ഫാക്ട് ചെക്ക്: യുഎസ് ആഗോള തീരുവ, ഇന്ത്യക്ക് 28 ശതമാനം? വസ്തുതയെന്ത്
ഇന്ത്യ ഉൾപ്പെടെ ഏതു രാജ്യത്തുനിന്നും യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി അടിസ്ഥാന തീരുവ 15 ശതമാനമായിരിക്കും

Claim :
ഇന്ത്യൻ ഇറക്കുമതിക്കുള്ള തീരുവ 28 ശതമാനമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. നിലവിൽ ഇന്ത്യ ഉൾപ്പെടെ ഏതു രാജ്യത്തുനിന്നും യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി അടിസ്ഥാന തീരുവ 15 ശതമാനമായിരിക്കും
യുഎസ് സുപ്രീം കോടതി വിധിക്ക് ശേഷം തീരുവ 15% ആയി ഉയർത്തിയിരിക്കുകയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് യുഎസ് 10% ൽ നിന്ന് 15% ആയി താൽക്കാലിക തീരുവ ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സുപ്രീം കോടതിയിലെ താരിഫ് കേസ് തോറ്റതിനു പിന്നാലെ പ്രസിഡന്റ് ട്രംപ് ആഗോള താരിഫ് സെക്ഷൻ 122 പ്രകാരം 10 ശതമാനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ആഗോള താരിഫ് 15 ശതമാനമാക്കിയത്. പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ്, നിയമപ്രകാരം അനുവദിച്ചിട്ടുള്ള 15% താരിഫ് പൂർണ്ണമായും നടപ്പിലാക്കുമെന്ന് പറഞ്ഞു. 150 ദിവസത്തെ കാലയളവിൽ, തൻ്റെ ഭരണകൂടം പുതിയതും "നിയമപരമായി അനുവദനീയവുമായ" താരിഫുകൾ പുറപ്പെടുവിക്കുന്നതിൽ പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122, ഒരു പ്രസിഡൻ്റിന് പരമാവധി 150 ദിവസത്തേക്ക് 15 ശതമാനം വരെ താരിഫ് ചുമത്താൻ അനുവദിക്കുന്നതാണ്. ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ഇന്ത്യ യുഎസിന് തീരുവ നൽകും എന്നാൽ, തിരിച്ച് യുഎസ് നൽകില്ലെന്നും ട്രംപ് പറഞ്ഞു.എന്നാൽ പിന്നീട് ആഗോള താരിഫ് ഇന്ത്യയ്ക്കും ബാധകമാകുമെന്ന് മാറ്റിപ്പറഞ്ഞു. ഇതോടെ ഇന്ത്യയ്ക്കുള്ള 18 ശതമാനം തീരുവ പത്തായി കുറയുകയും ചെയ്തു. തുടർന്ന പതിനഞ്ച് ശതമാനമായി ഉയർന്നു.
അതിനിടെ ഇന്ത്യക്ക് മേൽ തീരുവ 28 ശതമാനമാക്കിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 18 ശതമാനമാക്കിയ തീരുവയ്ക്ക് പുറമെയാണ് പുതിയ തീരുവ എന്ന തരത്തിലാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
യുഎസ് സുപ്രിംകോടതി വിധി പ്രകാരം ഇന്ത്യക്ക് മേലുള്ള തീരുവ 28 ശതമാനമായെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ആഗോള തീരുവ പത്ത് ശതമാനിക്കയാണ് യുഎസ് സുപ്രിംകോടതി വിധി. ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്. എന്നിരുന്നാലും സുപ്രിംകോടതിയിൽ തിരിച്ചടിയേറ്റ ട്രംപ് തീരുവ 15 ശതമാനമായി പ്രഖ്യാപിച്ചു.
