ഫാക്ട് ചെക്ക്: കോൺഗ്രസ് ഓഫീസ് ഉദ്ഘാനടത്തിന് ഖുർആൻ പാരായണം? പ്രചാരണം വ്യാജം

ജയ്പൂരിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനത്തിന് ഇസ്ലാമിക പ്രാർഥനകൾ എന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്

Update: 2026-02-10 09:01 GMT

രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ഉദ്ഘാടന വേളയിൽ ഇസ്ലാമിക പ്രാർഥന നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.  ഒരു സ്ത്രീ പകർത്തിയ ദൃശ്യത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതായി കാണാം. 

"ജയ്പൂരിലെ കോൺഗ്രസ് പാർട്ടിയുടെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടന വേളയിൽ സുന്ദരകാണ്ഡമോ ഗണേശ പൂജയോ നടത്തിയില്ല; പകരം, കലിമ ചൊല്ലുകയായിരുന്നു.കോൺഗ്രസിൻ്റെ ഹിന്ദു പ്രവർത്തകർ പരിപാടിയിൽ സജീവമായി പങ്കെടുത്തെന്നത് ശ്രദ്ധേയമാണ്. ആരും ഒരു എതിർപ്പും ഉന്നയിച്ചില്ല" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.




 


വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ


വസ്തുത പരിശോധന:

ജയ്പൂരിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ഉദ്ഘാടനത്തിൽ ഇസ്ലാമിക പ്രാർഥന നടത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 2023 ഒക്ടോബർ 31-ന് രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ഒരു സർവമത പ്രാർത്ഥനാ യോഗത്തിൽ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോ ഫേസ്ബുക്ക് ലൈവിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്. വീഡിയോയിൽ  'ഹീന ഖാൻ' എന്ന ഉപയോക്താവിൻ്റെ ഫേസ്ബുക്ക് ലൈവാണെന്ന് കാണാം. വീഡിയോയുടെ അവസാനം 'ഹീന ഖാൻ ലൈവ് ആയിരുന്നു' എന്ന വാചകം ഒരു പ്രൊഫൈൽ ചിത്രത്തോടൊപ്പം സ്ക്രീനിൽ പ്രത്യക്ഷമാകുന്നുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച്  ‘ഹീന ഖാൻ’ എന്ന പ്രൊഫൈൽ കീ വേഡ് പരിശോധനയിലൂടെ കണ്ടെത്തി.  ‘ജനറൽ സെക്രട്ടറി, ജയ്പൂർ സിറ്റി, ജില്ലാ കോൺഗ്രസ് കമ്മിറ്റി’ തുടങ്ങിയ ഹാഷ്‌ടാഗുകൾ ഫേസ്ബുക്ക് പ്രൊഫൈൽ ബയോയിൽ ഉപയോഗിച്ചതായി കാണാം. എന്നാൽ വൈറൽ വീഡിയോ പ്രൊഫൈലിൽ ലഭ്യമല്ല.

വൈറൽ വീഡിയോയിലെ ഉപയോക്താവിന്റെ പ്രൊഫൈൽ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയുമായി പൊരുത്തപ്പെടുന്നതായി ശ്രദ്ധയിൽപെട്ടു. താരതമ്യം ചുവടെ.




 


തുടർന്ന് ഹീന ഖാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഞങ്ങൾ പരിശോധിച്ചപ്പോൾ 2023 ഒക്ടോബർ 31 ലെ ഒരു പോസ്റ്റ് കണ്ടെത്തി. "മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തിൽ അവർക്ക് ആദരാഞ്ജലികൾ" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. രാഹുൽ ഗാന്ധി, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി എന്നിവരുടെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ ചുവരുകളിൽ കാണാം. ഒരു കൂട്ടം ആളുകൾ നിലത്ത് ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം.


