ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് എസ് 400 പ്രതിരോധ സംവിധാനത്തിന്റെ ദൃശ്യങ്ങളല്ല
റഷ്യൻ നിർമിത എസ് 400ന്റെ ദൃശ്യങ്ങളാണെന്നാണ് വാദം

Claim :
എസ് 400 പ്രതിരോധ സംവിധാനത്തിന്റെ ദൃശ്യംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയേൺ ഡോമിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
പാകിസ്താന്റെ ആക്രമണ ശ്രമങ്ങളെ തകർത്ത് ഇന്ത്യ. അത്യധുനിക ഡ്രോണുകൾ ഉൾപ്പടെ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്താൻ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങൾക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്താൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. പാകിസ്താൻ അതിർത്തിയിൽ വിന്യാസം കൂട്ടിയതായി കാണുന്നുണ്ടെന്നും ടെറിറ്റോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരുമെന്നും സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രജൌരിയിലെ ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥനുൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
അതിനിടെ പാകിസ്താൻ ആക്രമണശ്രമം തകർക്കുന്ന ഇന്ത്യയുടെ പ്രതിരോധ സംവിധാനമായ എസ് 400 എന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്.
വസ്തുത പരിശോധന:
ഇന്ത്യയുടെ പ്രതിരോധ സംവിധാനമായ എസ് 400ന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇസ്രായേൽ പ്രതിരോധ സംവിധാനമായ അയേൺ ഡോമിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന ദൃശ്യത്തിന്റെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2024 ഓഗസ്റ്റ് 3ന് എക്സിൽ പോസ്റ്റ് ചെയ്ത സമാന വീഡിയോ കണ്ടെത്തി. ലെബനാനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമണം അയേൺ ഡോം തടയുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ഗലീലിയിൽ അൻപതോളം റോക്കറ്റുകൾ ഹിസ്ബുല്ല തൊടുത്തതെന്ന വിവരണത്തോടെ കൂടുതൽ എക്സ് പോസ്റ്റുകൾ ഓഗസ്റ്റ് 4ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലഭ്യമായ സൂചന പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ സ്കൈ ന്യൂസ് 2024 ഓഗസ്റ്റ് 3ന് നൽകിയ നൽകിയ റിപ്പോർട്ട് ലഭിച്ചു. ലബനാനിൽ നിന്ന് ഹിസ്ബുള്ള തൊടുത്ത 30 ഓളം റോക്കറ്റുകൾ ഇസ്രായേൽ പ്രതിരോധ സംവിധാന തകർത്തെന്നാണ് റിപ്പോർട്ട്.
ഇറാനിയൻ തലസ്ഥാനമായ തെഹ്റാനിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഇസ്മായിൽ ഹനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഹിസ്ബുല്ല നടത്തിയ ആക്രമണമാണെന്ന് അനദോളു ഏജൻസി റിപ്പോർട്ടിലുണ്ട്. ബൈറൂത്തിൽ കമാൻഡർ ഫൗദ് ഷുക്കറിന്റെ കൊലപാതകത്തിന് മറുപടി നൽകുമെന്ന് ഹിസ്ബുല്ല പ്രതിജ്ഞയെടുത്തിരുന്നു. ഗലീലിയിലേക്ക് കുറഞ്ഞത് 50 റോക്കറ്റുകളെങ്കിലും ഹിസ്ബുല്ല തൊടുത്തെന്നാണ് റിപ്പോർട്ട്.
പാകിസ്താൻ ആക്രമണശ്രമം തടയുന്ന ഇന്ത്യയുടെ പ്രതിരോധ സംവിധാനമായ എസ് 400ന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇസ്രായേൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം ലബനാനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണം ചെറുക്കുന്ന 2024ലെ ദൃശ്യമാണ് പ്രചരിക്കുന്നത്.

