ഫാക്ട് ചെക്ക്: മദ്രസകളിൽ ഹിന്ദു വിരുദ്ധ പഠനമോ?
ഹിന്ദു മതവുമായി താരതമ്യം ചെയ്ത് ഇസ്ലാം മതമാണ് ശ്രേഷ്ഠമെന്ന് അധ്യാപകൻ പഠിപ്പിക്കുന്നുവെന്നാണ് പ്രചാരണം

Claim :
മദ്രസകളിൽ ഹിന്ദു വിരുദ്ധ പഠനംFact :
പ്രചാരണം വ്യാജമാണ്. ഉത്തരാഖണ്ഡിലെ മദ്രസയിൽ സംസ്കൃതം പഠിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണം
2018ലാണ് സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മദ്രസ പ്രവർത്തനം ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അറിയിച്ചത്. എൻസിഇആർടി പാഠ്യപദ്ധതിയും ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളും ഖുർആൻ ഉൾപ്പടെയുള്ള പാരമ്പരാഗത പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അറിയിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികളെ സംസ്കൃതവും ശ്രീരാമന്റെ മൂല്യങ്ങളും പഠിപ്പിക്കുമെന്നും വഖഫ് ബോർഡ് പ്രഖ്യാപിച്ചതോടെ മുസ്ലീം സംഘടനകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും വിമർശനം ഉയർന്നു. 2024ൽ 400 ആധുനിക മദ്രസകൾ ആരംഭിക്കാനുള്ള നീക്കവും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ആരംഭിച്ചിരുന്നു.
അതിനിടെ ഉത്തർ പ്രദേശിലെ ഒരു മദ്രസ അധ്യാപകൻ ഇസ്ലാമിനെയും ഹിന്ദുമതത്തെയും താരതമ്യം ചെയ്യുന്നതും ഇസ്ലാമിനെ 'ശ്രേഷ്ഠത' എന്ന് അടിവരയിടുന്നതും ആയ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു മദ്രസയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന ഒരു ഫോട്ടോ, ഹിന്ദുമതവും ഇസ്ലാമും തമ്മിലുള്ള താരതമ്യം ഒരു ബ്ലാക്ക്ബോർഡിൽ എഴുതിയതാണ് വൈറലാവുന്നത്. അധ്യാപകൻ എന്ന് തോന്നിക്കുന്ന വ്യക്തിയെയും ചിത്രത്തിൽ കാണാം. "ഹിന്ദുത്വം" എന്ന വിഭാഗത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന "യോഗ", "ജനയൂ", "മംഗലസൂത്ര" എന്നിവയെല്ലാം "തെറ്റാണ്" എന്ന് അടയാളപ്പെടുത്തിയതായി കാണാം. അതേസമയം "ഇസ്ലാം" എന്ന കോളത്തിന് കീഴിൽ പരാമർശിച്ചിരിക്കുന്ന "ഹലാല", "കാട്ന", "ബുർഖ" എന്നിവ ശരിയാണെന്ന് അടയാളപ്പെടുത്തിയിരിക്കുന്നതായും കാണാം.
മദ്രസകളിൽ അവർ എന്താണ് പഠിപ്പിക്കുന്നത് എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഇസ്ലാം മതത്തെയും ഹിന്ദു മതത്തെയും താരതമ്യം ചെയ്ത് ഇസ്ലാം ആണ് ശ്രേഷ്ഠം എന്ന് പഠിപ്പിക്കുന്ന മദ്രസ അധ്യാപകൻ എന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ഗോരഖ്പൂരിലെ ദാറുൽ ഉലൂം ഹുസൈനിയ മദ്രസയിൽ സംസ്കൃതം പഠിപ്പിക്കുകയായിരുന്നുവെന്നും ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും കണ്ടെത്തി.
