വസ്തുത പരിശോധന: കുംഭമേളയിൽ പങ്കെടുക്കാൻ ഹംഗറി പ്രധാനമന്ത്രിയെത്തിയോ?
ഹംഗറി പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത് പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാനെന്ന് പ്രചാരണം

Claim :
ഹംഗറി പ്രധാനമന്ത്രി കുംഭമേളയ്ക്കെത്തിFact :
ഹംഗറി പ്രധാനമന്ത്രി കേരളത്തിലെത്തിയത് അവധി ആഘോഷിക്കാൻ
ഹൈന്ദവ തീർഥാടന സംഗമമായ കുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പുരോഗമിക്കുകയാണ്. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ഇത്തവണ മഹാ കുംഭമേളയാണ്. 144 വർഷത്തിലൊരിക്കൽ നടക്കുന്ന തീർഥാടന സംഗമമാണ് മഹാ കുംഭമേള. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ മഹാ കുംഭമേള. ഭക്തരും സന്യാസിമാരും ഋഷിമാരും പങ്കെടുക്കുന്ന സംഗമത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഇത്തവണ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പ്രമുഖ ടെക് ബ്രാൻഡായ ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറേൻ പവൽ കുംഭമേളയ്ക്കെത്തിയതും വാർത്തയായിരുന്നു.
എന്നാൽ ഹംഗറി പ്രധാനമന്ത്രി കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുയാണ്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ർ ഓർബൻ കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി. കാഴ്ചകൾ കാണാൻ ഓട്ടോറിക്ഷയിൽ യാത്രചെയ്തു. തുടങ്ങിയ അടിക്കുറിപ്പോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
ഈ സംസ്കാരത്തിൽ താത്പര്യമുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരൂ എന്ന് ഓർബൻ പറഞ്ഞതായും വാദമുന്നയിച്ചാണ് പ്രചാരണം.
വസ്തുത പരിശോധന:
കുംഭമേളയിൽ പങ്കെടുക്കാനല്ല ഹംഗേറിയൻ പ്രധാനമന്ത്രി വികർ ഓർബൻ ഇന്ത്യയിലെത്തിയതെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്താനായി. കുടുംബവുമൊത്ത് കേരളത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതാണ് വിക്ടർ ഓർബൻ.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണ് ആദ്യം സൂക്ഷമമായി പരിശോധിച്ചത്. ഓട്ടോ ഡ്രൈവർമാർക്കൊപ്പം നിൽക്കുന്ന ഹംഗേറിയൻ പ്രധാനമന്ത്രിയുടെ ചിത്രത്തിലുള്ള ഓട്ടോ റിക്ഷയുടെ നമ്പർ പ്ലേറ്റ് വ്യക്തമാണ്. കെ എൽ എന്ന് തുടങ്ങുന്നതാണ് രെജിസ്ട്രേഷൻ. വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തതാണെന്ന് വ്യക്തമായി.
ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ദ പ്രിന്റ് ജനുവരി ഒൻപതിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്താനായി. തന്റെ പ്രിയപ്പെട്ട സഞ്ചാരി വാസ്കോ ഡ ഗാമയുടെ പാത പിന്തുടർന്ന് ഇന്ത്യയിലെത്തിയ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന അവധി ആഘോഷത്തിനാണ് വിക്ടർ ഓർബൻ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പം കേരളത്തിലെത്തിയതെന്നും ദ പ്രിന്റിന്റെ പോസ്റ്റിലുണ്ട്.
