ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് അപകടത്തിൽപ്പെട്ട എയർ ഇന്ത്യയിലെ യാത്രക്കാരുടെ ദൃശ്യങ്ങളല്ല
യാത്രക്കാർ പരിഭ്രാന്തിയിൽ അല്ലാഹു അക്ബർ എന്ന് മന്ത്രിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്
അപകടത്തിൽപ്പെട്ട എയർ ഇന്ത്യയിലെ യാത്രക്കാർ അല്ലാഹു അക്ബർ എന്ന് മന്ത്രിക്കുന്നുവെന്ന് പ്രചാരണം
അഹമ്മദാബാദ് വിമാന അപകടത്തെ കുറിച്ച് പഠിക്കാൻ യുഎസ് യുകെ വിദഗ്ധ സംഘം അഹമ്മദാബാദിൽ എത്തി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ സംഘവുമായി സഹകരിച്ച് വിദഗ്ധ സംഘം പ്രവർത്തിക്കും. വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സംഘം തയ്യാറാക്കും. ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഭാവിയില്‍ ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതെ വ്യോമയാന മേഖലയില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കും. അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. 92 പേരുടെ ഡിഎൻഎ സാമ്പിളുകളുടെ പരിശോധന പൂർത്തിയായി. ഇതിൽ 47 പേരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ട് നൽകിയിട്ടുണ്ടെന്ന് ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. ജൂൺ 12 നായിരുന്നു അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ, വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയർന്നതിന് തൊട്ടുപിന്നാലെ അപകടത്തിൽ പെട്ടത്. 230 യാത്രക്കാരും 12 ജിവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 241 പേർ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും 7 പോർച്ചുഗീസുകാരുമാണ് മരിച്ചത്.
അതിനിടെ അപകടത്തിൽപെടുന്നതിന് മുൻപ് വിമാനത്തിൽ യാത്രക്കാർ പരിഭ്രാന്തരാകുന്ന ദൃശ്യമെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. അല്ലാഹു അക്ബർ എന്ന് യാത്രക്കാർ പരിഭ്രാന്തിയോടെ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
അഹമ്മദാബാദിൽ അപകടത്തിൽ പെട്ട വിമാനത്തിനകത്തെ ദൃശ്യങ്ങളെന്ന തരത്തിൽ പ്രചരിക്കുന്ന യാത്രക്കാർ അല്ലാഹു അക്ബർ എന്ന് മന്ത്രിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണ്. 2024 സെപ്റ്റംബറിലെ എയർ അൽജീരിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ്
പ്രചാരണത്തിന്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന ദൃശ്യങ്ങൾ 2024 സെപ്റ്റംബറിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2024 സെപ്റ്റംബർ 25ന് സ്പുട്നിക് അറബിക്കിന്റെ എക്സ് പോസ്റ്റിൽ ഇസ്താംബൂളിലേക്കുള്ള എയർ അൽജീരിയ സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയതിനെ കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ. ഇസ്താംബൂളിലേക്ക് പോകുകയായിരുന്ന എയർ അൽജീരിയ വിമാനം സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതിന്റെ ദൃശ്യം. യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയും വിമാനത്തിനുള്ളിൽ "അല്ലാഹു അക്ബർ" (ദൈവം വലിയവനാണ്) എന്ന വിളിക്കുന്നത് കാണാം (അറബിയിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ എഷുറൂഖ് ഓൺലൈൻ നൽകിയ റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പ്രകാരം 2024 സെപ്റ്റംബർ 23 നാണ് സംഭവം നടന്നത്, അൾജീരിയയിൽ നിന്ന് (അൾജിയേഴ്‌സ് ഇന്റർനാഷണൽ എയർപോർട്ട്) തുർക്കിയയിലെ ഇസ്താംബൂളിലേക്ക് പറന്നുയർന്ന എയർ അൽജീരിയ വിമാനത്തിലെ യാത്രക്കാർ വിമാനത്തിലെ സാങ്കേതിക തകരാറിനെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലാഹു അക്ബർ എന്ന് മന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്നാണ് റിപ്പോർട്ട്. പ്രസ്തുത റിപ്പോർട്ടിൽ 'ഇൻഫോ ട്രാഫിക് അൽജേരി' എന്ന പേജ് പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോ നൽകിയിട്ടുണ്ട്. വൈറൽ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളാണ് പോസ്റ്റിൽ. സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ അൽജിയേഴ്‌സിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള AH3018 വിമാനത്തിനുള്ളിലെ ദൃശ്യം എന്നാണ് പോസ്റ്റിലെ വിവരണം.
സംഭവത്തെക്കുറിച്ച് അൽജസീറ നൽകിയ റിപ്പോർട്ട് ലഭിച്ചു. AH3018 വിമാനത്തിനുള്ളിലെ മറ്റൊരു ദൃശ്യമാണ് അൽജസീറ ഉപയോഗിച്ചത്. ഇതിലും യാത്രക്കാർ അല്ലാഹു അക്ബർ എന്ന് മന്ത്രിക്കുന്നത് കേൾക്കാം. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടതിനെത്തുടർന്ന് വിമാനം ഹൗരി ബൗമെഡീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയതെന്ന് റിപ്പോർട്ടിലുണ്ട്.
അഹമ്മദാബാദിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിനകത്തെ ദൃശ്യങ്ങളെന്ന തരത്തിൽ പ്രചരിക്കുന്ന യാത്രക്കാർ അല്ലാഹു അക്ബർ എന്ന് മന്ത്രിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2024 സെപ്റ്റംബറിൽ സാങ്കേതിക തകരാരിനെ തുടർന്ന് അൽജീരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ അൽജീരിയ - ഇസ്താംബൂൾ എയർ അൽജീരിയ വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമായി