വസ്തുത പരിശോധന: രമേശ് ചെന്നിത്തല മഹാകുംഭ മേളയ്ക്കെത്തിയോ?

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ത്രിവേണി സംഗമത്തിലെത്തി മുങ്ങിക്കുളിച്ചെന്ന് പ്രചാരണം

Update: 2025-02-17 14:47 GMT

 രമേശ് ചെന്നിത്തല മഹാകുംഭ മേളയ്ക്കെത്തിയെന്ന് പ്രചാരണം

 

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ പുരോഗമിക്കുന്ന മഹാകുംഭ മേള ഈ മാസം 24നാണ് അവസാനിക്കുന്നത് 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയുടെ ഭാഗമാകാൻ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പടെയുള്ളവർ എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയുമടക്കം ദേശീയ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് ഉൾപ്പടെയുള്ള സിനിമ മേഖലയിൽ നിന്നുള്ള പ്രശസ്തരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കളടക്കം പലരും മഹാകുംഭ മേളയിലെത്തിയെന്ന തരത്തിൽ വ്യാജ പ്രചാരണവും സജീവമാണ്. എഐഎംഎം നേതാവ് അസദുദ്ദീൻ ഒവൈസി മുതൽ തമിഴ് നടനും സംവിധായകനുമായി പ്രകാശ് രാജ് വരെയുള്ളവർ മഹാകുംഭ മേളയ്ക്കെത്തിയെന്ന തരത്തിൽ പ്രചരിച്ചിരുന്നു. എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളും മറ്റിടങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തപ്പോഴുള്ള ചിത്രവും ഉപയോഗിച്ചാണ് വ്യാജ പ്രചാരണങ്ങൾ. ഇപ്പോൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മഹാകുംഭ മേളയ്ക്കെത്തി ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ചെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ആരുമറിയാതെ ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ചെയ്തെന്നും മതേതര ഹിന്ദുവിന്റെ ഗതികേടാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് പ്രചാരണം. കാവി വേഷം ധരിച്ച രമേശ് ചെന്നിത്തലയുടെ ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.  പോസ്റ്റും ലിങ്കും ചുവടെ



കോൺഗ്രസ് നേതാക്കൾ രഹസ്യമായി കുംഭമേളയ്ക്കെത്തുന്നുവെന്ന തരത്തിലാണ് പ്രചാരണം.




വസ്തുത പരിശോധന:

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തിയെന്നും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തെന്നുമുള്ള പ്രചാരണം വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. നന്ദേഡിലെ ഗുരുദ്വാറിലെത്തിയപ്പോഴുള്ള ചിത്രമാണ് പ്രയാഗ് രാജിൽ നിന്നുള്ള ചിത്രമായി പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായി.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രത്തിലെ വസ്ത്രധാരണവും പശ്ചാത്തലവും ചിത്രം മഹാകുംഭ മേളയിൽ നിന്നുള്ളതാണോ എന്നതിൽ സംശയം നൽകുന്നുണ്ട്. വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ചിത്രം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേരത്തെയും പ്രചരിച്ചതായി കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതല രമേശ് ചെന്നിത്തലയ്ക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻഡ്യ മുന്നണിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കാണെന്ന തരത്തിൽ അന്ന് പോസ്റ്റുകൾ പ്രചരിച്ചത്. 2024 നവംബർ 24നും സമാന ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി 13ന് ആരംഭിച്ച കുംഭമേളയിൽ നിന്നുള്ള ചിത്രമല്ല പ്രചരിക്കുന്നതെന്ന് വ്യക്തമായി. 

ലഭ്യമായ വിവരങ്ങളുപയോഗിച്ച് കൂടുതൽ പരിശോധിച്ചപ്പോൾ മഹാരാഷ്ട്ര മുൻ എംഎൽഎ മോഹൻറാവു ഹംബാർഡെ എക്സിൽ പങ്കുവെച്ച  പോസ്റ്റ് ലഭിച്ചു. 2024 ഓഗസ്റ്റ് 11നാണ് ഹംബാർഡെ ഔദ്യോഗിക എക്സ് അക്കൌണ്ടിൽ ചിത്രം പോസ്റ്റ് ചെയ്തത്. .മഹാരാഷ്ട്ര കോൺഗ്രസ്സ് അധ്യക്ഷൻ നാനാ പടോലെയും മറ്റ് നേതാക്കളും സമാന വസ്ത്രത്തിൽ രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ട്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ശ്രീ.രമേശ് ചെന്നിത്തലജി, സംസ്ഥാന അധ്യക്ഷൻ ശ്രീ. നാനാ പടോലെ, മറ്റ് നേതാക്കൾ എന്നിവർ ഇന്ന് ഹോളി തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹുജൂർ സാഹിബ് നന്ദേഡിൽ ദർശനം നടത്തി എന്നാണ് പോസ്റ്റിൽ നൽകിയ വിവരണം

നന്ദേഡ് ഉൾപ്പടെയുള്ള ജില്ലകളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റിവ്യൂ മീറ്റിങ്ങിന് മുന്നോടിയായാണ് ഗുരുദ്വാര സന്ദർശിച്ചതെന്ന് രമേശ് ചെന്നിത്തല ഓഗസ്റ്റ് 14ന് എക്സിൽ ചിത്രസഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്കായി രമേശ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹുജൂർ സാഹിബ് എന്ന സിഖുകാരുടെ ഗുരുദ്വാര സന്ദർശിച്ചപ്പോഴുള്ള ചിത്രമാണിതെന്ന് അവർ അറിയിച്ചു. ഗുരുദ്വാര ഭാരവാഹികൾ അവരുടെ പരമ്പരാഗ വസ്ത്രം അദ്ദേഹത്തെ  ധരിപ്പിച്ചതാണെന്നും വ്യക്തമാക്കി.രമേശ് ചെന്നിത്തല മഹാകുംഭ മേളയിൽ പങ്കെടുത്തിട്ടില്ലെന്നും അറിയിച്ചു.  ഇതോടെ ചിത്രം കുംഭമേളയിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി. 

പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെത്തിയെന്നും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു എന്നുമുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗുരുദ്വാര സന്ദർശിച്ചപ്പോഴുള്ള ചിത്രമാണെന്നും അന്വേഷണത്തിൽ വ്യക്തമായി





 


Claim :  രമേശ് ചെന്നിത്തല മഹാകുംഭ മേളയ്ക്കെത്തിയെന്ന് പ്രചാരണം
Claimed By :  SOCIALMEDIA USERS
Fact Check :  Unknown
Tags:    

Similar News