ഫാക്ട് ചെക്ക്: ഡൽഹി വിമാനത്താവളത്തിൽ വെള്ളപ്പൊക്കം? വാസ്തവമെന്ത്
വിമാനത്താവളത്തിലെ റൺവെയിൽ വെള്ളംകയറിയ ദൃശ്യമാണ് പ്രചരിക്കുന്നത്

Claim :
ഡൽഹി വിമാനത്താവളത്തിൽ വെള്ളപ്പൊക്കംFact :
പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ദൃശ്യം 2024 ഏപ്രിലിൽ പേമാരിയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ ദുബൈ വിമാനത്താവളത്തിൽ നിന്നുള്ളതാണ്
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു. താപനില 32-34 ഡിഗ്രിയിൽ തുടരുന്ന ഡൽഹിയിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. അതിനിടെ കൃത്രിമ മഴ പെയ്യിക്കാൻ ക്ലൌഡ് സീഡിങ്ങിനും ഡൽഹി സർക്കാർ പദ്ധതിയിടുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് കൃത്രിമ മഴ പദ്ധതിയിടുന്നത്. ഐഐടി കാൻപുരിന്റെ സഹായത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ജൂലൈ 4 മുതൽ 11 വരെയുള്ള ദിവസങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിട്ടതെങ്കിലും കാലാവസ്ഥ അനൂകൂലമല്ലാത്തതിനാൽ പദ്ധതി മാറ്റിവെച്ചു. ആഗസ്റ്റ് അവസാനവാരത്തിലോ സെപ്തംബറിലോ കൃത്രിമ മഴ പരീക്ഷിക്കാനാണ് നീക്കമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മഴമേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക - രാസപ്രവർത്തനങ്ങൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ചുകൂട്ടി മഴ ലഭിക്കേണ്ട പ്രദേശത്തിനു മുകളിലെത്തിച്ച് ഈ രാസവസ്തുക്കൾ പ്രത്യേക വിമാനങ്ങളിൽനിന്നു മേഘങ്ങളിലേക്കു സ്പ്രേ ചെയ്യും. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ നീരാവിയെ ഘനീഭവിപ്പിച്ച് വെള്ളത്തുള്ളികളാക്കി മാറ്റും. ഭൂമിയിൽനിന്ന് ഏകദേശം 16,000-20,000 അടി ഉയരത്തിലാണ് ഈ പ്രക്രിയ നടത്തുന്നത്.
അതിനിടെ കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൽ വെള്ളപ്പൊക്കം എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവെയെന്ന അവകാശവാദത്തോടെ വിമാനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയ ദൃശ്യമാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള റൺവെയിൽ വെള്ളപ്പൊക്കമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യത്തിന്റെ കീഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന ദൃശ്യം 7 ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു എന്ന തലക്കെട്ടോടെ 2024 ഏപ്രിൽ 17നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുബൈയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായി, വാഹനങ്ങൾ വെള്ളത്തിനടിയിലായി, വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു എന്നാണ് വിവരണം.
കൂടുതൽ പരിശോധനയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ നൽകിയതായി കണ്ടെത്തി. ടിആർടി വേൾഡ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തെ മറ്റൊരു ദൃശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ ബിബിസി 2025 ഏപ്രിൽ 20ന് നൽകിയ റിപ്പോർട്ട് ലഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും അയൽ രാജ്യങ്ങളിലും ഉണ്ടായ പേമാരിയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടസപ്പെട്ട സർവീസ് പുനരാരംഭിച്ചെന്നാണ് വാർത്ത. പ്രചരിക്കുന്ന ദൃശ്യത്തിൽ നിന്നുള്ള ചിത്രവും ബിബിസി റിപ്പോർട്ടിലുപയോഗിച്ചുട്ടുണ്ട്.
ഡൽഹി വിമാനത്താവളത്തിൽ ഏതെങ്കിലും തരത്തിൽ വെള്ളപ്പൊക്കം ഉണ്ടായോ എന്നറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ 2025 ജുലൈ മാസത്തിൽ ഒന്നും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തിയില്ല. എന്നാൽ 2025 ജൂൺ 17ന് ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലേക്ക് മഴവെള്ളം ചോർന്നതിനെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ലഭിച്ചു. ടെർമിനലിനുള്ളിൽ എയർപോർട്ട് ജീവനക്കാർ ബക്കറ്റുകൾ ഉപയോഗിച്ച് വെള്ളം നീക്കുന്ന ദൃശ്യമുൾപ്പടെയാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്ന പോസ്റ്റിൽ അവകാശപ്പെടും പോലെ റൺവേയിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ലഭിച്ചില്ല.
കനത്ത മഴ തുടരുന്നതിനിടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള റൺവെയിൽ വെള്ളപ്പൊക്കമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം ഇന്ത്യയിൽ നിന്നുള്ളതല്ല മറിച്ച് 2024 ഏപ്രിലിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