ഡോണൾഡ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യലിൽ ഫെബ്രുവരി 21 ന് പങ്കിട്ട പോസ്റ്റ് ഉപയോഗിച്ചാണ് വൈറൽ പ്രചാരണം. വസ്തുത അറിയാനായി നടത്തിയ കീ വേഡ് പരിശോധനയിൽ യുഎസിലെ തീരുവ മാറ്റവും സുപ്രിംകോടതി വിധിയെക്കുറിച്ചും നിരവധി റിപ്പോർട്ടും ലഭിച്ചു. ഗാർഡിയൻ റിപ്പോർട്ട് പ്രകാരം 2026 ഫെബ്രുവരി 21-ന്, യുഎസ് പ്രസിഡൻ്റ് ഡോ ണൾഡ് ട്രംപ് അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 15 ശതമാനം ആഗോള താരിഫ് പ്രഖ്യാപിച്ചു. മുൻകാല സമ്പൂർണ താരിഫ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ട്രംപിൻ്റെ നീക്കം.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഉപയോഗിച്ച് വിശാലമായ താരിഫുകൾ ചുമത്തി പ്രസിഡൻ്റ് തൻ്റെ അധികാരം ലംഘിച്ചെന്നും നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും പ്രസ്താവിച്ചായിരുന്നു 2026 ഫെബ്രുവരി 20-ന് യുഎസ് സുപ്രീംകോടതി വിധി. പിന്നാലെ, ട്രംപ് ആദ്യം 10 ശതമാനം താരിഫ് ഏർപ്പെടുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. 24 മണിക്കൂറിനുള്ളിൽ "പൂർണ്ണമായും അനുവദനീയവും നിയമപരമായതുമായ" പരമാവധി നിരക്കായി ചൂണ്ടിക്കാട്ടി താരിഫ് 15 ശതമാനമായി വർദ്ധിപ്പിച്ചു. 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരമാണ് പുതിയ 15% താരിഫ് ചുമത്തുന്നത്. ഒരു പ്രസിഡൻ്റിന് പരമാവധി 150 ദിവസത്തേക്ക് 15 ശതമാനം വരെ താരിഫ് ചുമത്താൻ അനുവദിക്കുന്നതാണ് നിയമം.
ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യ ഉൾപ്പെടെ ഏതു രാജ്യത്തുനിന്നും യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി അടിസ്ഥാന തീരുവ 15 ശതമാനമായിരിക്കും. അതേസമയം, ഇന്ത്യയ്ക്ക് ട്രംപ് പകരംതീരുവ യുദ്ധം ആരംഭിക്കുംമുൻപ് നിലനിന്ന ‘ഏറ്റവും അടുത്ത വ്യാപാര പങ്കാളി (എംഎഫ്എൻ) സ്റ്റാറ്റസ് പ്രകാരമുള്ള തീരുവ ഇപ്പോഴുമുണ്ട്. ഇതിനു മുകളിലായിരിക്കും ഈ 15%. റെഡിമെയ്ഡ് തുണിത്തരങ്ങൾ പോലുള്ള എംഎഫഎൻ റേറ്റ് 9 ഉള്ളവയ്ക്ക് 24 ആകും പുതിയ തീരുവ. എന്നിരുന്നാലും, പുതിയ നിരക്ക് പ്രകാരം, ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനം ഉയർന്ന പരസ്പര തീരുവകളിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നുമാണ് റിപ്പോർട്ട്. ചുരുക്കത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ൽ നിന്ന് 18% പരസ്പര താരിഫ് ഏർപ്പെടുത്തിയതിന് പകരം 15% നിരക്കാവും ബാധകം.
ഇതോടെ സുപ്രിംകോടതി വിധിയിൽ യുഎസിൽ മാറ്റം വന്ന തീരുവ പ്രകാരം ഇന്ത്യക്ക് 28 ശതമാനമായെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇന്ത്യ ഉൾപ്പെടെ ഏതു രാജ്യത്തുനിന്നും യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി അടിസ്ഥാന തീരുവ 15 ശതമാനമായിരിക്കും.

