ഫാക്ട് ചെക്ക്: തൊപ്പി ധരിച്ച മുസ്ലിമിനെ ആക്രമിക്കുന്ന യുവാക്കളോ ? വസ്തുത അറിയാം
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആക്രമണങ്ങളും നടക്കുന്നതിനിടെയാണ് പ്രചാരണം

Claim :
തൊപ്പി ധരിച്ച മുസ്ലിമിനെ ആക്രമിക്കുന്ന യുവാക്കൾFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സ്ക്രിപ്റ്റഡ് വീഡിയോയാണ് യഥാർഥമെന്ന തരത്തിൽ പ്രചരിക്കുന്നത്
വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കടുക്കുകയാണ്. ബംഗാളിലെ മുര്ഷിദാബാദില് ആക്രമണത്തിൽ 150-ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. നിയമ ഭേദഗതിയുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർ ഒരു മുസ്ലീം പുരുഷനെ ഉപദ്രവിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്. നടന്നു നീങ്ങുന്ന ഒരാളുടെ തൊപ്പി ബൈക്കിലെത്തിയ യുവാക്കൾ തട്ടിയെടുക്കുന്നതാണ് ദൃശ്യത്തിൽ. തുടർന്ന് മറ്റൊരു ബൈക്ക് യാത്രികൻ അവരെ പിന്തുടരുകയും പിടികൂടുകയും അവരുടെ പക്കൽ നിന്ന് തൊപ്പി തിരിച്ചുവാങ്ങുന്നുമുണ്ട്. കീറിയ തൊപ്പി വീഡിയോയുടെ അവസാനത്തിൽ കാണിക്കുന്നുണ്ട്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് ഒരു അന്ധ ഭക്തൻ തെരുവിൽ വെച്ച് ഒരു മുസ്ലീമിന്റെ തൊപ്പി ഊരിമാറ്റുകയായിരുന്നു. പക്ഷേ, അബ്ദുൽ അയാളുടെ അഹങ്കാരത്തെ ഇല്ലാതാക്കി- മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അബ്ദുൽ അയാളെ ഇടിച്ചു. ഈ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല" (ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന വിവരണത്തോടെ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
മുസ്ലീം പുരുഷനെ ഉപദ്രവിച്ച് തലയിലെ തൊപ്പി തട്ടിയെടുക്കുന്ന ബൈക്കിലെത്തിയ രണ്ട് പേരെ പാഠം പഠിപ്പിക്കുന്ന യുവാക്കൾ എന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സ്ക്രിപ്റ്റഡ് യൂട്യൂബ് വീഡിയോയാണ് യഥാർഥ വീഡിയോയായി പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിൽ ഇൻസ്റ്റഗ്രാം ഐഡിയും ഒരു പേരുമുണ്ട്. Mulklesur_Ali എന്നാണ് ഇൻസ്റ്റഗ്രാം യൂസർ നെയിം. ‘Muklesur Bhaijaan’ എന്നും എഴുതിയതായി കാണാം. ലഭ്യമായ വിവരം പ്രകാരം നടത്തിയ അന്വേഷണത്തിൽ Mulklesur_Ali എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി.
2025 ഏപ്രിൽ 12നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അക്കൌണ്ട് ഉടമ വ്ളോഗറാണെന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നതായും വിവരണം നൽകിയിട്ടുണ്ട്.
സമാന രീതിയിൽ നിരവധി റീലുകളും അക്കൌണ്ടിൽ പോസ്റ്റ് ചെയ്തതിട്ടുണ്ട്.
ഇൻസ്റ്റഗ്രാം അക്കൌണ്ടിലെ ബയോയിൽ നിന്ന് ലഭ്യമായ സൂചന പ്രകാരം യൂട്യൂബ് പേജ് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയുടെ എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. യൂട്യൂബർ വെഴ്സസ് ചപ്രി എന്ന തലക്കെട്ടോടെയാണ് വീഡിയോ. മുസ്ലിം യുവാവിന്റെ തൊപ്പി തട്ടിയെടുക്കുന്ന ബൈക്കിലെത്തിയ യുവാക്കളുടെ പിന്നാലെ പോകുന്ന മറ്റൊരു ബൈക്കിലെത്തിയ യൂട്യൂബർ തൊപ്പി തിരികെ വാങ്ങിക്കൊടുക്കുന്നതും ആക്രമിച്ച യുവാക്കളെ നേരിടുന്നതുമാണ് വീഡിയോയിലുള്ളത്.
പ്രസ്തുത യൂട്യൂബ് പേജ് പരിശോധിക്കുമ്പോൾ റൈഡിങ് വീഡിയോകളും സ്ക്രിപ്റ്റഡ് വീഡിയോകളുമാണ് പേജിൽ പോസ്റ്റ് ചെയ്യുന്നതെന്ന് ഡിസ്ക്രിപ്ഷൻ നൽകിയതായി കാണാം. ഇതേ പേജിൽ സമാന രീതിയിലുള്ള നിരവധി സ്ക്രിപ്റ്റഡ് വീഡിയോകളും പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
ചാനലിലെ മറ്റു വീഡിയോകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇപ്പോൾ പ്രചാരണത്തിലുള്ള വീഡിയോയിൽ ആക്രമിക്കപ്പെടുന്ന വ്യക്തിയെ മറ്റൊരു വീഡിയോയിലും കണ്ടെത്താനായി.
ആക്രമണത്തിന് ഇരയായ വ്യക്തി തന്നെയാണ് മറ്റ് വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നതെന്ന് വ്യക്തമായി.
മുസ്ലീം പുരുഷനെ ബൈക്കിലെത്തി ഉപദ്രവിക്കുകയും തലയിലെ തൊപ്പി തട്ടിയെടുക്കുകയും ചെയ്യുന്ന രണ്ട് യുവാക്കളെ നേരിട്ട് തൊപ്പി തിരികെ വാങ്ങി നൽകുന്ന യുവാവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. കണ്ടന്റ് ക്രിയേറ്ററായ മുക്ലേസുർ ഭായിജാൻ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത സ്ക്രിപ്റ്റഡ് വീഡിയോയാണ് യഥാർഥ വീഡിയോയായി പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രസ്തുത പേജിൽ സമാന രീതിയിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. വീഡിയോകൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മുക്ലേസുർ അലി എന്നാണ് ഇൻസ്റ്റഗ്രാം യൂസർ നെയിം. മുസ്ലീങ്ങളെ പീഡനത്തിന് ഇരയാക്കുന്ന സ്ക്രിപ്റ്റഡ് വീഡിയോകൾ പതിവായി പങ്കിടുന്നു യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം അക്കൌണ്ടിലും പോസ്റ്റ് ചെയ്ത വീഡിയോയാണ് യഥാർഥ സംഭവമായി പ്രചരിക്കുന്നത്.