വസ്തുത പരിശോധന: മഹാകുംഭ മേളയെക്കുറിച്ച് അനൌൺസ് ചെയ്യുന്ന പൈലറ്റ്?
അന്താരാഷ്ട്ര വിമാനത്തിലെ പൈലറ്റ് മഹാകുംഭ മേള അനൌൺസ് ചെയ്തെന്ന് പ്രചാരണം
മഹാകുംഭ മേളയെക്കുറിച്ച് അന്താരാഷ്ട്ര വിമാനത്തിൽ പൈലറ്റിന്റെ അനൌൺസ്മെന്റെന്ന് പ്രചാരണം
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മഹാ കുംഭമേള തുടരുകയാണ്. ജനുവരി 13ന് തുടങ്ങിയ 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേള, ഫെബ്രുവരി 26ന് സമാപിക്കും. നിരവധി യോഗിമാരും ഭക്തരും പങ്കെടുക്കുന്ന ചടങ്ങിൽ വിദേശികൾ ഉൾപ്പടെ പങ്കെടുക്കാനെത്തിയത് വാർത്തയായിരുന്നു. മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കാളും പങ്കെടുക്കുന്നതും ഗംഗയിൽ മുങ്ങിക്കുളിക്കുന്നതിന്റെയും എഐ ദൃശ്യങ്ങൾ ഉൾപ്പടെ പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്. പ്രയാഗ് രാജിന് മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തിലെ പൈലറ്റ് യാത്രക്കാരോട് മഹാകുംഭ മേളയ പറ്റി പറയുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഹാകുംഭ മേളയുടെ ആകാശദൃശ്യത്തോടൊപ്പം മഹാകുംഭ നഗരിയിൽ ലാൻഡ് ചെയ്യാൻ പോവുകയാണെന്നും, ഗംഗയും യമുനയും സരസ്വതി നദിയും കൂടിച്ചേരുന്ന അത്ഭുത ദൃശ്യം കാണാൻ യാത്രക്കാരോട് പൈലറ്റ് പറയുന്നതുമാണ് ദൃശ്യത്തിലുള്ളത്. അന്താരാഷ്ട്ര വിമാനത്തിന്റെ മഹാകുംഭ നഗരിയിലെ ലാൻഡിങ് അനൌൺസ്മെന്റെന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. പോസ്റ്റിന്റെ പൂർണരൂപം ചുവടെ
പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്ന അനൌൺസ്മെന്റ് എന്ന തരത്തിലും ദൃശ്യം പ്രചരിക്കുന്നുണ്ട്.
വസ്തുത പരിശോധന:
പ്രയാഗ് രാജിലെ മഹാകുംഭ മേള നഗരിയിൽ ലാൻഡിങ്ങിനൊരുങ്ങുന്ന അന്താരാഷ്ട്ര വിമാനത്തിലെ പൈലറ്റിന്റെ അനൌൺസ്മെന്റ് എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണ്. അനൌൺസ്മെന്റ് ശബ്ദം വിമാനത്തിൽ നിന്നുള്ളല്ലതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റർ ചിത്രീകരിച്ച ദൃശ്യത്തിനൊപ്പം വോയിസ് ഓവർ നൽകുകയായിരുന്നു.
പ്രചരിക്കുന്ന ആകാശദൃശ്യത്തിലെ നിരവധി ഷോട്ടുകൾ വിമാനത്തിൽ നിന്ന് ഒറ്റത്തവണയായി എടുത്ത വീഡിയോ അല്ലെന്ന സൂചനകൾ നൽകുന്നുണ്ട്. രാത്രിയും പകലും ചിത്രീകരിച്ച ഷോട്ടുകൾ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. നിരവധി ഡ്രോൺ ഷോട്ടുകൾ സംയോജിപ്പിച്ച ദൃശ്യമാണെന്നും വ്യക്തം. വീഡിയോയുടെ ഉറവിടം കണ്ടെത്താൻ കീഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ജനുവരി 23ന് അൻവേഷ്ഗ്രഫി എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ സമാന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അൻവേഷ് പഠേൽ എന്നാണ് അക്കൌണ്ടിന്റെ യൂസർ നെയിം. ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണെന്ന് അൻവേഷ് പഠേൽ എന്ന് ഇൻസ്റ്റഗ്രാം ബയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ഫോട്ടോകളും അൻവേഷ്ഗ്രഫി അക്കൌണ്ടിലുണ്ട്. ജനുവരി 23ന് പങ്കുവെച്ച പ്രചാരണത്തിലുള്ള വീഡിയോയ്ക്ക് മഹാകുംഭ നഗരിയിലെ പകലും രാത്രിയും എന്ന അടിക്കുറിപ്പോടെ വിവരണം നൽകിയിട്ടുണ്ട്. മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിൽ നിന്ന് കാമറയും ഡ്രോണും ഉപയോഗിച്ചാണ് ദൃശ്യം പകർത്തുന്നതെന്നും താൻ കുംഭമേള നഗരിയിലുണ്ടെന്നും, പ്രസ്തുത ദൃശ്യത്തിന് നൽകിയ ശബ്ദത്തിന് പകർപ്പവകാശം ഉണ്ടെന്നും അൻവേഷ് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയിൽ പറയുന്ന കോ പൈലറ്റിന്റെ പേരും അൻവേഷ് പഠേലെന്നാണ്.
