ഫാക്ട്ചെക്ക്: എ മൈൻക്രാഫ്റ്റ് മൂവീ പ്രദർശനത്തിനിടെ പടക്കം പൊട്ടിക്കുന്ന ആരാധകർ? വാസ്തവമറിയാം
തിയറ്ററിനകത്ത് ചിത്രം പ്രദർശിപ്പിക്കുന്നതിനിടെ പടക്കങ്ങൾ പൊട്ടിച്ചെന്നാണ് പ്രചാരണം

Claim :
എ മൈൻക്രാഫ്റ്റ് മൂവീ പ്രദർശനത്തിനിടെ തിയറ്ററിൽ പടക്കം പൊട്ടിച്ച് ആരാധകർFact :
ബോളിവുഡ് ചിത്രം ടൈഗർ 3യുടെ പ്രദർശനത്തിനിടെ 2023ൽ നടന്ന സംഭവമാണ് പ്രചരിക്കുന്നത്
സൂപ്പർ താരങ്ങളും മാസ് പ്രകടനങ്ങളും താരാരാധനയും ആഘോഷങ്ങളുമാണ് മാസ് സിനിമകളുടെ മുദ്ര. താരങ്ങളോടുള്ള അമിതമായ അഭിനിവേശം സിനിമ ലോകത്ത് പതിവാണെങ്കിലും ചില ഘട്ടങ്ങളിൽ താരാരാധന അതിരുകടക്കാറുണ്ട്. റിലീസിനോടനുബന്ധിച്ച് സൂപ്പർ താരങ്ങളുടെ കട്ടൌട്ടുകൾ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതും ആദ്യ ദിനം നടത്തുന്ന പ്രത്യേക ഫാൻ ഷോ ആഘോഷങ്ങളും അമിതാഘോഷം ജീവനെടുത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. തെലുഗു സൂപ്പർ സ്റ്റാർ അല്ലു അർജുൻ ചിത്രമായ പുഷ്പ റിലീസിനിടെ ഹൈദരാബാദിലെ തിയറ്ററിലെത്തിയ താരത്തെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിരുകടന്ന താരാരാധന മൂലം ആത്മഹത്യ ചെയ്തവരുമുണ്ട്. ആഘോഷങ്ങളും അതിരുവിടാറുണ്ട്. സിനിമാ തിയേറ്ററിനുള്ളിൽ പ്രദർശനത്തിനിടെ പടക്കം പൊട്ടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്ക്രീനിന് തൊട്ടുമുന്നിൽ നിന്നാണ് പടക്കങ്ങൾ പൊട്ടിക്കുന്നത്. എ മൈൻക്രാഫ്റ്റ് മൂവീ എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രചാരണം. 2011-ൽ പുറത്തിറങ്ങിയ മൊജാങ് സ്റ്റുഡിയോസിന്റെ വീഡിയോ ഗെയിമായ മൈൻക്രാഫ്റ്റിനെ അടിസ്ഥാനമാക്കി ജേർഡ് ഹെസ് സംവിധാനം ചെയ്ത 2025-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് എ മൈൻക്രാഫ്റ്റ് മൂവി. "എ മൈൻക്രാഫ്റ്റ് മൂവീ എന്ന സിനിമക്കിടെ തിയറ്ററിൽ വെടിക്കെട്ട്" എന്ന അടിക്കുറിപ്പോടെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
എ മൈൻക്രാഫ്റ്റ് മൂവീ സിനിമാ പ്രദർശനത്തിനിടെയുള്ള ദൃശ്യങ്ങളല്ല പ്രചരിക്കുന്നതെന്ന് കണ്ടെത്തി. 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ടൈഗർ 3 യുടെ പ്രദർശനത്തിനിടെയാണ് ആരാധകർ പടക്കം പൊട്ടിച്ചതെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ എവിടെ നിന്നുള്ളതാണെന്ന് പോസ്റ്റുകളിൽ പരാമർശിക്കുന്നില്ല. കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ നേരത്തെയും ദൃശ്യം പ്രചരിച്ചതായി കണ്ടെത്തി. വിജയ് ചിത്രം ഗോട്ടിന്റെ പ്രദർശനത്തിനിടെ തിയറ്ററിൽ പടക്കം പൊട്ടിക്കുന്ന ആരാധകർ എന്ന വിവരണത്തോടെയാണ് ഫെയ്ബുക്കിൽ ദൃശ്യം പ്രചരിച്ചത്. എന്നാൽ വിവിധ വസ്തുത അന്വേഷണ ഏജൻസികൾ ഈ വാദം തെറ്റാണെന്നും ഗോട്ട് സിനിമയുടെ പ്രദർശനത്തിനിടെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനയിൽ എൻഡിടിവി നൽകിയ റിപ്പോർട്ട് ലഭിച്ചു. 2023 നവംബർ 13ന് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം മഹാരാഷ്ട്രയിലെ മാലേഗാവിലുള്ള മോഹൻ സിനിമ തിയറ്ററിൽ സൽമാൻ ഖാന്റെ ‘ടൈഗർ 3’ യുടെ പ്രദർശനത്തിനിടെയാണ് സംഭവം. 2023 നവംബർ 12-ന് 21:30 ന് നടന്ന ഷോയ്ക്കിടെ സ്ക്രീനിന് സമീപം പടക്കങ്ങൾ പൊട്ടിയപ്പോൾ തിക്കും തിരക്കുമുണ്ടായെന്നും കാണികൾ പരിഭ്രാന്തരായെന്നും വാർത്തയിലുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായുമാണ് റിപ്പോർട്ട്
ടൈംസ് ഓഫ് ഇന്ത്യയും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ സിനിമാ തിയറ്ററിനുള്ളിൽ ‘ടൈഗർ 3’ പ്രദർശനത്തിനിടെ സൽമാൻ ഖാൻ ആരാധകർ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നതിനെത്തുടർന്ന് മലേഗാവ് പൊലീസ് 112, 117 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു എന്നാണ് ട്വീറ്റ്
തിയറ്ററിലെത്തിയവരെ രണ്ടു തവണ പരിശോധിച്ചതാണെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്നറിയില്ലെന്നുമാണ് തിയറ്റർ ഉടമ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
എ മൈൻക്രാഫ് മൂവീ എന്ന ഹോളിവുഡ് സിനിമയുടെ പ്രദർശനത്തിനിടെ ആരാധകർ പടക്കം പൊട്ടിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 2023ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ടൈഗർ 3യുടെ പ്രദർശനത്തിനിടെ മഹാരാഷ്ട്രയിലെ മലേഗാവിലെ തിയറ്ററിലാണ് സംഭവമെന്നും അന്വേഷണത്തിൽ വ്യക്തമായി. 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രമാണ് എ മൈൻക്രാഫ്റ്റ് മൂവി. ആഗോളതലത്തിൽ 550 മില്യൺ ഡോളർ പിന്നിട്ടെന്നാണ് കണക്കുകൾ.