ഫാക്ട് ചെക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാഫിസ് സഈദിനെ കണ്ടോ?
മോദി സഈദിനെപ്പോലുള്ള ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് പ്രചാരണം

Claim :
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാഫിസ് സഈദിനെ കണ്ടുFact :
പ്രചാരണം വ്യാജമാണ്. പ്രധാനമന്ത്രി പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കണ്ട ചിത്രമാണ് എഡിറ്റ് ചെയ്താണ് പ്രചാരണം
മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും ലഷ്കർ - എ - ത്വയ്ബ സ്ഥാപകനുമാണ് ഹാഫിസ് സഈദ്. ഇന്ത്യയുടേയും അമേരിക്കയുടെയും കൊടും ഭീകരരുടെ ലിസ്റ്റിലാണ് ഹാഫിസ് സഈദ്. 2012 -ൽ അമേരിക്ക ഹഫീസ് സയീദിന്റെ തലയ്ക്ക് ഒരു കോടി ഡോളർ വിലയിട്ടിരുന്നു. 2025 മാർച്ചിൽ ഹാഫിസ് സഈദിൻ്റെ അനുയായി അബൂ ഖത്താൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അന്ന് ഹാഫിസ് സഈദും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും ഖത്താലിൻ്റെ മരണം മാത്രമാണ് പാകിസ്താൻ സ്ഥിരീകരിച്ചത്.
77കാരനായ ലഷ്കര്‍ തലവന്‍ ഹാഫിസ് സഈദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുകയാണ്. ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് പാക് സര്‍ക്കാര്‍ ഹാഫിസ് സഈദിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 46 വര്‍ഷമാണ് ശിക്ഷ. 2022 ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ ഓര്‍ഡറില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് 31 വര്‍ഷം ശിക്ഷ വിധിച്ചതായി വ്യക്തമാക്കുന്നു. സമാന കേസില്‍ 2020ലാണ് സയീദിന് 15 വര്‍ഷം ശിക്ഷ വിധിച്ചത്. ജയിലിലാണെന്ന് പാക്കിസ്ഥാന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിനാലിലേറെ തവണയാണ്.
ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലെ ലഷ്കര്‍ വിഭാഗത്തിന്റെ പേര് ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നാക്കി ഹാഫിസ് പരിഷ്കരിച്ചിരുന്നു. ഇവരാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്തത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയിരുന്നു. അതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാഫിസ് സഈദിനെ കണ്ടെന്ന അവകശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. സഈദിൻ്റെ കൈപിടിച്ച് നിൽക്കുന്ന മോദിയുടെ ചിത്രമാണ് വൈറലാവുന്നത്. പ്രധാനമന്ത്രി മോദി സഈദിനെപ്പോലുള്ള ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും ലഷ്കർ - എ - ത്വയ്ബ സ്ഥാപകനുമായ ഹാഫിസ് സഈദിനെ കണ്ടെന്ന പ്രചാരണം വ്യാജമാണ്. എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തിൻ്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ സമാനമായ ഒരു ഫോട്ടോ കണ്ടെത്തി. പക്ഷേ പ്രധാനമന്ത്രിയോടൊപ്പം ഹാഫിസ് സഈദിന് പകരം മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഉള്ളത്. 2015 ഡിസംബർ 26 ന് ഹിന്ദുസ്ഥാൻ ടൈംസ് എക്സിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പാകിസ്താൻ നയങ്ങളിലെ സർപ്രൈസുകൾ എന്ന വിവരണത്തോടെയുള്ള പോസ്റ്റ് ജയന്ത് ജേക്കബ് എഴുതിയ റിപ്പോർട്ടിനെ കുറിച്ചാണ്. വൈറൽ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം സമാനമാണ്. ചിത്രത്തിൽ പുറകിൽ കാണുന്ന വ്യക്തികളും സമാനമാണെന്ന് വ്യക്തമാണ്. ഹാഫിസ് സഈദിൻ്റെ വസ്ത്രം നവാസ് ഷെരീഫിൻ്റെ വസ്ത്രമാണ്. ഇത് വൈറൽ ഫോട്ടോ എഡിറ്റ് ചെയ്തിരിക്കാമെന്ന് സൂചന നൽകുന്നു.
കൂടുതൽ പരിശോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും ചിത്രത്തോടെയുള്ള നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. 2015 ഡിസംബർ 25 ന് നവാസ് ഷെരീഫിനെ കാണാൻ പ്രധാനമന്ത്രി മോദി ലാഹോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനെ കുറിച്ചാണ് റിപ്പോർട്ടുകൾ. റഷ്യ, അഫ്ഗാൻ സന്ദർശനത്തിന് പിന്നാലെയാണ് നരേന്ദ്ര മോദി ലഹോറിലെത്തിയത്. 2004 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത് ഇതാദ്യമായിരുന്നു. നവാസ് ഷരീഫിൻ്റെ പിറന്നാൾ ദിനവും പേരക്കുട്ടിയുടെ വിവാഹാഘോഷ ചടങ്ങും ഊഷ്മളമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നവാസ് ഷരീഫിൻ്റെ വസതിയിൽ ഇരുവരും ഒരു മണിക്കൂറിലധികം ചർച്ച നടത്തി.
കാബൂളിൽ നിന്ന് മടങ്ങുമ്പോൾ ലാഹോർ സന്ദർശിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനും യാത്രയാക്കാനും നവാസ് ഷെരീഫ് നേരിട്ടെത്തിയിരുന്നു.
മാധ്യമ റിപ്പോർട്ടുകളിൽ ഉപയോഗിച്ച ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രവും തമ്മിലെ താരതമ്യം ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ എക്സ്പ്രസ് നൽകിയ റിപ്പോർട്ടിൽ മോദിയുെ നവാസ് ഷരീഫുമുള്ള ചിത്രത്തിന്റെ മറ്റൊരു വശം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും ലഷ്കർ - എ - ത്വയ്ബ സ്ഥാപകനുമായ ഹാഫിസ് സഈദിനെ കണ്ടെന്ന പ്രചാരണം വ്യാജമാണ്. 2015 ഡിസംബർ 25 ന് ലാഹോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ നരേന്ദ്ര മോദി അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദർശിച്ചപ്പോഴുള്ള ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് കണ്ടെത്തി.

