ഫാക്ട് ചെക്ക്: ബുർഖ ധരിച്ച മുസ്ലിം സ്ഥാനാർഥി? പ്രചാരണം വ്യാജം
മലപ്പുറം വേങ്ങര ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന തരത്തിലാണ് പ്രചാരണം

Claim :
ബുർഖ ധരിച്ച യുഡിഎഫ് സ്ഥാനാർഥിFact :
പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. വേങ്ങരയിലെ വാർഡ് 12ൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയല്ല പോസ്റ്ററിലെന്ന് കണ്ടെത്തി.
സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്കടുക്കുകയാണ്. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ നിർദേശിച്ചു. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ ബുർഖ ധരിച്ച ഒരു മുസ്ലിം സ്ത്രീയുടെ ചിത്രമുൾപ്പെടുത്തി തെരഞ്ഞെടുപ്പ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 12 ലെ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ബുർഖ ധരിച്ച സ്ത്രീയുടെ ചിത്രമുള്ളത്. എസ് പി ഫാത്തിമ നസീർ എന്നാണ് സ്ഥാനാർഥിയുടെ പേര്. ഏണി ചിഹ്നവും കാണാം. "UDF ൻ്റെ ഒരു സ്ഥാനാർത്ഥിയാണ് ....ഇത് അവർ തന്നെയാണ് എന്ന് വ്യക്തമാക്കുന്നവർക്ക് 10 കോടി ഇനാം ..... UDF കാരെ നിങ്ങൾ ഇതൊക്കെ ചുമന്നോളൂ.." എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ബുർഖ ധരിച്ച മുസ്ലിം സ്ഥാനാർഥിയെന്ന തരത്തിൽ പ്രചരിക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ വ്യാജമാണെന്ന് കണ്ടെത്തി. വേങ്ങര വാർഡ് 12ൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയല്ല പ്രചരിക്കുന്ന പോസ്റ്ററിലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന പോസ്റ്ററിലെ ബുർഖ ധരിച്ച സ്ത്രീയുടെ ചിത്രം സ്ഥാനാർഥി ആരെന്ന് വ്യക്തമാകാത്തതിനാൽ തെരഞ്ഞെടുപ്പ് പോസ്റ്ററിലുപയോഗിക്കുന്നതിൻ്റെ സാധ്യത സംശയമുളവാക്കുന്നുണ്ട്. പോസ്റ്ററിൽ സൂചിപ്പിച്ച വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 12ൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥി ആരാണെന്ന് അന്വേഷിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ സ്ഥാനാർഥികളുടെ വിവരം നൽകിയിട്ടുണ്ട്. വേങ്ങര വാർഡ് 12 സൌദി നഗറിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി ഏണി ചിഹ്നത്തിൽ മത്സരിക്കുന്നത് എൻ ടി മൈമൂന എന്ന വ്യക്തിയാണെന്ന് കണ്ടെത്തി. ഇവരുടെ ചിത്രവും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി ഉമൈബ എന്ന വ്യക്തിയും മത്സരിക്കുന്നതായി കാണാം.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന ഐയുഎംഎൽ സ്ഥാനാർഥിയാണ് എൻ ടി മൈമൂന. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വ്യാജ പോസ്റ്റാണെന്നും മൈമൂന പറഞ്ഞു. "എസ് പി ഫാത്തിമ നസീർ എന്ന വ്യക്തി ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി വേങ്ങരയിൽ നിന്ന് മത്സരിക്കുന്നില്ല. പ്രചരിക്കുന്ന പോസ്റ്ററുമായി മുസ്ലിം ലീഗിന് ബന്ധമില്ല. താൻ നിലവിൽ വാർഡ് 21ൽ നിന്നുള്ള മെമ്പറാണ്. ഇത്തവണ വാർഡ് 12ൽ നിന്ന് മത്സരിക്കുന്നു" മൈമൂന തെലുഗു പോസ്റ്റിനോട് പറഞ്ഞു. വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 21 പാങ്ങാട്ടുകുണ്ടിലെ മെമ്പറായിരുന്നു എൻ ടി മൈമൂന എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിൽ നിന്ന് സ്ഥിരീകരിച്ചു.
എൻ ടി മൈമൂനയുടെ പോസ്റ്റർ എഡിറ്റ് ചെയ്താണോ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം എന്നറിയാൻ മൈമൂനയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ ആവശ്യപ്പെട്ടു. വികസന പൂർത്തീകരണത്തിനായി നന്മയുള്ള നാട്ടുകാരി എന്ന വിവരണത്തോടെയാണ് മൈമൂനയുടെ പോസ്റ്റർ. സർവം സജ്ജം യുഡിഎഫ് എന്ന മുദ്രാവാക്യവും കാണാം. ഈ പോസ്റ്ററിൻ്റെ ഡിസൈനോ ഫോണ്ടുമായോ വൈറൽ പോസ്റ്റിന് ബന്ധമില്ലെന്ന് വ്യക്തമായി.
വേങ്ങര പഞ്ചായത്തിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർഥികളുടെയും വിവരങ്ങളടങ്ങിയ പോസ്റ്ററും ലഭിച്ചു. ഇതിലെവിടെയും എസ് പി ഫാത്തിമ നസീർ എന്ന സ്ഥാനാർഥിയോ ബുർഖ ധരിച്ച സ്ഥാനാർഥിയോ ഇല്ലെന്ന് വ്യക്തമായി.
സ്ഥിരീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ആരാണെന്നും പരിശോധിച്ചു. മത്സരിക്കുന്നവരുടെ പേരുവിവരങ്ങളിലും എസ് പി ഫാത്തിമ നസീർ എന്ന പേര് കണ്ടെത്താനായില്ല.
ഇതോടെ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന ബുർഖ ധരിച്ച മുസ്ലി സ്ഥാനാർഥി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും സൂചിപ്പിക്കുന്ന വാർഡിലേക്ക് മത്സരിക്കുന്ന വ്യക്തിയല്ല പോസ്റ്ററിലെന്നും വ്യക്തമായി

