ഫാക്ട് ചെക്ക്: പാക് അധീന കശ്മീരിലെ ആയുധപ്പുരയ്ക്ക് അജ്ഞാതർ തീയിട്ടോ?
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം

Claim :
പാക് അധീന കശ്മീരിലെ ആയുധപ്പുരയ്ക്ക് അജ്ഞാതർ തീയിട്ടുFact :
പ്രചാരണം വ്യാജം. 2022ൽ പഞ്ചാബ് പ്രവശ്യയിലെ സിയാൽക്കോട്ടിലെ ആയുധപുരയിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു. പാകിസ്താന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെ പാകിസ്താൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയിരുന്നു. പാകിസ്താനെതിരെ തിരച്ചടി തുടരുന്ന ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നതോടെ ഝലം നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പാകിസ്താൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. അതിനിടെ പാക് അധീന കാശ്മീരിലെ ലീപ താഴ്വരയിൽ പാകിസ്താൻ ആയുധപ്പുരയ്ക്ക് അജ്ഞാതർ തീയിട്ടെന്ന വിവരണത്തോടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക് അധീന കാശ്മീരിലെ ലീപ പ്രവശ്യയിലെ പാകിസ്താൻ സൈനിക ആയുധപ്പുരയ്ക്ക് അജ്ഞാതർ തീയിട്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2022 മാര്‍ച്ചില്‍ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ആയുധപ്പുരയ്ക്ക് തീപ്പിടിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്
പ്രചാരണത്തിന്റെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന ദൃശ്യം ഉപയോഗിച്ച് ദേശീയ മാധ്യമങ്ങൾ മൂന്ന് വർഷം മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ലഭിച്ചു. വൺ ഇന്ത്യ ന്യൂസ് 2022 മാർച്ച് 20ന് പാകിസ്താൻ പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കന്റോൺമെന്റ് പ്രദേശത്ത് വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട് എന്ന തലക്കെട്ടോടെ ദൃശ്യം റിപ്പോർട്ടിലുൾപ്പെടുത്തിയതായി കണ്ടെത്തി.
പാകിസ്താൻ സിയാൽകോട്ടിലെ പാക് വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപം നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി റിപബ്ലിക്ക് വേൾഡ് വാർത്തയിലുണ്ട്.
ഷോർട്ട് സർക്ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പാകിസ്താൻ സൈന്യം അറിയിച്ചതായി ഇന്ത്യ ടുഡെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലഭ്യമായ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പാകിസ്താൻ ആയുധപ്പുരയിൽ സ്ഫോടനമുണ്ടായതായി 2022 മാർച്ച് 20ന് എൻഡിടിവി നൽകിയ റിപ്പോർട്ടിൽ ഇപ്പോൾ എക്സിൽ പ്രചാരണത്തിലുള്ള സമാന വീഡിയോ ഉപയോഗിച്ചതായി കണ്ടെത്തി.
ഡെക്കാൻ ക്രോണിക്കിൾ നൽകിയ റിപ്പോർട്ടിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ ആളപായമില്ലെന്നും ഷോട്ട്സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നും പറയുന്നു. ഈ റിപ്പോര്‍ട്ടിലും പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചതായി പാകിസ്താൻ ടുഡെ നൽകിയ റിപ്പോർട്ടിലുണ്ട്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക് അധീന കാശ്മീരിലെ ലീപ പ്രവശ്യയിലെ പാകിസ്താൻ സൈനിക ആയുധപ്പുരയ്ക്ക് അജ്ഞാതർ തീയിട്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യം പാക് അധീന കാശ്മീരിൽ നിന്നുള്ളതല്ലെന്നും 2022 മാര്‍ച്ചില്‍ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ആയുധപ്പുരയ്ക്ക് തീപ്പിടിച്ചതിന്റെതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും സംഭവത്തിൽ ആളപയാമുണ്ടായിട്ടില്ലെന്നും 2022ലെ മാധ്യമ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായി.
- Tags
- pahalgamattack