ദ പ്രിന്റ് ഫേസ്ബുക്ക് പോസ്റ്റിൽ ഹംഗേറിയൻ ഔട്ലെറ്റ് ബ്ലിക്കിന് നൽകിയ അഭിമുഖത്തിൽ ചികിത്സയ്ക്കായാണ് ഇന്ത്യയിലെത്തിയതെന്ന വാദം ഓർബൻ തള്ളിയെന്നും പറയുന്നുണ്ട്. ദ ബ്ലിക് നൽകിയ റിപ്പോർട്ട് കണ്ടെത്തി. യാത്രയുടെ കൂടുതൽ വിവരങ്ങൾ ബ്ലിക്കിൽ ഉണ്ട്. സ്വകാര്യ സന്ദർശനമാണെന്ന് ഓർബൻ ഇന്റർവ്യൂയിൽ പറയുന്നുണ്ട്. ഹംഗറി ടുഡെയുടെ പ്രസ്തുത യാത്രയെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടുക് ടുക് ഡ്രൈവർമാർക്കൊപ്പം പ്രധാനമന്ത്രി ഓർബൻ എന്ന അടിക്കുറിപ്പോടെ സമാന ചിത്രം ഹംഗറി ടുഡെ നൽകിയിട്ടുണ്ട്. സലീം ഇബ്ന് മജീദ് എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ജനുവരി 17ന് കസൌത്ത് റോഡിയോയിലെ പ്രധാനമന്ത്രിയുടെ ഇന്റർവ്യുവിനായി തിരിച്ചെത്തുമെന്ന് ബ്ലിക്കിന് നൽകിയ ഇന്റർവ്യൂയിൽ ഓർബൻ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെത്തിയ വിക്ടർ ഓർബൻ ഉത്തരേന്ത്യയിലോ പ്രയാഗ് രാജിലോ എത്തിയോ എന്നറിയാൻ കീവേഡ് പരിശോധന നടത്തി. കേരളത്തിൽ വിവിധയിടങ്ങളിൽ അദ്ദേഹം നടത്തിയ യാത്രയുടെ വിവരങ്ങൾ കണ്ടെത്താനായി. ഹംഗറി പ്രധാനമന്ത്രിയും കുടുംബവും കൊച്ചിയിലെത്തിയ വാർത്ത മനോരമ നൽകിയിട്ടുണ്ട്. ജനുവരി 4ന് കൊച്ചിയിലെത്തിയ വിക്ടർ ഓർബൻ 16ന് കൊച്ചിയിൽ നിന്ന് തന്നെ മടങ്ങുമെന്നുമാണ് റിപ്പോർട്ട്.
കേരള സന്ദർശനത്തിന്റെ ഭാഗമായി ഹംഗേറിയൻ പ്രധാനമന്ത്രി ഭാര്യ ആനിക്കോ ലിവായി, രണ്ടു പെണ്മക്കൾ എന്നിവരോടൊപ്പം മൂന്നാറിലും തേക്കടിയിലുമെത്തിയ വാർത്ത മാധ്യമം നൽകിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പ്രധാനമായും ഓർബനും കുടുംബവുമെത്തിയത്. അതിരപ്പിള്ളിയിലെത്തിയ വാർത്ത് മാതൃഭൂമി നൽകിയിട്ടുണ്ട്. ജനുവരി 8ന് ഏഷ്യാനെറ്റ് ഹംഗറി പ്രധാനമന്ത്രി മണ്ണാർശ്ശാല ക്ഷേത്രം സന്ദർശിച്ചതും ഉപഹാരം നൽകി ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി ഹംഗറിയുടെ ആദ്യ രാജാവായ സിസെന്റ് ഇസ്ത്വാന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിപ്പതക്കം സമ്മാനിച്ചെന്നും വാർത്തയുണ്ട്.
ഹംഗേറിയൻ മാധ്യമമായി ബ്ലിക്കിന് നൽകിയ അഭിമുഖത്തിലോ ഇന്ത്യൻ മാധ്യമങ്ങളിലോ ഹംഗറി പ്രധാനമന്ത്രി പ്രയാഗ് രാജിലെത്തിയതിന്റിയോ കുംഭമേളയിൽ പങ്കെടുത്തതിന്റെയോ സൂചനകളില്ല.
ഹംഗറി പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത് കുംഭമേളയിൽ പങ്കെടുക്കാനല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രം കേരളത്തിൽ നിന്നെടുത്തതാണ്. കുടുംബവുമൊത്ത് അവധി ആഘോഷിക്കാനാണ് ജനുവരി നാലിന് വിക്ടർ ഓർബനും കുടുംബവും കേരളത്തിലെത്തിയത്