ഫാക്ട് ചെക്ക്: മുത്തശ്ശിയെ വിവാഹം ചെയ്ത മുസ്ലിം യുവാവ്? പ്രചാരണത്തിന്റെ വസ്തുതയെന്ത്
22 വയസ്സുകാരൻ സ്വന്തം മുത്തശ്ശിയെ വിവാഹം ചെയ്തെന്നാണ് പ്രചാരണം

Claim :
52 വയസ്സുകാരിയായ മുത്തശ്ശിയെ വിവാഹം ചെയ്ത മുസ്ലിം യുവാവ്Fact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. സ്ക്രിപ്റ്റഡ് വീഡിയോയിൽ നിന്നുള്ള ഭാഗമാണ് മുസ്ലിം യുവാവ് മുത്തശ്ശിയെ വിവാഹം കഴിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത്
ഹരിയാനയിൽ നിന്നുള്ള 21 വയസ്സുള്ള ഒരു മുസ്ലീം യുവാവ് തന്റെ മുത്തശ്ശിയെ വിവാഹം കഴിച്ചുവെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 21 വയസ്സുള്ള മുഹമ്മദ് ഇർഫാൻ തന്റെ മുത്തശ്ശി സുൽത്താന ഖാത്തൂനുമായി വിവാഹിതനായി. ഇതിനെ നിങ്ങൾ എന്ത് വിളിക്കും? എന്നാണ് സമൂഹ മാധ്യമ പോസ്റ്റുകളിലെ ചോദ്യം. ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ സംഭവം. ഹരിയാനയിൽ നിന്നുള്ള 21 വയസ്സുള്ള മുഹമ്മദ് ഇർഫാൻ എന്ന മുസ്ലീം യുവാവ് സ്വന്തം മുത്തശ്ശി സുൽത്താന ഖാത്തൂണിനെ വിവാഹം കഴിച്ചു. അടുത്ത ബന്ധങ്ങളുടെ എല്ലാ അതിരുകളും ലംഘിച്ചു. ഭർത്താവിന്റെ മരണശേഷം സുൽത്താന ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പരിചരണവും പിന്തുണയും നൽകുന്നതിനായി ഇർഫാൻ അവരോടൊപ്പം താമസിച്ചിരുന്നു. കാലക്രമേണ, അവരുടെ ബന്ധം കൂടുതൽ ശക്തമായി, ഒടുവിൽ വിവാഹത്തിലേക്ക് നയിച്ചതായി റിപ്പോർട്ടുണ്ട്. എന്നിങ്ങനെയുള്ള വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
21 വയസ്സുള്ള ഒരു മുസ്ലീം യുവാവ് തന്റെ മുത്തശ്ശിയെ വിവാഹം കഴിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം ഒരു സ്ക്രിപ്റ്റഡ് വീഡിയോയിൽ നിന്നുള്ളതാണെന്നും കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2022ൽ എബിപി ന്യൂസ് , ഇന്ത്യ ടിവി ഉൾപ്പടെയുള്ള നിരവധി മുഖ്യധാരാ വാർത്താ ഏജൻസികൾ ഇതേ വീഡിയോയെക്കുറിച്ച് തെറ്റായി റിപ്പോർട്ട് ചെയ്തതായും വസ്തുത അന്വേഷണ ഏജൻസികൾ അത് പൊളിച്ചെഴുതിയതായും കണ്ടെത്തി. അന്ന് പ്രചരിച്ച വീഡിയോയിൽ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി വധൂവരന്മാരോട് പ്രായം ചോദിക്കുന്നതായി കാണാം. തനിക്ക് 21 വയസ്സാണെന്നും വധുവിന് 52 വയസ്സാണെന്നും വരൻ മറുപടി നൽകുന്നുണ്ട്. വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വരൻ പറയുന്നത് ഇങ്ങനെയാണ്, "പ്രണയത്തിന് പ്രായമില്ല. പ്രണയം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഹൃദയം കാണാം." സന്തോഷവതിയാണെന്ന് വധുവും പറയുന്നു, "നിങ്ങളേക്കാൾ കൂടുതൽ ഞാൻ അവനെ വിശ്വസിക്കുന്നു. ഞാൻ മൂന്ന് വർഷമായി അവനെ കാണുന്നു." എന്നും വധു കൂട്ടിച്ചേർക്കുന്നുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിൽ 2022 നവംബറിൽ ഒരു ഫേസ്ബുക്ക് പേജിൽ സമാന വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. 'ദേശി ചോറ കെ വ്ലോഗ്സ്' വീഡിയോയുടെ പൂർണ്ണ പതിപ്പ് 2022 നവംബർ 20 ന് അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വീഡിയോയിൽ 21കാരനായ യുവാവിൻ്റെയും 52 വയസ്സുള്ള സ്ത്രീയുടെയും പ്രണയം എന്നാണ് വിവരണം.
10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ തന്നെ, ഒരു മുന്നറിയിപ്പ് നൽകിയതായി കാണാം. 0:23 ടൈംസ്റ്റാമ്പിലാണ് മുന്നറിയിപ്പ്. ഈ വീഡിയോയിലെ എല്ലാ കഥാപാത്രങ്ങളും പേരുകളും സ്ഥലങ്ങളും സംഭവവും പൂർണ്ണമായും സാങ്കൽപ്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യമുണ്ടെങ്കിൽ തികച്ചും യാദൃച്ഛികമാണ് എന്നാണ് മുന്നറിയിപ്പിലുള്ളത്.
വീഡിയോയിൽ ഇരുവരും പേരുകൾ പറയുന്നുണ്ട്. യുവാവിൻ്റെ പേര് രോഹിത് എന്നും സ്ത്രീയുടെ പേര് ശാന്തി എന്നും ചോദ്യത്തിന് മറുപടി നൽകുന്നുണ്ട്. സമാന രീതിയിലുള്ള നിരവധി വീഡിയോകൾ പ്രസ്തുത യൂട്യൂബ് പേജിൽ കാണാം.
‘ഓൾ ഇൻ വൺ ന്യൂസ്’ എന്ന ഒരു ചാനൽ സമാന വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടിലെ മിക്കവാറും എല്ലാ വീഡിയോകളും വിവാഹം / ദാമ്പത്തിക ബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്.
പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ പോസ്റ്റ് ചെയ്ത വൈറൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ വീഡിയോ വിനോദത്തിനായി ചിത്രീകരിച്ചതാണെന്നും ചാനൽ വിനോദത്തിന് മാത്രമാണെന്നും വിദ്വേഷ പ്രചാരണത്തിനായി വീഡിയോ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയതായി കാണാം. 2022 ഡിസംബർ എട്ടിനാണ് വീഡിയോ ഈ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
ഹരിയാനയിൽ നിന്നുള്ള 21 വയസ്സുള്ള ഒരു മുസ്ലീം യുവാവ് തന്റെ മുത്തശ്ശിയെ വിവാഹം കഴിച്ചുവെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം ഒരു സ്ക്രിപ്റ്റഡ് വീഡിയോയിൽ നിന്നുള്ളതാണെന്നും 2022 മുതൽ പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും വ്യക്തമായി