ഫാക്ട് ചെക്ക്: രാഹുൽ ഗാന്ധി യുഎസിൽ മയക്കമരുന്ന് കേസിൽ അറസ്റ്റിലായോ? പ്രചാരണം വ്യാജം
രാഹുൽ ഗാന്ധി അമേരിക്കയിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ടുവെന്നും തുടർന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഇടപെടലിൽ അദ്ദേഹത്തെ വിട്ടയച്ചു എന്നുമാണ് പ്രചാരണം
പണ്ട് രാഹുൽ ഗാന്ധി യുഎസിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടെന്നും അമിതാഭ് ബച്ചൻ അദ്ദേഹത്തെ തിരികെ ഇന്ത്യയിലെത്തിക്കുന്ന ദൃശ്യങ്ങളെന്ന അവകാശ വാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന ഒരു വീഡിയോയിൽ പ്രിയങ്ക ഗാന്ധി രാഹുലിനെ കെട്ടിപ്പിടിക്കുന്നതായി കാണാം. രാഹുൽ ഗാന്ധി അമേരിക്കയിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ടുവെന്നും തുടർന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഇടപെടലിൽ അദ്ദേഹത്തെ വിട്ടയച്ചു എന്നുമുള്ള അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. മോചിതനായ ശേഷം അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയെ അമേരിക്കയിൽ നിന്ന് തിരികെ കൊണ്ടുവന്നുവെന്നും പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയോടൊപ്പം നടന്നുവരുന്നതും ദൃശ്യത്തിൽ കാണാം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
പണ്ട് രാഹുൽ ഗാന്ധിയെ യുഎസിൽവച്ച് ലഹരിയുമായി പിടികൂടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഇടപെടലിൽ രാഹുൽ ഇന്ത്യയിൽ മടങ്ങിയെത്തിയെന്നുമുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. രാജീവ് ഗാന്ധിയുടെ കൊലപാതക വാർത്തയറിഞ്ഞ് യുഎസിലെ ബോസ്റ്റണിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടോ എന്ന് കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും അന്വേഷണത്തിൽ ലഭ്യമായില്ല. രാഷ്ട്രീയ മുഖമായ രാഹുൽ ഗാന്ധി ഏതെങ്കിലും തരത്തിലുള്ള കേസിലകപ്പെട്ടാൽ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇതോടെ പ്രചാരണം തെറ്റാണന്ന സൂചന ലഭിച്ചു.
തുടർന്ന് വൈറൽ വീഡിയോയുടെ യാഥാർഥ്യമറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ഇൻസ്റ്റഗ്രാമിൽ 2025 ഒക്ടോബർ 17ന് പങ്കുവെച്ച വീഡിയോ ലഭിച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെന്ന വിവരണത്തോടെ സമാന വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. വീഡിയോയിൽ പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയുമുണ്ട്. ഒപ്പം രാജീവ് ഗാന്ധിയുടെ പൊതുദർശ ചടങ്ങിൻ്റെ ദൃശ്യവും കാണാം. ഇതിൽ ഗെറ്റി ഇമേജസ് എന്ന സ്റ്റോക് ഫോട്ടോ/വിഡിയോ വെബ്സൈറ്റന്റെ വാട്ടർമാർക്ക് കാണാം.
തുടർന്ന് സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ‘ഗെറ്റി’യിൽ നടത്തിയ പരിശോധനയിൽ ദൈർഘ്യമേറിയ വീഡിയോ ലഭിച്ചു. അതിൽ വൈറൽ വീഡിയോയുടെ സമാനമായ ദൃശ്യങ്ങൾ കണ്ടെത്തി. ഗെറ്റി വീഡിയോയുടെ വിവരണം അനുസരിച്ച്, 1991 മെയ് മാസത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി. രാഹുലിനൊപ്പം അമിതാഭ് ബച്ചനുമുണ്ട്. രാഹുലിനായി കാത്തുനിൽക്കുന്ന സഹോദരി പ്രിയങ്ക ഗാന്ധിയെയും പിന്നീട് രാജീവ് ഗാന്ധിയുടെ പൊതുദർശന ചടങ്ങും കാണിക്കുന്നുണ്ട്.
1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് രാഹുൽ ഗാന്ധി യുഎസിലെ ബോസ്റ്റണിൽ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ കണ്ടെത്തി. രാജീവ് ഗാന്ധിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ അമിതാഭ് ബച്ചൻ ലണ്ടനിലായിരുന്നു. ഇരുവരും ഏകദേശം ഒരേ സമയത്താണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്ര ശേഖർ ആയിരുന്നു. വൈറൽ വീഡിയോയിൽ അവകാശപ്പെടുന്ന അടൽ ബിഹാരി വാജ്പേയി അല്ല എന്നതും വസ്തുതയാണ്. ഗാന്ധി - ബച്ചൻ കുടുംബങ്ങൾ വർഷങ്ങളായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ് . ബോഫേഴ്സ് അഴിമതി ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസ് ടിക്കറ്റിൽ അലഹബാദിൽ നിന്ന് മത്സരിച്ച് ജയിച്ച അമിതാഭ് ബച്ചൻ രാഷ്ട്രീയം അവസാനിപ്പിച്ചതും പിന്നീട് ഗാന്ധി കുടുംബവുമായി അകലുന്നതും.
ഇതോടെ രാഹുൽ ഗാന്ധിയെ യുഎസിൽവച്ച് ലഹരിയുമായി പിടികൂടിയിട്ടുണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തി. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഇടപെടലിൽ രാഹുൽ മടങ്ങിയെത്തിയെന്നതും വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തി. 1991 മെയ് 21ന് രാജീവ് ഗാന്ധിയുടെ കൊലപാതക വാർത്തയറിഞ്ഞ് യുഎസിലെ ബോസ്റ്റണിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.