ഫാക്ട് ചെക്ക്: ലാഹോർ വിമാനത്താവളത്തിൽ തീപിടിത്തം? പ്രചരിക്കുന്നത് 2024ലെ ദൃശ്യം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം
ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തമെന്ന് പ്രചാരണം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ നടപടി തുടരുകയാണ്. നയതന്ത്ര നടപടിയും ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാറുകളിൽ നിന്നുള്ള പിൻമാറ്റത്തിനും പുറമെ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നുവിട്ടതോടെ പാക് അധീന കാശ്മീരിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച ചൈനയുടെ നടപടിയെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. അതിനിടെ ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. പാക് സൈനികർ കൊല്ലപ്പെട്ടെന്നും അവകാശവാദമുണ്ട്. പരീക്ഷണ മിസൈൽ തകർന്നുവീണാണ് തീപിടിത്തമെന്നാണ് വിവരണം. വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് മിസൈൽ തകർന്ന് വീണ് ലാഹോർ വിമാനത്താവളത്തിൽ തീപിടിത്തം. 14 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. അഫ്ഘാനിസ്താനിലെ ലിബറേഷൻ ഫോഴ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നിങ്ങനെയാണ് പോസ്റ്റുകളുടെ വിവരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
പാകിസ്താനിലെ ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ മിസൈൽ തകർന്നു വീണ് തീപിടിത്തമുണ്ടായെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 14 പാകിസ്താൻ സൈനികർ മരിച്ചെന്ന് ഉൾപ്പടെയുള്ള അവകാശവാദം വ്യാജമാണ്. 2024ലെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ പാകിസ്താനിലെ പ്രാദേശിക മാധ്യമമായ ഓസിൻത് ടിവി എക്സിൽ പങ്കുവെച്ച സമാന വീഡിയോ കണ്ടെത്തി. ലാഹോർ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. കടുത്ത പുകയെ തുടർന്ന് ലാഹോറിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ലാഹോറിലേക്ക് പോകുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം തിരിച്ചു പറന്നു. ദുബൈയിൽ നിന്ന് ലാഹോറിലേക്ക് പോകുന്ന രണ്ട് വിമാനങ്ങൾ ഇസ്ലാമാബാദിലേക്ക് തിരിച്ചുവിട്ടു, ദുബൈ ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് നാല് വിമാനങ്ങൾ ലാഹോർ വിമാനത്താവളത്തിൽ ഇറക്കി എന്ന വിവരണത്തോടെ 2024 മെയ് 9നാണ് പോസ്റ്റ്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ പാക് ദേശീയ മാധ്യമമായ ജിയോ ന്യൂസ് നൽകിയ റിപ്പോർട്ട് ലഭിച്ചു. ലാഹോർ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇമിഗ്രേഷൻ കൗണ്ടറുകളുടെ സീലീങ്ങിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കടുത്ത പുകയാണ് വിമാന സർവീസുകളെ ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോൺ ഉൾപ്പടെയുള്ള മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 മെയ് 9-ന് സിഎൻഎൻ ന്യൂസ്18-ൽ സമാന ദൃശ്യം ഉപയോഗിച്ചതായി കണ്ടെത്തി. അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വാർത്തയിലുണ്ട്.
പാകിസ്താനിലെ ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ മിസൈൽ തകർന്നു വീണ് തീപിടിത്തമുണ്ടായെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2024ൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും വ്യക്തമായി.