ഫാക്ട് ചെക്ക്: ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ സൈനികാഭ്യാസം? വാസ്തവമെന്ത്?
ഇന്ത്യ പാക് സംഘർഷ സാഹചര്യം നിലനിൽക്കെ ചൈനയുടെ സൈനികാഭ്യാസമെന്നാണ് വാദം

Claim :
ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ സൈനികാഭ്യാസംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പഹൽഗാം ഭീകരാക്രമണത്തിന് മുൻപുള്ള വീഡിയോയാണ് ചൈനയുടെ സൈനികാഭ്യാസം എന്ന തരത്തിൽ പ്രചരിക്കുന്നത്
പഹല്ഗാം ഭീകരാക്രമണത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടിച്ചിരിക്കുകയാണ്. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കി എന്നാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സേനയുടെ ആദ്യ പ്രതികരണം.
അതിനിടെ ഹിമാലയൻ മേഖലയിൽ ചൈന സൈനികാഭ്യാസം ആരംഭിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം നൂതന ആയുധങ്ങളും സൈനിക വിന്യാസങ്ങളും ഉൾപ്പെട്ട അഭ്യാസം ചൈനയുടെ നയതന്ത്ര നിലപാടാണ് വ്യക്തമാക്കുന്നതെന്നാണ് വിവരണം. 2020 ലെ ഗാൽവാൻ വാലി സംഘർഷം ഉൾപ്പടെ ചൈന - ഇന്ത്യൻ അതിർത്തി സംഘർഷ ചരിത്രവും ഓർമിപ്പിക്കുന്നു എന്നുമാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഇന്ത്യ - പാകിസ്താൻ സംഘർഷത്തിനിടെ ചൈന അതിർത്തിയിൽ സൈനികാഭ്യാസം തുടങ്ങിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിനും മുമ്പുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ വീഡിയോയുടം കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ഹുബെയ് ഡെയ്ലി എന്ന ചൈനീസ് മാധ്യമം സമാന വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. 2025 ഏപ്രിൽ 12നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കോംബാറ്റ് ഷൂട്ടിങ്ങും ചൈനീസ് പശ്ചാത്തലസംഗീതവും തമ്മിലെ ചേർച്ച അസാധ്യം എന്നാണ് തലക്കെട്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ പരിശോധനയിൽ ഷിൻഹുവ നെറ്റും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രത്യേക സൈനിക യൂണിറ്റ് മൾട്ടി-സബ്ജക്റ്റ് കോംബാറ്റ് ഷൂട്ടിങ് അഭ്യാസം സംഘടിപ്പിച്ചു എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റിൽ വീഡിയോയുടെ ക്രഡിറ്റ് ചൈനീസ് ആർമിക്കാണ് നൽകിയിരിക്കുന്നത്. ഏത് സ്ഥലത്താണ് സൈന്യത്തിന്റെ പരിശീലനമെന്ന് പരാമർശിക്കുന്നില്ല.
ഇന്ത്യ - പാകിസ്താൻ സംഘർഷത്തിനിടെ ചൈന ഇന്ത്യൻ അതിർത്തിയിൽ ഹിമാലയൻ താഴ്വരയിൽ സൈനിക അഭ്യാസം തുടങ്ങിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ 2025 ഏപ്രിൽ 12നാണ് ചൈനീസ് മാധ്യമങ്ങൾ പങ്കുവെച്ചതെന്ന് കണ്ടെത്തി. 2025 ഏപ്രിൽ 22നാണ് കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടിച്ച ഇന്ത്യ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനയുടെ സൈന്യം അഭ്യാസം തുടങ്ങിയെന്ന വാദം. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പത്ത് ദിവസം മുൻപ് വിവിധ ചൈനീസ് മാധ്യമങ്ങൾ നൽകിയ സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.