ഫാക്ട് ചെക്ക്: ശോഭാ സുരേന്ദ്രനോട് അശ്ലീല ആംഗ്യം കാണിച്ചോ? ചിത്രത്തിൻ്റെ വസ്തുതയെന്ത്
വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ ചിത്രീകരിച്ച യുവാവിൻ്റെ ചിത്രമാണ് പ്രചരിക്കുന്നത്

Claim :
ശോഭ സുരേന്ദ്രനോട് അശ്ലീല ആംഗ്യം കാണിച്ച് കെഎസ്യു പ്രവർത്തകൻFact :
പ്രചാരണം വ്യാജമാണ്. വോട്ടിന് പണം കൊടുക്കുന്ന ദൃശ്യം ചിത്രീകരിച്ച യുവാവിൻ്റെ ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണം
പാലക്കാട് മണ്ഡലത്തിൽ വോട്ടർക്ക് പണം നൽകിയെന്ന 'വോട്ടിന് നോട്ട്' ആരോപണത്തിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. എന്‍ഡിഎ പ്രവര്‍ത്തകയായ സ്ത്രീ ദേവു എന്ന വയോധികയ്ക്ക് പണം നല്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്കുന്ന ദൃശ്യങ്ങൾ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയ ശോഭാ സുരേന്ദ്രന് തിരികെ കാറില്‍ കയറിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പണം നൽകിയ സ്ത്രീ തിരികെ കാറില്‍ കയറി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.
പാലക്കാട് സൗത്ത് പൊലീസ് കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തിരുന്നു. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. മുരളീധരന് കെ പിയുടെ പരാതിയിലാണ് കേസെടുത്തത്.
എന്നാൽ തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ പറഞ്ഞു. വോട്ടിന് നോട്ട് ആരോപണത്തിന് പിന്നാലെ ദൃശ്യം പകർത്തിയയാൾ സഭ്യമല്ലാത്ത ആംഗ്യം കാണിച്ചതിനെ താന്‍ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു.
അതിനിടെ, ശോഭ സുരേന്ദ്രൻ്റെ ദൃശ്യം പകർത്തിയ യുവാവ് അശ്ലീല ആംഗ്യം കാണിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമ്മയുടെ പ്രായമുള്ള സ്ത്രീയോ ഇങ്ങനെ മോശം കാര്യം ചെയ്താൽ എന്താവും നിങ്ങളുടെ പ്രതികരണം എന്നെഴുതിയ കാർഡാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
ശോഭ സുരേന്ദ്രൻ്റെ ദൃശ്യം പകർത്തിയ യുവാവ് അശ്ലീല ആംഗ്യം കാണിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് ഷാ പകർത്തിയ ദൃശ്യങ്ങളും ബിജെപി പ്രവർത്തകർ പുറത്തുവിട്ട ദൃശ്യങ്ങളും പരിശോധിച്ചു. രണ്ട് വീഡിയോയും മാധ്യമങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെവിടെയും മുഹമ്മദ് ഷാ ആക്രോഷിക്കുന്നതായി കാണുന്നില്ല. എന്നാൽ വൈറൽ ചിത്രത്തിൽ ആക്രോഷിച്ച് അശ്ലീല ആംഗ്യം കാണിക്കുന്ന യുവാവാണുള്ളത്. തുടർന്ന് വൈറൽ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. യുവാവിൻ്റെ സമാന മുഖഭാവമുള്ള, എന്നാൽ അശ്ലീല ആംഗ്യമില്ലാത്ത ചിത്രം കോൺഗ്രസ് അനുകൂല പേജുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രസ്തുത ഫ്രെയിം ബിജെപി പ്രവർത്തകർ പുറത്തുവിട്ട് ദൃശ്യത്തിൽ നിന്നാണ്. വൈറൽ ചിത്രത്തിൽ കാണുന്ന ശോഭയുടെ മുഖത്തിൻ്റെ ഭാഗവും കൈയ്യും ചിത്രത്തിലുണ്ട്.
ഇതേ ഫ്രേമിലാണ് അശ്ലീല ആംഗ്യം കാണിക്കുന്ന വൈറൽ ചിത്രവുമെന്ന് വ്യക്തമായി. താരതമ്യം ചുവടെ.
ചിത്രം എഐ മാനിപ്പുലേറ്റഡാണോയെന്ന് പരിശോധിച്ചു. ട്രൂത്ത് സ്കാൻ എന്ന എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി.
ഇതോടെ, പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ വോട്ടിന് നോട്ട് ആരോപണവുമായി ദൃശ്യം പകർത്തിയ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് ഷാ അശ്ലീല ആംഗ്യം കാണിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. വൈറൽ ചിത്രം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. ദൃശ്യം പകർത്തിയവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ശോഭ സുരേന്ദ്രൻ ആരോപിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളിലുൾപ്പടെ വന്ന ദൃശ്യങ്ങളിൽ മുഹമ്മദ് ഷാ അശ്ലീല ആംഗ്യം കാണിക്കുന്നതായോ ആക്രോഷിക്കുന്നതായോ കണ്ടെത്താനായില്ല. ശോഭ സുരേന്ദ്രനൊപ്പമുള്ളവർ പകർത്തിയ ദൃശ്യത്തിലും മുഹമ്മദ് ഷാ അശ്ലീല ആംഗ്യം കാണിക്കുന്നില്ലെന്ന് കണ്ടെത്തി.

