്

Update: 2025-08-12 04:21 GMT

ഹിമാചൽ പ്രദേശിലെ ചമ്പയിൽ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെടുന്ന ട്രക്കെന്ന് പ്രചാരണം

ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയും മേഘവിസ്ഫോടനവും കടുത്ത ആഘാതമാണ് സംസ്ഥാനത്തുണ്ടാക്കിയത്. നിരന്തരമായ പ്രകൃതി ദുരന്തങ്ങളിൽ സുപ്രിം കോടതിയും ആശങ്ക പ്രകടിപ്പിച്ചു. കാര്യങ്ങൾ മാറ്റമില്ലാതെ പോകുകയാണെങ്കിൽ ഹിമാചൽ പ്രദേശ് അധികം വൈകാതെ ഭൂപടത്തിൽ നിന്ന് ഇല്ലാതാകുമെന്ന് കോടതി പറഞ്ഞു. മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്കാണ് ഹിമാചൽ ഇപ്പോൾ എത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം പ്രകടമാണെന്നും ആഘാതങ്ങൾ ഭയാനകമാണെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.  സംസ്ഥാനത്തെ പാരിസ്ഥിതിക വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. നിരന്തരമുണ്ടാകുന്ന മണ്ണിടിച്ചില്‍ , വെള്ളപ്പൊക്കം, തത്ഫലമായുണ്ടാകുന്ന വലിയതോതിലുള്ള മനുഷ്യ ജീവന്‍റെ നാശം തുടങ്ങിയവയും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന നഗര-ആസൂത്രണ വകുപ്പ് ഹരിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്ത് നിര്‍മ്മാണം തടഞ്ഞ് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.   

2025 ജൂലൈയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടമാണ് ഹിമാചലിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 280 ലധികം റോഡുകൾ അടച്ചുപൂട്ടി. വൈദ്യുതി, ജലവിതരണം എന്നിവയും തകരാറിലായി, 314 ട്രാൻസ്‌ഫോർമറുകളും 221 കുടിവെള്ള പദ്ധതികളും പ്രവർത്തനരഹിതമായി. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ ഉൾപ്പടെയുള്ള അപകടങ്ങളുടെ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു ട്രക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഹിമാചൽ പ്രദേശിലെ ചമ്പയിൽ നിന്നുള്ളതാണെന്നാണ് അവകാശവാദം. പോസ്റ്റും ലിങ്കും ചുവടെ.




 




വസ്തുത പരിശോധന:

കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായ ഹിമാചൽ പ്രദേശിലെ ചമ്പയിൽ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെടുന്ന ട്രക്കെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ  വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ 2024 മെയ് 18 ന് പ്രസിദ്ധീകരിച്ച നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. സമാന ദൃശ്യമാണ് റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമായി. റിപ്പോർട്ടുകൾ പ്രകാരം, 2024 മെയ് 17-ന് ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്ര പ്രവിശ്യയിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചാണ് റിപ്പോർട്ട്. എസ്‍സിടിവി റിപ്പോർട്ടിൽ പ്രസ്തുത സംഭവത്തിൻ്റെ ദൈർഘ്യമേറിയ വീഡിയോ കാണാം. മണ്ണിടിച്ചിലിനെകുറിച്ച് യാത്രക്കാർക്ക് ഒരാൾ അപായ സൂചന നൽകുന്നതും മണ്ണിടിയുമ്പോൾ ട്രക്ക് തലനാരിഴിയയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്. തുടർന്നുള്ള ദൃശ്യങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് അപകട സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും കാണാം.

Full View

2024 മെയ് 11 ന് വൈകീട്ടാണ് ഇൻഡൊനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിൽ മൗണ്ട് മറാപി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായത്. വെള്ളപ്പൊക്കം നാല് ജില്ലകളെ സാരമായി ബാധിച്ചു. അഗം, തനാഹ് ദത്തർ, പഡാങ് പൻജാങ്, പഡാങ് പരിയാമാൻ എന്നീ ജില്ലകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കുറഞ്ഞത് 67 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ പറയുന്നു.

കനത്ത മഴ വെള്ളപ്പൊക്കം, മണ്ണിടിച്ചിലിനും പുറമെ തണുത്ത ലാവാ പ്രവാഹത്തിനും കാരണാമായതായി റിപ്പോർട്ടിലുണ്ട്. അഗ്നിപർവ്വത ചാരം, പാറയുടെ അവശിഷ്ടങ്ങൾ വെള്ളത്തോട് ചേർന്നുണ്ടാവുന്ന ചെളി പോലുള്ള മിശ്രിതം മൂന്ന് ജില്ലകളെയും ഒരു പട്ടണത്തെയും ബാധിച്ചു. ഇൻഡൊനേഷ്യയിൽ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാ പ്രവാഹം സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നായ മൗണ്ട് മറാപിയിൽ നിന്നാണ് ഉത്ഭവിച്ചത്. 2023 ഡിസംബറിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തിൻ്റെ അവശിഷ്ടങ്ങളാണ് കനത്ത മഴയിൽ ജനജീവിതം സ്തംഭിപ്പിച്ചത്.

കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായ ഹിമാചൽ പ്രദേശിലെ ചമ്പയിൽ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെടുന്ന ട്രക്കെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. ഇൻഡൊനേഷ്യയിലെ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയെ തുടർന്ന് 2024 മെയ് 11നുണ്ടായ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ട്രക്കിൻ്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി

Claim :  ഹിമാചൽ പ്രദേശിലെ ചമ്പയിൽ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെടുന്ന ട്രക്ക്
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News