ഫാക്ട് ചെക്ക്: ഈദ് ആഘോഷത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യമോ?
ഹിന്ദുക്കൾ നശിപ്പിക്കപ്പെടും എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് പ്രചാരണം
ഈദ് ആഘോഷത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യമെന്ന തരത്തിൽ പ്രചാരണം
2025 മാർച്ച് 31നാണ് ഇസ്ലാം മത വിശ്വാസികൾ റമദാൻ വ്രതം അവസാനിപ്പിച്ച് ഈദ് ആഘോഷിച്ചത്. ഈദ് ആഘോഷത്തിനിടെ നമസ്കാരത്തിന് ശേഷം തൊപ്പി ധരിച്ച ഒരു കൂട്ടം ജനങ്ങൾ റോഡിൽ ഒത്തുകൂടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശ് ഉജ്ജയിൻ ജില്ലയിലെ ഉൻഹേലിൽ ഹിന്ദു ബർബാദ് ഹോഗാ (ഹിന്ദുക്കൾ നശിപ്പിക്കപ്പെടും) ഇൻഷാ അല്ലാഹ്, ഇൻഷാ അല്ലാഹ് എന്ന് മുദ്രാവാക്യം വിളിക്കുന്ന ഇസ്ലാമിസ്റ്റുകൾ എന്ന വിവരണത്തോടെയാണ് പ്രചാരണം. ഹിന്ദു ഹിന്ദുക്കളെ ലക്ഷ്യമിടാതെ ആഘോഷങ്ങളില്ലെന്നുമാണ് അടിക്കുറിപ്പ്. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
മധ്യപ്രദേശിലെ ഉജ്ജയിനിൽ ഈദ് ആഘോഷത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന മുസ്ലിംകളെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 2024 ഏപ്രിലിലെ പ്രതിഷേധ വീഡിയോയാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി
പ്രചരിക്കുന്ന വീഡിയോയിലെ മുദ്രാവാക്യമാണ് ആദ്യം പരിശോധിച്ചത്. സൂക്ഷമമായി പരിശോധിക്കുമ്പോൾ ഹിന്ദു ബർബാദ് ഹോഗാ (ഹിന്ദുക്കൾ നശിപ്പിക്കപ്പെടും) എന്നല്ല വീഡിയോയിലുള്ള മുദ്രാവാക്യം എന്നും ഇസ്രായേൽ, തു ബർബാദ് ഹോഗാ (ഇസ്രായേൽ, നിങ്ങൾ നശിപ്പിക്കപ്പെടും), ഇൻഷാ അല്ലാഹ് , ഇൻഷാ അല്ലാഹ് എന്നാണെന്നും വ്യക്തമായി. ഗസ്സയിൽ ഒരു വർഷത്തിലധികമായി ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തിലുള്ള പ്രതിഷേധമാണെന്ന സൂചന ലഭിച്ചു. വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ന്യൂസ് 18 മധ്യപ്രദേശ് 2024 ഏപ്രിൽ 12ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. ഈദ് നമസ്‌കാരത്തിന് ശേഷം 'ഇസ്രായേൽ നിങ്ങൾ നശിപ്പിക്കപ്പെടും' എന്ന് മുദ്രാവാക്യം വിളിക്കുന്ന ഒരു കൂട്ടം മുസ്ലിം യുവാക്കൾ എന്ന അടിക്കുറിപ്പോടെയാണ് വാർത്ത നൽകിയിരിക്കുന്നത്.
2024 ഏപ്രിൽ 12ന് പഞ്ചാബ് കേസരി മധ്യപ്രദേശ്, യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉജ്ജയിനിൽ ഇസ്രായേൽ, നിങ്ങൾ നശിപ്പിക്കപ്പെടും എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധം എന്നാണ് തലക്കെട്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ അന്വേഷണത്തിൽ 2024 ഏപ്രിലിൽ ദൈനിക് ഭാസ്കർ വാർത്ത റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ഉജ്ജയ്ൻ ജില്ലയിലെ ഉൻഹേലിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നുവെന്നും അതിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുന്നതായുമാണ് റിപ്പോർട്ട്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പരാതി നൽകിയതായും ഉജ്ജയിൻ എസ്പി പ്രദീപ് ശർമ്മ അന്വേഷണം പ്രഖ്യാപിച്ചതായും വാർത്തയിലുണ്ട്.
ഇടിവി ഭാരത് നൽകിയ വാർത്തയിൽ പരാതിയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഉജ്ജയ്ൻ ജില്ലയിലെ തെംഹാലിലാണ് ഹിന്ദു സംഘടന പൊലീസിന് പരാതി നൽകിയത്. ഏപ്രിൽ 11 ന് തെംഹാലിലെ ഖാസിയുടെ ഓഫീസിന് മുന്നിൽ നൂറുകണക്കിന് മുസ്ലീംകൾ തടിച്ചുകൂടി ദേശവിരുദ്ധ, ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായാണ് പരാതി. ഉച്ചയ്ക്ക് 12:30നും 1:00നും ഇടയിലാണ് സംഭവമെന്നും പരാതിയിലുണ്ട്. 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഉൾപ്പടെയാണ് പരാതി നൽകിയത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചതായും വാർത്തയിലുണ്ട്.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 2024ലെ ഈദ് ദിനത്തിൽ ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുന്നതെന്ന് വ്യക്തമായി
മധ്യപ്രദേശിലെ ഉജ്ജയിനിൽ ഈദ് ആഘോഷത്തിനിടെ ഹിന്ദു ബർബാത് ഹോഗാ (ഹിന്ദുക്കൾ നശിപ്പിക്കപ്പെടും) എന്ന് മുദ്രാവാക്യം വിളിക്കുന്ന മുസ്ലിംകളെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2024 ഏപ്രിലിൽ ഇസ്രായേൽ തു ബർബാദ് ഹോഗാ (ഇസ്രായേൽ നിങ്ങൾ നശിപ്പിക്കപ്പെടും) എന്ന മുദ്രാവാക്യം ഉയർത്തി ഉൻഹേലിൽ നടന്ന പ്രതിഷേധ വീഡിയോയാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി.