വസ്തുത പരിശോധന: ഖാർഗെയെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ച് രാഹുൽ ഗാന്ധി?
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധി ഖാർഗെയെ സീറ്റിൽ നിന്നെഴുന്നേൽപ്പിക്കുന്നതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി

Claim :
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചുFact :
ഉദ്ഘാടനപ്രസംഗത്തിനായി എഴുന്നേൽക്കുകയാണ് ഖാർഗെ
കോൺഗ്രസ് ദേശീയ നേതാക്കളോടുള്ള രാഹുൽ ഗാന്ധിയുടെയും കുടുംബത്തിന്റെയും ബന്ധവും ഇടപെടുലുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ പതിവാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ചെന്ന് തുടങ്ങിയ വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു. ഇപ്പോൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. ഒരു ചടങ്ങിൽ സോണിയ ഗാന്ധിക്ക് സമീപം ഇരിക്കുന്ന ഖാർഗെയെ രാഹുൽ ഗാന്ധി എഴുന്നേൽപ്പിക്കുന്നു എന്ന തരത്തിലാണ് വീഡിയോ. ഇരിപ്പിടത്തിൽ നിന്ന് ഖാർഗെ എഴുന്നേൽക്കുന്നതും പിന്നലൂടെ നടന്ന് പോകുന്നതും ആ ഇരിപ്പിടത്തിന് പിന്നിൽ രാഹുൽ ഗാന്ധി പിന്നിൽ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
എ ഐ സി സി പ്രസിഡന്റിന്റെ ഗതികേട് നോക്കണേ. അടുത്തു വേറെ കസേരകളുണ്ട് . എന്നാലും, അച്ഛനേക്കാൾ പ്രായമുള്ളയാളെ എഴുന്നേൽപ്പിച്ചിട്ടുതന്നെ ആ കസേരയിൽത്തന്നെ ഇരിക്കണം . അപമാനിതനായ ആ വൃദ്ധൻ അടുത്തു മറ്റൊരു സീറ്റുണ്ടായിട്ടും അതിലേക്ക് മാറിയിരിക്കാതെ പ്രാഞ്ചി പ്രാഞ്ചി വേദി വിടുന്നത് കണ്ടോ?..ഏതെങ്കിലും മര്യാദയുള്ള സ്ത്രീയാണ് സോണിയ എങ്കിൽ മകനോട് "അദ്ദേഹം അവിടെയിരിക്കട്ടെ , നീ അപ്പുറത്തെ ചെയറിൽ ഇരിയ്ക്ക് . അല്ലെങ്കിൽ എന്റെ ഇടതുവശത്ത് കസേരയുണ്ട് . ഇതിലിരിക്ക് " എന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നില്ലേ? അഹങ്കാരത്തിന് തള്ള വളംവെച്ച് കൊടുത്ത് ഇവിടെവരെയായി കാര്യങ്ങൾ . എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
ഇതേ വീഡിയോ എക്സിലും പ്രചരിക്കുന്നുണ്ട്.
വസ്തുത പരിശോധന:
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണ്. പ്രസംഗിക്കാൻ എഴുന്നേൽക്കുന്ന ഖാർഗെയെ രാഹുൽ ഗാന്ധി സഹായിക്കുന്നതാണ്.
പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത അറിയാൻ കീഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ഇന്ദിര ഭവൻ ഉദ്ഘാടനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിച്ചു. ന്യൂ ഡൽഹിയിലെ ന്യൂ കോട്ലയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരമായ ഇന്ദിരഭവൻ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങളാണ് ദ ഹിന്ദു നൽകിയിരിക്കുന്നത്. 2025 ജനുവരി 15ന് നടന്ന ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങളും ദ ഹിന്ദു പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിക്കൊപ്പമുണ്ട്. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്രഷറർ അജയ് മാക്കൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തതായി വാർത്തയിലുണ്ട്.
ചടങ്ങിന്റെ കൂടുതൽ ദൃശ്യങ്ങൾക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചു. ഇന്ദിര ഭവൻ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ദൃശ്യങ്ങളും 22 മിനിറ്റ് മുതൽ ഐഎൻസി പങ്കുവെച്ച വീഡിയോയിലുണ്ട്. കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ സംസാരിക്കുമ്പോൾ വേദിയിൽ കെ സി വേണുഗോപാൽ തൊട്ടടുത്തായി രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരെയും കാണാം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ള പശ്ചാത്തലവും സമാനമാണ്. ചടങ്ങിന്റെ ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചു. ചടങ്ങിൽ കെ സി വേണുഗോപാലാണ് സ്വാഗത പ്രാസംഗികൻ. തൊട്ട് പിന്നാലെ രാഹുൽ ഗാന്ധിയാണ് പ്രസംഗിക്കാനായി എഴുന്നേൽക്കുന്നത്. രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയാണ് അജയ് മാക്കൻ അഭിസംബോധനയ്ക്കായി ക്ഷണിക്കുന്നത്. 46 മിനിറ്റ് 43 സെക്കൻഡിൽ പ്രസംഗിക്കാനായി എഴുന്നേൽക്കുന്ന ഖാർഗെയെ രാഹുൽ ഗാന്ധി എഴുന്നേൽക്കാൻ സഹായിക്കുന്നതായി കാണാം. പ്രസംഗിക്കാനായി ഖാർഗെ പോയതിന് പിന്നാലെ രാഹുൽ ഗാന്ധി നേരത്തെ ഇരുന്നിരുന്നിടത്ത് ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ന്യൂസ്9 ലൈവ് നൽകിയ ഇന്ദിര ഭവൻ ഉദ്ഘാടന ചങ്ങിലും രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയെ സഹായിക്കുന്ന ഭാഗമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഇന്ദിര ഭവൻ ഉദ്ഘാടനച്ചടങ്ങിലെ സമ്മേളന ദൃശ്യങ്ങളിൽ നിന്ന് ചില ഭാഗം മാത്രം എടുത്താണ്. രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെ സീറ്റിൽ നിന്നെഴുന്നേൽപ്പിച്ച് അപമാനിക്കുകയല്ല മറിച്ച് പ്രസംഗിക്കാനായി എണീറ്റ് കോൺഗ്രസ് ദേശീയ അധ്യക്ഷനെ എഴുന്നേൽക്കാൻ സഹായിക്കുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഖാർഗെയെ സഹായിച്ച ഉടനെ രാഹുൽ നേരത്തെ ഇരുന്ന സീറ്റിൽ തന്നെ തിരികെയെത്തുന്നതും പ്രസ്തുത ചടങ്ങിന്റെ വീഡിയോയിൽ വ്യക്തമാണ്