ഫാക്ട് ചെക്ക്: മോദി വിവാഹത്തെളിവുകൾ നശിപ്പിച്ചെന്ന് യശോദബെൻ? പ്രചാരണം വ്യാജം
ദി ഇന്ത്യൻ എക്സ്പ്രസ് പത്രം എഡിറ്റ് ചെയ്താണ് പ്രചാരണം

Claim :
മോദി വിവാഹത്തെളിവുകൾ നശിപ്പിച്ചെന്ന് യശോദ ബെൻFact :
പ്രചാരണം വ്യാജമാണ്. ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ പേജ് എഡിറ്റ് ചെയ്താണ് പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൻ്റെ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് ഭാര്യ യശോദ ബെൻ ആരോപിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുകയാണ്. "മോദി വിവാഹത്തിൻ്റെ എല്ലാ തെളിവുകളും നശിപ്പിച്ചു: യശോദബെൻ" എന്ന തലക്കെട്ടുള്ള 2015 ലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ ഒന്നാം പേജ് ലേഖനം ഉൾപ്പടെയുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. 2015 നവംബർ 30-ന് പ്രസിദ്ധീകരിച്ച പത്രമെന്ന തരത്തിലാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൻ്റെ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് മുൻ ഭാര്യ യശോദ ബെൻ ആരോപിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ കട്ടിങ് വ്യാജമാണ്. പ്രചരിക്കുന്ന പേജ് വ്യാജമായി നിർമിച്ചതാണ്.
വൈറൽ ചിത്രത്തിലെ ഇന്ത്യൻ എക്സ്പ്രസ് ആദ്യ പേജ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വ്യത്യസ്ത ഫോണ്ടുകൾ ശ്രദ്ധയിപ്പെട്ടു. പത്രകട്ടിങ്ങിൻ്റെ വലത് വശത്ത് മുകളിലായി (മാസ്റ്റ്ഹെഡിൽ) അച്ചടിച്ച വെബ്സൈറ്റ് വിലാസത്തിൽ “WWW.INDIANEXPRES.COM” എന്ന് എഴുതിയിരിക്കുന്നതിൽ പിശക് കാണാം. അതിൽ “S” കുറവുണ്ട്. പത്രത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം WWW.INDIANEXPRESS.COM എന്നാണ്. ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാകാമെന്ന സൂചന നൽകുന്നുണ്ട്.
തുടർന്ന് 2015 നവംബർ 30-ന് ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തൾ ആർക്കൈവിൽ പരിശോധിച്ചപ്പോൾ, വൈറൽ പോസ്റ്റുകളിലെ അവകാശവാദവുമായി പൊരുത്തപ്പെടുന്ന ഒരു തലക്കെട്ടോ റിപ്പോർട്ടോ കണ്ടെത്താനായില്ല. ആ ദിവസത്തെ യഥാർഥ ഒന്നാം പേജിൽ മറ്റ് വാർത്താ റിപ്പോർട്ടുകളാണ്. നരേന്ദ്ര മോദിയുടെയും യശോദ ബെന്നിൻ്റെയും വിവാഹത്തെക്കുറിച്ചോ അവരുമായുള്ള അഭിമുഖത്തെക്കുറിച്ചോ ഒരു ലേഖനമോ ഇല്ല.
എന്നാൽ ഒന്നാം പേജിലെ സ്ക്രീൻഷോട്ടിൽ കാണുന്ന "What CBI asked Peter in Lie Test", "The Paris template" എന്നിവയുൾപ്പെടെ നിരവധി തലക്കെട്ടുകൾ ആ ദിവസം ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തകളുമായി പൊരുത്തപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടു. യഥാർഥ പത്ര പേജ് ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന് സൂചന ലഭിച്ചു.
തുടർ പരിശോധനക്കായി പത്ര കട്ടിങ്ങിലെ യശോദ ബെന്നിൻ്റെ ചിത്രം റിവേഴ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ, തനിക്ക് നൽകിയിട്ടുള്ള സുരക്ഷയെക്കുറിച്ച് വിശദീകരണം തേടി വിവരാവകാശ നിയമപ്രകാരം (RTI) അപേക്ഷ നൽകിയെന്ന തലക്കെട്ടോടെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2014ൽ നൽകിയ റിപ്പോർട്ട് ലഭിച്ചു. വൈറൽ ചിത്രത്തിന് സമാനമായ പശ്ചാത്തലത്തിലും വേഷത്തിലുമാണ് യശോദ ബെൻ.
പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ സുരക്ഷാ പരിരക്ഷ കൂടാതെ തനിക്ക് അർഹമായ മറ്റ് സൗകര്യങ്ങൾ എന്തൊക്കെയാണെന്നും നിലവിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചട്ടങ്ങൾ എന്താണെന്നും അറിയാനാണ് യശോദ ബെൻ വിവരാവകാശം നൽകിയതെന്ന് റിപ്പോർട്ടിലുണ്ട്. പൊതുഗതാഗതത്തിലോ ഇരുചക്ര വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അവർ പറയുന്നുണ്ട്.
എൻഡിടിവി റിപ്പോർട്ടിലും യശോദ ബെന്നിനെ സമാന വേഷത്തിൽ കാണാം.
യശോദ ബെൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇത്തരത്തിൽ എന്തെങ്കിലും പരാമർശം നടത്തിയുട്ടുണ്ടോ എന്നറിയാൻ കീവേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. പക്ഷേ വൈറൽ സ്ക്രീൻഷോട്ടുമായി പൊരുത്തപ്പെടുന്ന ഒരു റിപ്പോർട്ടും കണ്ടെത്താനായില്ല.
പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്നും അത്തരമൊരു ലേഖനം പത്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി 2025 ഫെബ്രുവരി 9-നുള്ള ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ എക്സ് പോസ്റ്റ് ലഭിച്ചു. താഴെയുള്ള സ്ക്രീൻഷോട്ട് കെട്ടിച്ചമച്ചതാണ്, അത്തരത്തിലുള്ള ഒരു ലേഖനവും ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിട്ടില്ല. കൃത്യമായ വിവരങ്ങൾക്ക് ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിനെയും വെരിഫൈഡ് ഹാൻഡിലുകളെയും മാത്രം ആശ്രയിക്കാനും ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ പേരിൽ വരുന്ന വ്യാജ പേജുകൾ/അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കാനും ഞങ്ങൾ വായനക്കാരോട് അഭ്യർത്ഥിക്കുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൻ്റെ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് മുൻ ഭാര്യ യശോദ ബെൻ ആരോപിച്ചെന്ന തരത്തിൽ ദ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ കട്ടിങ് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണ്. പത്രം അത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ 2014ൽ തനിക്ക് നൽകിയിട്ടുള്ള സുരക്ഷയെക്കുറിച്ച് വിശദീകരണം തേടി ഭാര്യ യശോദ ബെൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനെത്തിയ ദിവസത്തെ ചിത്രമാണ് പ്രചരിക്കുന്നത്. വൈറൽ പത്ര കട്ടിങ്ങിൽ ഈ ചിത്രം എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

