ഫാക്ട് ചെക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡ്രോൺ ഷോയിലൂടെ ചൈനയിൽ വരവേൽപ്പ്? വാസ്തവമെന്ത്?

ഷാങ്ഹായ് ഉച്ചകോടിക്കായി എത്തിയ മോദിയെ ഡ്രോൺ ലൈറ്റ് ഷോയിലൂടെ വരവേറ്റെന്നാണ് പ്രചാരണം

Update: 2025-09-01 06:21 GMT

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡ്രോൺ ഷോയിലൂടെ വരവേറ്റ് ചൈനയെന്ന് പ്രചാരണം


2025 ഓഗസ്റ്റ് 31, സെപ്തംബർ 1 തിയ്യതികളിലായി നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തിയിരിക്കുകയാണ്. ഏഴ് വർഷത്തിന് ശേഷമാണ് നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്. ചൈനയുമായി  നയതന്ത്ര ബന്ധം ഊഷ്മളമാകുന്നതിൻ്റെ സൂചന കൂടിയാണ് സന്ദർശനം. യുഎസ്സിൻ്റെ തീരുവ ഭീഷണിക്കിടെ ചൈന - ഇന്ത്യ - റഷ്യ സഖ്യം ശക്തമാകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ്  ഉച്ചകോടി . റഷ്യൻ പ്രസിനഡൻ്റ് വ്ളാദമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. ഡ്രാഗണും ആനയും ഒരുമിച്ച് വാഴണമെങ്കിൽ അവർ സുഹൃത്തുക്കളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഷി ജിൻപിങ് പറഞ്ഞു. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവ അടിസ്ഥാനമാക്കി ചൈനയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

അതിനിടെ ചൈനയിലെത്തിയ പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണമെന്ന തരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ലൈറ്റ് ഷോയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഡ്രോൺ ലേസർ ലൈറ്റുകൾ ഉപയോഗിച്ച് നരേന്ദ്ര മോദിയുടെ ചിത്രവും ചൈനയിലേക്ക് സ്വാഗതം എന്ന വാചകവുമുള്ള ചിത്രമാണ് വൈറലാവുന്നത്. ഒരു നേതാക്കൾക്കും കൊടുക്കാത്ത വമ്പൻ സ്വീകരണം ആണല്ലോ ചൈന മോഡിക്ക് കൊടുക്കുന്നത് എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ:




 

Full View




 


വസ്തുത പരിശോധന:

ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണം എന്ന തരത്തിൽ പ്രചരിക്കുന്ന ഡ്രോൺ ലേസർ ഷോയുടെ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രത്തിലെ മോദി, ചൈനയിലേക്ക് സ്വാഗതം എന്ന എഴുത്തിൻ്റെ  വ്യക്തതക്കുറവ് ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന സൂചന നൽകി. ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചതോടെ പീപിൾസ് ഡെയ്ലി ചൈന 2025 ഏപ്രിൽ 21 ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച സമാന ചിത്രം ലഭിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംകിങിലെ ഡ്രോൺ ലൈറ്റ് ഷോ എന്ന വിവരണത്തോടെയാണ് പോസ്റ്റ്. നിരവധി ചിത്രങ്ങളടങ്ങിയ പോസ്റ്റിൽ വൈറൽ പോസ്റ്റിലുള്ള നൃത്തം ചെയ്യുന്ന സ്ത്രീയുടെ ചിത്രവും കാണാം. വൈറൽ പോസ്റ്റിലെ പശ്ചാത്തലവും പീപിൾസ് ഡെയ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പശ്ചാത്തലവും സമാനമാണ്. താരതമ്യം ചുവടെ




 




ചൈനീസ് വാർത്ത ഏജൻസിയായ ഷിൻഹുവയുടെ ചിത്രമാണ് പീപിൾസ് ഡെയ്ലി ചൈന പോസ്റ്റ് ചെയ്തതെന്ന് ചിത്രത്തിലെ ലോഗോയിൽ നിന്ന് വ്യക്തമായി. കൂടുതൽ പരിശോധനയിൽ ഷിൻഹുവ നെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. 2025 ഏപ്രിൽ 19 ന് ചോംകിങിൽ ആരംഭിച്ച 15 മിനിറ്റ് ഡ്രോൺ ലൈറ്റ് ഷോയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ എല്ലാ ശനിയാഴ്ചകളിലും നഗരത്തിൽ ഡ്രോൺ ലൈറ്റ് ഷോ തുടരുമെന്നും പറയുന്നു. മറ്റ് അവധി ദിനങ്ങളിലും പ്രത്യേക ദിനങ്ങളിലും ഡ്രോൺ ലൈറ്റ് ഷോ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. 2025 ജൂൺ 19 ന് ചോംകിങിൽ നടന്ന ഡ്രോൺ ലൈറ്റ് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചെന്ന മാധ്യമ റിപ്പോർട്ടുകളും ലഭിച്ചു. 11,787 ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ലൈറ്റ് ഷോയിലൂടെയാണ് നിലവിലെ റെക്കോഡ് മറികടന്നത്. 

ഇതോടെ ദ്വിദിന സന്ദർശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനയില്‍ ഡ്രോണ്‍ ലൈറ്റുകളുപയോഗിച്ച് ഒരുക്കിയ ഉജ്വല സ്വീകരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രത്തിന് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനവുമായി ബന്ധമില്ലെന്നും 2025 ഏപ്രിലിൽ തെക്ക് പടിഞ്ഞാറൻ ചൈനയിൽ നടന്ന ഡ്രോൺ ഷോയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ വ്യക്തമായി

Claim :  പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡ്രോൺ ഷോയിലൂടെ വരവേറ്റ് ചൈന
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News