വൈറൽ ചിത്രത്തിൻ്റെ വസ്തുത അറിയാൻ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2018 ഏപ്രിൽ 9 ന് സമാനമായ ഒരു ഫോട്ടോ എഎൻഐ യുപി / ഉത്തരാഖണ്ഡ് എക്സിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഗോരക്പൂരിലെ ദാറുൽ ഉലൂം ഹുസൈനിയ മദ്രസയിൽ സംസ്കൃതം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നു. യുപി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ഒരു ആധുനിക മദ്രസയാണിത്, ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രം, ഗണിതം, സംസ്കൃതം തുടങ്ങിയ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു. അറബിയും പഠിപ്പിക്കുന്നുവെന്ന് മദ്രസ പ്രിൻസിപ്പൽ എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
പോസ്റ്റിൽ അധ്യാപകൻ ധരിച്ച വസ്ത്രവും വൈറൽ പോസ്റ്റിലെ അധ്യാപകൻ്റെ വസ്ത്രവും സാമ്യമുള്ളതായി കാണാം. എന്നാല് ചുമരിലെ ബ്ലാക്ബോർഡിൽ എഴുതിയ വാചകങ്ങൾ വ്യത്യസ്തമാണ്.എന്നാല് പശ്ചാത്തലം സമാനമാണെന്ന് കാണാം ഇരു ചിത്രങ്ങളുടെയും താരതമ്യം ചുവടെ.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേർഡ് പരിശോധനയിൽ 2018 ഏപ്രിൽ 11ന് വയൺ യൂട്യൂബിൽ നൽകിയ റിപ്പോർട്ട് ലഭിച്ചു. സംസ്കൃതം പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ മദ്രസയെ കുറിച്ചുള്ളതാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള ദാറുൽ ഉലൂം ഹുസൈനിയ മദ്രസയിൽ സംസ്കൃതം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നു. മദ്രസകൾ ആധുനികവൽക്കരിക്കുക എന്നത് ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ ഒരു പ്രധാന നയമായി തുടരുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ദ വീക്ക് 2018 ഏപ്രിൽ പത്തിന് നൽകിയ റിപ്പോർട്ടിൽ വൈറൽ ചിത്രത്തിൻ്റെ മറ്റൊരു ചിത്രം ഉപയോഗിച്ചതായി കാണാം. സാമുദായിക ഐക്യത്തിന്റെ പ്രതീകമായി മദ്രസയിലെ വിദ്യാർത്ഥികൾ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നിവയ്ക്ക് പുറമേ സംസ്കൃതവും പഠിക്കുന്നുവെന്നാണ് വീക്ക് റിപ്പോർട്ട്. സംസ്കൃതം പഠിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. തങ്ങളുടെ അധ്യാപകർ കാര്യങ്ങൾ വളരെ നന്നായി പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ മാതാപിതാക്കളും പഠനത്തിൽ തങ്ങളെ സഹായിക്കുന്നു എന്ന വിദ്യാർത്ഥികളുടെ പ്രതികരണവും റിപ്പോർട്ടിലുണ്ട്. ഉത്തർപ്രദേശ് വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ഒരു ആധുനിക സ്ഥാപനമായതിനാൽ അറബി പോലുള്ള ഭാഷകളും പഠിപ്പിക്കുന്നുണ്ടെന്ന് മദ്രസയുടെ പ്രിൻസിപ്പൽ ഹാഫിസ് നസ്രെ ആലം പറഞ്ഞു.
ഇസ്ലാം മതത്തെയും ഹിന്ദു മതത്തെയും താരതമ്യം ചെയ്ത് ഇസ്ലാം ആണ് ശ്രേഷ്ഠം എന്ന് പഠിപ്പിക്കുന്ന മദ്രസ അധ്യാപകൻ എന്ന അവകാശ വാദത്തോടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഗോരഖ്പൂരിൽ മദ്രസകൾ ആധുനികവത്കരിക്കുന്നതിൻ്റെ ഭാഗമായി വഖഫ് ബോർഡ് പ്രഖ്യാപിച്ച സംസ്കൃത പഠനം നടപ്പാക്കിയ ആദ്യ മദ്രസയായ ദാറുൽ ഉലൂം ഹുസൈനിയ മദ്രസയിൽ നിന്നാണ് യഥാർത്ഥ ചിത്രം എടുത്തത്. ബ്ലാക്ക് ബോർഡിനരികിൽ നിൽക്കുന്നയാൾ സംസ്കൃതം പഠിപ്പിക്കുകയായിരുന്നുവെന്നും ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും കണ്ടെത്തി.