ഫാക്ട് ചെക്ക്: ഡൽഹി സ്ഫോടനത്തിന് പിന്നിൽ ആർഎസ്എസെന്ന് പ്രതിരോധ മന്ത്രി? പ്രചാരണം വ്യാജം

ആർഎസ്എസ് നേതാക്കൾ മുസ്ലിം യുവാക്കളെ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് രാജ്നാഥ് സിങ് പറഞ്ഞെന്നാണ് പ്രചാരണം

Update: 2026-01-13 03:36 GMT

അതിനിടെ ആർഎസ്എസ് നേതാക്ക് ഡൽഹി സ്ഫോടനത്തിൽ പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്. , "ഇന്ന് നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ചില മോശം ആർ‌എസ്‌എസ് (രാഷ്ട്രീയ സ്വയംസേവക സംഘം) തീവ്രവാദികൾ നമ്മുടെ മുസ്ലീം യുവാക്കളെ സർക്കാരിനെതിരെ പ്രകോപിപ്പിക്കുകയാണ്. ഡൽഹി സ്ഫോടനത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ, പിടിക്കപ്പെട്ട മുസ്ലീം ഡോക്ടർ വെറും ഒരു കരു മാത്രമാണെന്ന് ഞങ്ങൾ കണ്ടെത്തി. യഥാർത്ഥ പ്രശ്നം മോശം ആർ‌എസ്‌എസ് പ്രവർത്തകർ അവരുടെ പിന്നിലുണ്ടായിരുന്നു എന്നതാണ്. നമ്മുടെ സമൂഹം അവരുടെ പിടിയിലാകുന്നു. അവർ ആർ‌എസ്‌എസിൻ്റെ പ്രത്യയശാസ്ത്രമനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകുകയാണ്." എന്നിങ്ങനെയാണ് വീഡിയോയിൽ രാജാനാഥ് സിങ് പറയുന്നത്.

പാകിസ്താൻ അനുകൂല അക്കൌണ്ടുകളിൽ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. “ബ്രേക്കിംഗ്: ഡൽഹി സ്ഫോടനത്തിൽ മുസ്ലിം യുവാക്കളെ തെമ്മാടികളായ ആർഎസ്എസ് നേതാക്കളാണ് നിയന്ത്രിച്ചതെന്ന് രാജ്നാഥ് സിംഗ് സമ്മതിക്കുന്നു. ഇന്ത്യയിലുടനീളം ഭീകരവാദം വ്യാപിപ്പിക്കുന്നതിൽ ആർഎസ്എസിൻ്റെ പങ്കിനെക്കുറിച്ച് ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനിൽ നിന്നുള്ള ആദ്യത്തെ തുറന്നുസമ്മതമാണ് ഇത്. മോദി രാജിവെക്കണം.” എന്ന വിവരണത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ




 



വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ


വസ്തുത പരിശോധന:

ഡൽഹി സ്ഫോടനത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമായി.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ പ്രസക്തമായ കീ വേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കേന്ദ്ര പ്രതിരോധ മന്ത്രിയിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രസ്താവനയുണ്ടായതായി റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. പ്രതിരോധ മന്ത്രിയിൽ നിന്നോ മറ്റ് സഭാംഗങ്ങളിൽ നിന്നോ ഇത്തരം പ്രസ്താവനയുണ്ടായാൽ അത് മാധ്യമങ്ങളിൽ പ്രധാന വാർത്തയാകുമായിരിന്നു.

തുടർന്ന് വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2026 ജനുവരി 2ന് രാജ്നാഥ് സിങ്ങിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം പ്രക്ഷേപണം ചെയ്ത ഒരു വീഡിയോ കണ്ടെത്തി. ഉദയ്പൂരിൽ നടന്ന ഭൂപാൽ നോബൽസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക ദിന പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോയെന്ന് വീഡിയോ വിവരണത്തിലുണ്ട്. വൈറൽ വീഡിയോയിൽ കാണുന്ന വസ്ത്രമാണ് കേന്ദ്ര മന്ത്രി വീഡിയോയിൽ ധരിച്ചിരിക്കുന്നത്.  പ്രസ്തുത പരിപാടിയിൽ മന്ത്രി വൈറൽ വീഡിയോയിൽ അവകാശപ്പെടുന്ന പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു.

Full View

സർവകലാശാലയും 104-ാം സ്ഥാപക ദിനത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത പ്രതിരോധ മന്ത്രി ആർഎസ്എസിനെതിരെ എവിടെയും പരാമർശിക്കുന്നതായി കണ്ടെത്താനായില്ല. എന്നാൽ ഡൽഹി സ്ഫോടനം മന്ത്രി പരാമർശിക്കുന്നുണ്ട്. ".. ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കാണപ്പെടുന്നു. ഇന്ന്, വൈറ്റ് കോളർ ഭീകരത പോലുള്ള ഭയാനകമായ പ്രവണതകൾ രാജ്യത്ത് ഉയർന്നുവരുന്നു, അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിനും രാജ്യത്തിനും എതിരായി പ്രവർത്തിക്കുന്നു. ഡൽഹി ബോംബ് സ്ഫോടനങ്ങൾ നടത്തിയത് ആരാണ്? കുറിപ്പടി എഴുതുന്നതിനുമുമ്പ് 'Rx' എഴുതുന്നവരുടെ കൈകളിൽ ഇപ്പോൾ RDX  ഉണ്ട്. അതുകൊണ്ടാണ് അറിവിനൊപ്പം നല്ല മൂല്യങ്ങളും സ്വഭാവവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്." എന്നിങ്ങനെയാണ് ഡൽഹി സ്ഫോടനത്തെ കുറിച്ചുള്ള പരാമർശം. ഇതിലെവിടെയും ആർഎസ്എസ് പങ്കിനെകുറിച്ചുള്ള പരാമർശമില്ല.

തുടർന്ന് നടത്തിയ പരിശോധനയിൽ വൈറൽ വീഡിയോയുടെ യഥാർഥ ഭാഗം എഎൻഐയുടെ എക്സ് പേജിൽ നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഭൂപാൽ നോബിൾസ് സർവകലാശാലയുടെ 104-ാമത് സ്ഥാപക ദിനത്തിൽ പ്രതിരോധ മന്ത്രി പങ്കെടുത്തെന്ന വിവരണത്തോടെയാണ് പോസ്റ്റ്. വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ചും വിനയം, സ്വഭാവം, ധാർമ്മിക മൂല്യങ്ങൾ എന്നിവ അറിവിനൊപ്പം പകർന്നു നൽകാത്ത വിദ്യാഭ്യാസ സംവിധാനത്തെ വിജയകരമെന്ന് കണക്കാക്കാനാവില്ല എന്നും ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകൾ ക്രിമിനൽ പ്രവർത്തനങ്ങളിലും വൈറ്റ് കോളർ ഭീകരതയിലും ഉൾപ്പെട്ടിരിക്കുന്നതായും പ്രതിരോധ മന്ത്രി പറഞ്ഞെന്നാണ് വിവരണം.



പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണോ എന്ന് പരിശോധിക്കാൻ എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷൻ ഉപയോഗിച്ച പരിശോധിച്ചു. നിരവധി ഫ്രേമുകൾ ഡീപ് ഫേക്കാണെന്ന് കണ്ടെത്തി.




 

ഇതോടെ ഡൽഹി സ്ഫോടനത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ എഐ നിർമിതമാണ്

Claim :  ഡൽഹി സ്ഫോടനത്തിന് പിന്നിൽ ആർഎസ്എസെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News