Full View

വൈറൽ ക്ലിപ്പിലെ ചില ഫ്രെയിമുകളുമായി സാമ്യമുള്ള നാല് ചിത്രങ്ങളടങ്ങിയതാണ് പോസ്റ്റ്. താരതമ്യം ചുവടെ.




 




 


തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ മുൻ ഇന്ത്യൻ ധനകാര്യ മന്ത്രിയും രാജസ്ഥാൻ കോൺഗ്രസ് നേതാവുമായ നമോ നരേൻ മീണ അതേ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. 2023 ഒക്ടോബർ 31 ന് നടന്ന പരിപാടിയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. "അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമവാർഷികവും സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികവും പ്രമാണിച്ച് ഇന്ന് പിസിസി ആസ്ഥാനത്ത് നടന്ന സർവധർമ്മ പ്രാർത്ഥനാ യോഗത്തിൽ ഇന്ദിരാഗാന്ധിയെയും സർദാർ വല്ലഭായ് പട്ടേലിനെയും ആദരിച്ചു" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. 2023 ഒക്ടോബർ 31-ന് ജയ്പുരിലെ പിസിസി ആസ്ഥാനത്ത് നടന്ന ഒരു സർവമത പ്രാർത്ഥനാ യോഗത്തിൽ നിന്നുള്ളതാണ് ചിത്രങ്ങളെന്ന് സ്ഥിരീകരിച്ചു.


Full View


കോൺഗ്രസ് പാർട്ടി നേതാവും രാജസ്ഥാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ ചെയർപേഴ്‌സണുമായ സംഗീത ബെനിവാൾ അതേ ദിവസം പങ്കുവെച്ച പോസ്റ്റും കണ്ടെത്തി. പോസ്റ്റിൽ അതേ പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോയിൽ 'രഘുപതി രാഘവ് രാജാ റാം' എന്ന ഗാനം കേൾക്കാം. ഈ വീഡിയോയിൽ ഹീന ഖാനെയും കാണാം.


Full View


നേരത്തെയും സമാന രീതിയിൽ പോസ്റ്റുകൾ പ്രചരിച്ചപ്പോൾ രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്വർണിം ചതുർവേദി 2024 ഓഗസ്റ്റ് 2 ന് വീഡിയോ റീട്വീറ്റ് ചെയ്ത് ജയ്പൂരിലെ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ഒരു സർവമത പ്രാർത്ഥനാ സമ്മേളനമാണ് വീഡിയോയിൽ കാണിക്കുന്നതെന്ന് വ്യക്തമാക്കിയ എക്സ് പോസ്റ്റ് ലഭിച്ചു.  ജയ്പൂരിലെ രാജസ്ഥാൻ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ഒരു സർവമത പ്രാർത്ഥനാ യോഗത്തിൽ, സ്തുതിഗീതങ്ങൾ, ഗുർബാനി, ബൈബിൾ, ഖുർആൻ എന്നിവ അടങ്ങിയ ഒരു വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചു, ഇത് കോൺഗ്രസ് പാർട്ടിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു. ജയ്പൂരിലെ കോൺഗ്രസ് പാർട്ടിയുടെ പുതിയ ഓഫീസ് ഇതുവരെ നിർമ്മിച്ചിട്ടില്ല, പാർട്ടി ഉടൻ നിയമനടപടി സ്വീകരിക്കും," എന്ന വിവരണത്തോടെയാണ് വൈറൽ പോസ്റ്റ് ചതുർവേദി റീപോസ്റ്റ് ചെയ്തത്.



ഇതോടെ കോൺഗ്രസ് ജയ്പൂർ ഓഫീസിന്റെ ഉദ്ഘാടന വേളയിൽ ഇസ്ലാമിക പ്രാർത്ഥനകൾ നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ 2023ൽ നടത്തിയ സർവമത പ്രാർഥനായോഗത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.

Claim :  കോൺഗ്രസ് ഓഫീസ് ഉദ്ഘാനടത്തിന് ഖുർആൻ പാരായണം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News