വസ്തുത പരിശോധന: കെജ്രിവാളിന് കണ്ണൂരിൽ സീറ്റ് നൽകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞോ?
കണ്ണൂരിൽ പാർട്ടി ശക്തികേന്ദ്രത്തിൽ സീറ്റ് നൽകുമെന്നാണ് പ്രചാരണം
കെജ്രിവാളിന് കണ്ണൂരിൽ സീറ്റ് നൽകുമെന്ന് എം വി ഗോവിന്ദൻ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ രേഖ ഗുപ്ത മുഖ്യമന്ത്രിയായി അധികാരമേറ്റു. തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ആംആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ പർവേശ് വർമയാണ് ഡൽഹി ഉപമുഖ്യമന്ത്രി.1844 വോട്ടുകള്‍ക്കാണ് പർവേശ് വർമ അരവിന്ദ് കെജ്രിവാൾ പരാജയപ്പെടുത്തിയത്. കനത്ത തോൽവി നേരിട്ട അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി ശക്തി കേന്ദ്രത്തിൽ സീറ്റ് നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായാണ് പ്രചാരണം. വി ഹേറ്റ് സിപിഎം എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ടി ട്വന്റി വൺ മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിന്റെ വാർത്താ കാർഡ് ഉപയോഗിച്ചാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി സീറ്റിൽ മത്സരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. എം വി ഗോവിന്ദൻ ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നും കണ്ടെത്തി.
ടി ട്വന്റി വൺ എന്ന ഓൺലൈൻ മാധ്യമത്തിന്റെ കാർഡിൽ കെജ്രിവാളിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി ശക്തികേന്ദ്രത്തിൽ സീറ്റ് നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെന്ന നിലയ്ക്ക് പ്രചരിക്കുന്ന കാർഡ് വീ ഹേറ്റ് സിപിഎം എന്ന അക്കൌണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രചരിക്കുന്ന കാർഡ് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന ടെക്സ്റ്റ് മായച്ചതായി കാണാം. എം വി ഗോവിന്ദൻ ഇത്തരം ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമങ്ങളിലോ സിപിഎം പ്രസ്ത ഒന്നും കണ്ടെത്താനായില്ല. പ്രചരിക്കുന്നത് ടി21 എന്ന ഓൺലൈൻ മാധ്യമത്തിന്റെ കാർഡായതിനാൽ ടി21 മീഡിയ ഇത്തരമൊരു കാർഡ് പുറത്തിറക്കിയിട്ടുണ്ടോ എന്നും അന്വേഷിച്ചു.
ടി 21 മീഡിയ 2025 ജനുവരി 13 ന് പോസ്റ്റ് ചെയ്ത വാർത്താ കാർഡ് കണ്ടെത്തി. പി വി അൻവർ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ല, അൻവറിനെ കുറിച്ച് ചർച്ച ചെയ്യുന്ന പ്രശ്നവുമില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞ പ്രസ്താവനയാണ് കാർഡിൽ. കാർഡിലെ പശ്ചാത്തല ചിത്രവും പ്രചരിക്കുന്ന വൈറൽ കാർഡിലേതിന് സമാനമാണ്. വൈറൽ കാർഡിൽ എം വി ഗോവിന്ദൻ എന്ന ടെക്സ്റ്റിന് മുകളിലെ വാക്കുകൾ കറുപ്പ് നിറമുപയോഗിച്ച മായ്ച്ചതായി വ്യക്തമാണ്. മറ്റു ടെക്സറ്റുകൾ മാറ്റിയാണ് നിലവിലെ ടെക്സ്റ്റ് ആക്കിയതെന്നും വ്യക്തമായി .
ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം വാർത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ടോ എന്നറിയാൻ സിപിഎം ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. തെരഞ്ഞെടുപ്പുമായോ കെജ്രിവാളിന്റെ തോൽവിയുമായോ ബന്ധപ്പെട്ട് വാർത്താ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമറിയാൻ കീ വേഡ് പരിശോധന നടത്തി. ഡൽഹി ഭരണം ബിജെപിക്ക് തളികയിൽ വച്ചുനൽകിയത് കോൺഗ്രസാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപിക്കെതിരെ ആം ആദ്മിയുമായി കോൺഗ്രസ് ഒരുമിച്ച് നിന്നില്ലെന്നും വിമർശനമുണ്ട്. എഎപിയും കോൺഗ്രസും ഒന്നിച്ചുനിന്നിരുന്നെങ്കിൽ 50 ശതമാനം വോട്ട് നേടി എഎപി നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാമായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ വാർത്തയിലെവിടെയും അരവിന്ദ് കെജ്രിവാളിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതായി പറയുന്നില്ല. എം വി ഗോവിന്ദൻ ഫെബ്രുവരി 8ന് നടത്തിയ വാർത്ത സമ്മേളനം മീഡിയ വൺ തത്സമയം സംപ്രേഷണം ചെയ്തിട്ടുണ്ട്. വൈറൽ കാർഡിലുള്ള പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി ശക്തി കേന്ദ്രത്തിൽ സീറ്റ് നൽകുമെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. എം വി ഗോവിന്ദൻ ഇത്തരം പ്രസ്താവന നടത്തിയിട്ടില്ല. ടി 21 മീഡിയ 2025 ജനുവരി 13 ന് പോസ്റ്റ് ചെയ്ത വാർത്താ കാർഡ് എഡിറ്റ് ചെയ്താണ് പ്രചാരണം. പി വി അൻവർ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ല, അൻവറിനെ കുറിച്ച് ചർച്ച ചെയ്യുന്ന പ്രശ്നവുമില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞ പ്രസ്താവന എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും കണ്ടെത്തി