ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് സിയാൽകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യമോ?
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Claim :
പാകിസ്താനിലെ സിയാൽകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യംFact :
പ്രചാരണം വ്യാജം. വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി പരിസരത്ത് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാകിസ്താൻ അതിർത്തി സംഘർഷഭരിതമായി തുടരുകയാണ്. നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചു. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളിലാണ് പാക്ക് പ്രകോപനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രത്യാക്രമണ സാധ്യത നിലനിൽക്കെ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്. നേരത്തെ ചൈനയും തുർക്കിയെയും പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിർത്തിയിൽ അസ്ഥിരത നിലനിൽക്കെ നിരവധി വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. പാകിസ്താൻ പഞ്ചാബ് പ്രവശ്യയിലെ സിയാൽകോട്ടിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണ ദൃശ്യമെന്ന അവകാശവാദത്തോടെ ബോംബാക്രമണത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. സിയാൽകോട്ടിലെ ഇന്ത്യയുടെ ആക്രമണം, അൽ ജസീറ ചാനൽ പുറത്തുവിട്ട എക്സ്ക്ലൂസീവ് ദൃശ്യമെന്നാണ് വിവരണം. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
പാകിസ്താൻ പഞ്ചാബ് പ്രവശ്യയിലെ സിയാൽകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ അൽ ജസീറ പുറത്തുവിട്ട ദൃശ്യമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം പാകിസ്താനിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ ഖുദ്സ് ന്യൂസ് നെറ്റ്വർക്ക് എന്ന ഫല്സ്തീൻ ചാനൽ എക്സിൽ പങ്കുവെച്ച വീഡിയോ ലഭിച്ചു. വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിപരിസരത്ത് ഇസ്രായേൽ അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ. നിരവധി മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ് എന്ന വിവരണത്തോടെ 2023 നവംബർ 9നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദൃശ്യം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അൽ ജസീറ ചാനലിന്റെ ലോഗോ കാണാം. ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ അൽ ജസീറ ചാനൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത് വീഡിയോ ലഭിച്ചു. ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടെന്ന തലക്കെട്ടോടെ 2023 നവംബർ 9നാണ് വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്
വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി പരിസരത്ത് അഭയം പ്രാപിച്ച നിരവധി പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. താൽ അൽ-സതാർ ഉൾപ്പടെ ആശുപത്രി പരിസരത്ത് ഇസ്രായേൽ ആക്രമണം നടത്തിയതായും മന്ത്രാലയം അറിയിച്ചു എന്നാണ് വിവരണം. ഒന്നര വർഷത്തിലധികമായി ഗസ്സയിൽ ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 2023ൽ നടന്ന ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ സിയാൽകോട്ടിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെദൃശ്യമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. അൽ ജസീറ ചാനൽ പുറത്തുവിട്ടതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യം പാകിസ്താനിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി. വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി പരിസരത്ത് 2023ൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.

