ഫാക്ട് ചെക്ക്: ആർഎസ്എസും താലിബാനും ഒന്നാണെന്ന് രാജ്നാഥ് സിങ്? പ്രചാരണം വ്യാജം
ഒരേ സനാതന ധർമത്തിൽ പെട്ടവരാണെന്നും രണ്ട് കൂട്ടരും ഒരു ധർമ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറയുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്

Claim :
ആർഎസ്എസും താലിബാനും ഒന്നാണെന്ന് രാജ്നാഥ് സിങ്Fact :
പ്രചാരണം വ്യാജമാണ്. വീഡിയോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്ന് കണ്ടെത്തി
ആർഎസ്എസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരേ സനാതന ധർമത്തിൽ പെട്ടവരാണെന്നും രണ്ട് കൂട്ടരും ഒരു ധർമ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യ ഇസ്രായേലുമായി പങ്കാളിത്തമുള്ളതിനാൽ അഫ്ഗാനിസ്ഥാനും സമാനമായ പങ്കാളിത്തമുണ്ടെന്നും ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അഫ്ഗാൻ താലിബാനും നമ്മളും ഒന്നാണ്. അഫ്ഗാൻ താലിബാനും ഇന്ത്യൻ സംഘടനയായ ആർഎസ്എസും ഒരേ 'മത'ത്തിൽ പെട്ടവരാണ് എന്ന് തുടങ്ങുന്ന വീഡിയോ "ആർഎസ്എസിനും അഫ്ഗാൻ താലിബാനും ഒരു പ്രത്യയശാസ്ത്രമാണ്, ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ട്, ഞങ്ങൾക്ക് ഒരു സഖ്യമുണ്ട്, ഞങ്ങളുടെ പരസ്പര ശത്രു പാകിസ്ഥാനാണ്. ഇസ്രായേൽ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയും അഫ്ഗാൻ താലിബാൻ്റെ മുൻഗാമിയുമാണ്. പാകിസ്താനെ നശിപ്പിക്കാൻ നമ്മൾ കൈകോർക്കണം." ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്ന വിവരണത്തോടെയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
ആർഎസ്എസും അഫ്ഗാൻ താലിബാനും ഒന്നാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞെന്ന പ്രചാരണം വ്യാജമാണ്. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്.
ഡൽഹി ബോംബ് സ്ഫോടനത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം നേരത്തെ തെലുഗു പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ രാജ്നാഥ് സിങ് ഏതെങ്കിലും പൊതുപരിപാടിയിൽ പ്രസ്തുത പരാമർശം നടത്തിയിട്ടുണ്ടോ എന്ന് കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ അത്തരമൊരു റിപ്പോർട്ട് ലഭിച്ചില്ല. തുടർന്ന് വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ വൈറൽ ക്ലിപ്പിൽ കാണുന്ന പ്രസംഗത്തിൻ്റെ പൂർണ രൂപം ലഭിച്ചു. നാഗ്പൂരിൽ സോളാർ ഇൻഡസ്ട്രീസ് നിർമ്മിച്ച മീഡിയം കാലിബർ അമ്യൂണിഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. 2026 ജനുവരി 18 ന് രാജ്നാഥ് സിങ്ങിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പരിപാടി സംപ്രേഷണം ചെയ്തതായി കണ്ടെത്തി. വേദിയുടം പശ്ചാത്തലം, പരിപാടിയുടെ സജ്ജീകരണം, രാജ്നാഥ് സിങ്ങിന്റെ വസ്ത്രധാരണം എന്നിവയെല്ലാം വൈറലായ വീഡിയോയുമായി പൊരുത്തപ്പെടുന്നതാണ്. വൈറൽ ക്ലിപ്പ് ഈ പരിപാടിയിൽ നിന്നുള്ളതാണെന്ന സൂചന ലഭിച്ചു.
പ്രതിരോധ മന്ത്രിയുടെ പ്രസംഗം പൂർണ്ണമായി പരിശോധിച്ചപ്പോൾ വൈറൽ ക്ലിപ്പിൽ അദ്ദേഹത്തിൻ്റേതായി ആരോപിക്കപ്പെടുന്ന പ്രസ്താവനകൾ എവിടെയും കണ്ടെത്താനായില്ല. പകരം, ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ മേഖല, ആഭ്യന്തര ഉൽപ്പാദനം, ആഗോള പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി മാറാനുള്ള രാജ്യത്തിൻ്റെ കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് രാജ്നാഥ് സിങ് സംസാരിച്ചു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഭീകരരുടെ താവളങ്ങളെ നാഗാസ്ത്ര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അയൽരാജ്യം എന്ന് പരാമർശിക്കുന്നതായി കാണാം. ഒഴിവാക്കാനാകാത്ത സാഹചര്യം വന്നാൽ ശത്രുക്കൾക്ക് നേരെ തദ്ദേശീയമായ ആയുധങ്ങൾ പ്രയോഗിക്കാൻ മടിക്കില്ലെന്നും രാജ്നാഥ് സിങ് പറയുന്നു. പരിപാടിയുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളിലും പ്രചരിക്കുന്ന വിഡിയോയിലെ പോലെ ഒരു പരാമർശം രാജ്നാഥ് സിങ് നടത്തിയതായി പറഞ്ഞിട്ടില്ല.
ഡീപ്ഫേക്ക് ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും വീഡിയോയിലെ എഐ സാന്നിധ്യം കണ്ടെത്തി.
കൂടാതെ, വൈറൽ വീഡിയോ ഡീപ്ഫേക്കാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും എക്സിലൂടെ വ്യക്തമാക്കിയതായി കണ്ടെത്തി.
ഇതോടെ ആർഎസ്എസും അഫ്ഗാൻ താലിബാനും ഒന്നാണെന്നും ഇരുകൂട്ടരും സനാതന ധർമത്തിൽ പെട്ടവരാണെന്നും ധർമ യുദ്ധത്തിലാണെന്നും ഇസ്രായേലുമായി പങ്കാളികളുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.