അൻവേഷ് പഠേലിന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ സമാന രീതിയിൽ നിരവധി ആകാശദൃശ്യങ്ങളുണ്ട്. 2024 ഡിസംബർ 26ന് ഹൈദരാബാദിന്റെ ആകാശദൃശ്യത്തിനൊപ്പം പൈലറ്റിന്റെ അനൌൺസ്മെന്റ്റ് ചേർത്താണ് ഒരു പോസ്റ്റ്. എന്നാൽ ആദ്യ ഭാഗം കഴിഞ്ഞാൽ കോ പൈലറ്റ് അൻവേഷ് പഠേലെന്ന് പറയുന്നുണ്ട്, കൂടെ ഡിസംബർ 31 അവധി ദിനമല്ലാത്തതിനെ കുറിച്ചും. മഹാകുംഭ മേളയെക്കുറിച്ചുള്ള അനൌൺസ്മെന്റിലും കോ പൈലറ്റ് അൻവേഷ് പഠേലിനെ പരിചയപ്പെടുത്തുന്നുണ്ട്. ഇരു വീഡിയോയിലെയും കോ പൈലറ്റായി സൂചിപ്പിക്കുന്ന പേരാണ് ഇൻസ്റ്റഗ്രാം യൂസർ നെയിം. ഇരു വീഡിയോകളിലും സമാന ശബ്ദമാണ്. പോസ്റ്റുകൾക്കൊപ്പം ശബ്ദത്തിന്റെ പകർപ്പവകാശത്തെ കുറിച്ചും നൽകിയിട്ടുണ്ട്.
കീവേഡ് പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യത്തിലെ ശബ്ദം തന്റെ യുഎസിലുള്ള സുഹൃത്ത് നൽകിയതാണെന്നും വീഡിയോ നിർമിച്ചത് താനാണെന്നും അൻവേഷ് പറഞ്ഞതായി ദ ക്വിന്റ് നൽകിയ വാർത്ത ലഭിച്ചു. അൻവേഷ് പഠേലെന്ന കണ്ടന്റ് ക്രിയേറ്റർ ചിത്രീകരിച്ച ഡ്രോൺ ദൃശ്യത്തിന് സാങ്കൽപ്പികമായി നൽകിയതാണ് പൈലറ്റിന്റെ അനൌൺസ്മെന്റ് ശബ്ദമെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി.
മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിൽ ലാൻഡിങ്ങിന് മുന്നോടിയായി അന്താരാഷ്ട്ര വിമാനത്തിലെ പൈലറ്റ് കുംഭമേളയെ പറ്റി അനൌൺസ്മെന്റ് എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചാരണത്തിലുള്ള ദൃശ്യം അൻവേഷ് പഠേലെന്ന ഇൻസറ്റഗ്രാം കണ്ടന്റ് ക്രിയേറ്റർ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യത്തിന് നൽകിയ ശബ്ദം തന്റെ സുഹൃത്തിന്റേതാണെന്നും അൻവേഷ് പഠേൽ പ്രതികരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലേത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമായി. അൻവേഷ് പഠേലിന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിലെ പരിശോധനയിൽ സമാനരീതിയിൽ ഹൈദരാബാദ് ഉൾപ്പടെുള്ള നഗരങ്ങളുടെ ആകാശദൃശത്തിനൊപ്പം ഇത്തരം ശബ്ദം നൽകിയതായും കണ്ടെത്തി.