ഫാക്ട് ചെക്ക്: കെപിസിസി പുനഃസംഘടന പട്ടികയിൽ ഉൾപ്പെടുത്താതിൽ ഷമയുടെ പ്രതിഷേധം? വീഡിയോയുടെ വാസ്തവമറിയാം
അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി ഓഫിസിന് ഷമ മുഹമ്മദ് മുൻപിൽ പ്രതിഷേധം നടത്തിയെന്നാണ് പ്രചാരണം
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജംബോ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് കെപിസിസി പുനഃസംഘടിപ്പിച്ചത്. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യരടക്കമുള്ള 58 പേരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. എന്നാൽ അധ്യക്ഷൻമാരെയും കെപിസിസി സെക്രട്ടറിമാരെയും തെരഞ്ഞെടുക്കാത്തതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നു. പുനഃസംഘടനയിൽ ആദ്യ പൊട്ടിത്തെറി പരസ്യമാക്കി കോൺഗ്രസ് വനിതാ നേതാവും ദേശീയ വക്താവുമായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി. കെപിസിസി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കെ. മുരളീധരൻ്റെ നോമിനിയെ ഒഴിവാക്കിയതിലും അതൃപ്തി പ്രകടമാക്കി അദ്ദേഹം രംഗത്ത് വന്നു.
ഇതിന് പിന്നാലെ കെപിസിസി ഓഫീസിന് മുന്നിൽ ഷമ മുഹമ്മദിൻ്റെ പ്രതിഷേധം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ വൈറലാവുകയാണ്. കെപിസിസി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കെപിസിസി ഓഫീസിനു മുന്നിൽ പരസ്യ പ്രതിഷേധവുമായി ഷമ മുഹമ്മദ് എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള വാർത്ത റിപ്പോർട്ടും പശ്ചാത്തലത്തിൽ കേൾക്കാം. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
പുനഃസംഘടന ലിസ്റ്റിൽ ഉൾപ്പെടുത്തതിൽ കെപിസിസി ഓഫീസിന് മുന്നിൽ ഡോക്ടർ ഷമ മുഹമ്മദിൻ്റെ പ്രതിഷേധം എന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2024 ൽ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വൈറല്‍ വീഡിയോയിൽ മനോരമ ന്യൂസിൻ്റെ വാട്ടർമാർക്ക് ശ്രദ്ധയിപ്പെട്ടു. പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ പരിശോധിച്ചപ്പോള്‍ നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. മനോരമ ന്യൂസ് 2024 നവംബര്‍ ഒന്നിന് റിപ്പോർട്ടിൽ ജലപീരങ്കി ഉപയോഗിച്ച് പൊലീസ്, വെല്ലുവിളിച്ച് ഷമ മുഹമ്മദ് എന്നാണ് തലക്കെട്ട്. ഇരു വീഡിയോകളും താരതമ്യം ചെയ്യുമ്പോൾ ഷമയുടെ വസ്ത്രവും പശ്ചാത്തലവും സമാനമാണെന്ന് വ്യക്തം. താരതമ്യം ചുവടെ
ലഭ്യമായ സൂചന പ്രകാരം നടത്തിയ തുടർ പരിശോധനയിൽ കണ്ണൂരിലെ കോൺഗ്രസ് മാർച്ചിൽ ജലപീരങ്കിക്ക് നേരെ പാഞ്ഞടുത്ത് ഷമ മുഹമ്മദ് എന്ന തലക്കെട്ടോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ പങ്കുവച്ച വീഡിയോ ലഭിച്ചു. 24 ന്യൂസ് പങ്കുവച്ച റിപ്പോര്‍ട്ടിലും ഷമ ജലപീരങ്കിക്ക് മുന്നിലേക്ക് നടന്നടുക്കുന്ന ദൃശ്യങ്ങളുണ്ട്. കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമെന്നാണ് റിപ്പോർട്ട്. എഡിഎം നവീന്‍ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. കേസില്‍ പ്രതിസ്ഥാനത്തുള്ള പി പി ദിവ്യക്ക് അനുകൂലമായ നിലപാടെടുത്തെന്നാരോപിച്ചാണ് പ്രതിഷേധം.
എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസിൽ കണ്ണൂര്‍ കലക്ടേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെപ്പറ്റി മനോരമ ഓണ്‍ലൈന്‍ 2024 നവംബര്‍ 2ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയെൻ്റെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഷമ മുഹമ്മദിൻ്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നോ എന്ന് പരിശോധിച്ചു. പ്രത്യക്ഷ പ്രതിഷേധത്തിൻ്റെ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. എന്നാൽ കെപിസിസി പുന:സംഘടനയില്‍ ഉള്‍പ്പെടാത്തതില്‍ ഷമ മുഹമ്മദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചു. പുന:സംഘടന ലിസ്റ്റ് പുറത്തുവന്നതിനു പിന്നാലെ 'കഴിവ് ഒരു മാനദണ്ഡമാണോ !' എന്നുള്ള ഷമയുടെ പോസ്റ്റ് സംബന്ധിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്.
ഇതോടെ പുനഃസംഘടന ലിസ്റ്റിൽ ഉൾപ്പെടുത്തതിൽ കെപിസിസി ഓഫീസിന് മുന്നിൽ ഡോക്ടർ ഷമ മുഹമ്മദിൻ്റെ പ്രതിഷേധം എന്ന തരത്തിലുള്ള പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2024 നവംബറിൽ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി