ഫാക്ട് ചെക്ക്: മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകത്തിൽ കേരളത്തിൽ പ്രതിഷേധം?

ഛത്തീസ്ഖഡിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടിരുന്നു

Update: 2025-06-05 09:34 GMT

മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധമെന്ന് പ്രചാരണം


ഛത്തീസ്ഗഡിൽ 2025 മെയ് 21ന് നടന്ന ഏറ്റുമുട്ടലിൽ 27 മാവോയിസ്റ്റുകളെയാണ് വധിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബല കേശവ റാവു അഥവാ ബസവരാജുവും കൊല്ലപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന നേതാവാണ് നംബാല കേശവറാവു എന്ന ബസവരാജ്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. ഏകദേശം 50 മണിക്കൂറാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഒരാളെ വധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. ഔദ്യോഗികമായി 2018 മുതല്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നയാളാണ് ബസവരാജു. പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളിയും മാവോവായിസ്റ്റ് നേതാവുമായ പപ്പു ലോഹ്റയെയും ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ജാർഖണ്ഡിലെ ലാത്തോഹ്റിൽ സിആർപിഎഫ് - മാവോയിസ്റ്റ് ഏറ്റുമുട്ടലിലാണ് പപ്പു ലോഹ്റെയെ വധിച്ചത്. 

അതിനിടെ, മാവോയിസ്റ്റ് നേതാക്കളായ ബസവരാജു, പപ്പു ലോഹ്റ എന്നിവരുടെ കൊലപാതകത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കമ്മ്യൂണിസ്റ്റ് റാലിയുടെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.  "മുതലാളിത്തം വേണ്ട, ഹിന്ദി അടിച്ചേൽപ്പിക്കൽ വേണ്ട" എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധ റാലിയെന്നാണ് വിവരണം. പോസ്റ്റും ലിങ്കും ചുവടെ.





 



വസ്തുത പരിശോധന:

മാവോയിസ്റ്റ് നേതാക്കളായ ബസവരാജു, പപ്പു ലോഹ്റ എന്നിവരുടെ കൊലപാതകത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധം എന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മധുരയിൽ നടന്ന റെഡ് വളണ്ടിയർ മാർച്ചിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഇംഗ്ലിഷ് മുദ്രാവാക്യങ്ങൾക്കൊപ്പം തമിഴിലും പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതായി കേൾക്കാം. വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാനമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന സിപിഐഎം തമിഴ്‌നാടിന്റെ ഒരു യൂട്യൂബ് വീഡിയോ ലഭിച്ചു.  സെന്തോണ്ടർ ബ്രിഗേഡിന്റെ പരേഡ് ദൃശ്യങ്ങൾ എന്ന് തമിഴിൽ വിവരണം നൽകിയ വീഡിയോ 2025 മെയ് 9നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Full View


പ്രചരിക്കുന്ന വീഡിയോയുമായി താരതമ്യം ചെയ്യുമ്പോൾ സമാന കീ ഫ്രേമുകൾ ഇരു വീഡിയോയിലും വ്യക്തമായി കാണാം.



 മധുരയിൽ നിന്നുള്ള സിപിഐ എം  എംപിയായ സു വെങ്കിടേശനും 2025 ഏപ്രിൽ 7-ന് എക്സ് പേജിൽ സമാനമായ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.  "അഞ്ച് ലക്ഷം പേർ മധുരയെ നടുക്കി! ഇത് വെറുമൊരു മാർക്സിസ്റ്റ് സമ്മേളനമല്ല; ഫാസിസ്റ്റുകൾക്കെതിരായ ഒരു യുദ്ധകാഹളമാണിത്." എന്ന വിവരണത്തോടെയാണ് പോസ്റ്റ്.



ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ ദ ഹിന്ദു 2025 ഏപ്രിൽ 6ന് നൽകിയ റിപ്പോർട്ട് ലഭിച്ചു. മധുരയിൽ സിപിഐഎമ്മിന്റെ 24-ാമത് പാർട്ടി കോൺഗ്രസിന്റെ സമാപന ദിനത്തിൽ റെഡ് വളണ്ടിയർമാരുടെ മാർച്ചെന്ന തലക്കെട്ടിലാണ് റിപ്പോർട്ട്. ഏപ്രിൽ 2ന് മധുരയിൽ ആരംഭിച്ച സിപിഐഎം പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസം റിങ് റോഡിലാണ് റെഡ് വളണ്ടിയർമാരുടെ റാലി നടന്നത്. 

മാവോയിസ്റ്റ് നേതാക്കളുടെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ സിപിഐഎം പ്രതികരണം പരിശോധിച്ചു.  സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിനെ അപലപിച്ചതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. സൈനിക നടപടി അവസാനിപ്പിച്ച് ചർച്ചയിലേക്ക് കടക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതായാണ്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. കലാപവിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടത്തിയ  നിയമവിരുദ്ധ നടപടിയുടെ മറ്റൊരു ഉദാഹരണമെന്നാണ് സിപിഐ പ്രതികരണം.

മാവോയിസ്റ്റ് നേതാക്കളായ ബസവരാജു, പപ്പു ലോഹ്റ എന്നിവരുടെ കൊലപാതകത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധം എന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മധുരയിൽ നടന്ന റെഡ് വളണ്ടിയർ മാർച്ചിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

 


 




Claim :  മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News