വസ്തുത പരിശോധന: ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് സെയ്ഫ് 11,000 രൂപ നൽകിയോ?
ഓട്ടോഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് 11,000 നൽകിയത് സെയ്ഫ് അലി ഖാൻ അല്ലെന്ന് കണ്ടെത്തി

Claim :
ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർക്ക് സെയ്ഫ് അലി ഖാൻ നൽകിയത് 11,000 രൂപ മാത്രംFact :
സെയ്ഫ് അലി ഖാൻ നൽകിയ തുക ഓട്ടോഡ്രൈവർ വെളിപ്പെടുത്തിയിട്ടില്ല. 11,000 രൂപ നൽകിയത് മറ്റൊരു വ്യക്തി
ജനുവരി 16 നാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് തന്റെ വസതിയിൽ വെച്ച് കുത്തേറ്റത്. കവർച്ച ശ്രമത്തിനിടെ കുത്തേറ്റ അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റു. രക്തം വാർന്നൊഴുകിയ സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആറ് കുത്തുകളേറ്റ സെയ്ഫ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് സുഹൃത്ത് സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സമയത്ത് വീട്ടിൽ സ്വകാര്യ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ സെയ്ഫിനെ മകൻ ഇബ്രാഹീം ഓട്ടോയിൽ അടുത്തുള്ള ലീലാവതി ആശുപത്രിയിലെത്തിക്കുയായിരുന്നു. ഭജൻ സിങ് റാണ എന്ന ഓട്ടോ ഡ്രൈവറാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചെതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മോഷ്ടാവിൻ്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ 47കാരനായ ഓട്ടോറിക്ഷ ഡ്രൈവർ ഭജൻ സിങ് റാണയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റത് സെയ്ഫ് അലി ഖാനാണെന്ന് അറിയില്ലായിരുന്നുവെന്നും നടന്ന സംഭവും പിന്നീട് റാണ പറഞ്ഞു.
എന്നാൽ തന്നെ രക്ഷിച്ച ഭജൻ സിങ് റാണയ്ക്ക് 11,000 രൂപ മാത്രമാണ് സെയ്ഫ് അലി ഖാൻ പാരിതോഷികം നൽകിയതെന്നും മോശമായിപ്പോയെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11,000 രൂപ മാത്രമാണ് സെയ്ഫ് പാരിതോഷികം നൽകിയതെന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണെന്ന് കണ്ടെത്തി. സെയ്ഫ് നൽകിയ തുക വെളിപ്പെടുത്തില്ലെന്ന് ഓട്ടോഡ്രൈവറായ ഭജൻ സിങ് റാണ വ്യക്തമാക്കിയിട്ടുണ്ട്. 11,000 രൂപ നൽകിയത് മറ്റൊരു വ്യക്തിയാണെന്നും കണ്ടെത്താനായി.
ഓട്ടോഡ്രൈവറായ ഭജൻ സിങ് റാണയെ സെയ്ഫ് അലി ഖാൻ കണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. കീവേഡ് പരിശോധനയിൽ ആശുപത്രിയിൽ നിന്നിറങ്ങുന്നതിന് മുൻപ് തന്നെ സെയ്ഫ് റാണയെ കണ്ടതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെടുത്ത ചിത്രവും മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ജനുവരി 22നാണ് സെയ്ഫ് റാണയെ കണ്ടത്
ഭജൻ സിങ് റാണയ്ക്ക് തന്നെ ആശുപത്രിയിലെത്തിച്ചതിന് സെയ്ഫ് അലി ഖാൻ എന്തെങ്കിലും പാരിതോഷികം നൽകിയോ എന്നും അന്വേഷിച്ചു. കീവേഡ് പരിശോധനയിൽ തന്റെ ജീവൻ രക്ഷിച്ച ഭജൻ സിങ് റാണയോട് നന്ദി പറഞ്ഞ സെയ്ഫ് അലി ഖാൻ സാമ്പത്തിക സഹായം നൽകിയെന്നും കണ്ടെത്തി. വാർത്ത ഏജൻസികളോട് റാണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ തനിക്ക് സെയ്ഫ് നൽകിയ സാമ്പത്തിക സഹായത്തിന്റെ തുക വെളിപ്പെടുത്തില്ലെന്നും റാണ പറഞ്ഞതായി ഇൻഡ്യ ടുഡെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ സമ്മാനമായി ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് താൻ ആവശ്യപ്പെടില്ലെന്നും എന്നാൽ സമ്മാനമായി ലഭിച്ചാൽ സ്വീകരിക്കുമെന്നും റാണ മറുപടി പറഞ്ഞു. അതേ സമയം ജനുവരി 22ന് ഇൻഡ്യ ടുഡെ നൽകിയ എക്സ്ക്ലൂസീവ് വാർത്തയിൽ സെയ്ഫ് അലി ഖാൻ ഭജൻ സിങ് റാണയ്ക്ക് 50,000 രൂപ പാരിതോഷികം നൽകിയെന്ന് പറയുന്നുണ്ട്.
അതേടൊപ്പം ഭജൻ സിങ് റാണയ്ക്ക് മറ്റൊരെങ്കിലും പാരിതോഷികം നൽകിയോയെന്ന് അന്വേഷിച്ചു. ബോളിവുഡ് ഗായകൻ മിക സിങ് റാണയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി എൻഡിടിവി മൂവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിൽ റാണയ്ക്ക് 11,000 രൂപ പാരിതോഷികം നൽകിയ സാമൂഹ്യപ്രവർത്തകനെ കുറിച്ച് വാർത്തകൾ കണ്ടെത്തി. പിങ്ക് വില്ല നൽകിയ വാർത്തയിൽ ഫൈസാൻ അൻസാരി എന്ന വ്യക്തിയാണ് പണം നൽകിയതെന്നും പരാമർശിക്കുന്നുണ്ട്. ഒരു സ്ഥാപനമാണ് തുക നൽകിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതിന് വെറും 11,000 രൂപ മാത്രമാണ് സെയ്ഫ് പാരിതോഷികം നൽകിയതെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. സെയ്ഫ് അലി ഖാൻ നൽകിയ തുക വെളിപ്പെടുത്തില്ലെന്ന് ഓട്ടോഡ്രൈവർ റാണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് പുറമെ സാമൂഹ്യപ്രവർത്തകൻ 11,000 രൂപ റാണയ്ക്ക് നൽകിയിട്ടുണ്ട്. ഇതാണ് സെയ്ഫ് നൽകിയതെന്ന തരത്തിൽ പ്രചരിക്കുന്നത്