ഫാക്ട് ചെക്ക്: കുറ്റിപ്പുറത്തും റോഡ് തകർന്നോ?
കൂരിയാടിന് പിന്നാലെ കുറ്റിപ്പുറത്തും ദേശീയ പാത തകർന്നെന്നാണ് പ്രചാരണം

Claim :
കുറ്റിപ്പുറത്തും റോഡ് തകർന്നുFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ദൃശ്യം കുറ്റിപ്പുറത്ത് നിന്നുള്ളതല്ല
മലപ്പുറം കൂരിയാട് ദേശീയ പാത തകർന്നതിൽ വീഴ്ച സമ്മതിച്ചിരിക്കുകയാണ് നിര്‍മാണ കമ്പനിയായ കെഎൻആര്‍സി. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു. കരാറെടുത്ത കമ്പനികൾക്കെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു. കെഎൻആർ കൺസ്ട്രക്ഷൻസ്, കൺസൾട്ടൻറായ ഹൈവേ എൻജിനീയറിംഗ് എന്നീ കമ്പനികളെ പുതിയ ടെണ്ടറുകൾ നൽകുന്നതിൽ നിന്ന് വിലക്കി. ഈ കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നിർമാണത്തിൽ വീഴ്ചയുണ്ടായതായും ഡിസൈനിലുണ്ടായ പാളിച്ച പരിഹരിക്കാൻ തയ്യാറാണെന്നും കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. ഡൽഹി ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവു, ജിമ്മി തോമസ്, അനിൽ ദീക്ഷിത് എന്നിവരുൾപ്പെട്ട സമിതി നിർമാണത്തിൽ വീഴ്ചയുണ്ടായത് വിശദമായി പഠിക്കും. കേരളത്തിലെ നിർമാണത്തിനുള്ള മാനദണ്ഡങ്ങൾ മാറ്റുന്നതും സമിതി ചർച്ച ചെയ്യും.
തലപ്പാറ ഉൾപ്പടെ പലയിടത്തും ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. അതിനിടെ മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാത തകർന്നെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. കൂരിയാട് റോഡ് തകർന്നതുപോലെ കുറ്റിപ്പുറത്തും തകർന്നു എന്ന വിവരണത്തോടെയാണ് പ്രചാരണം. റോഡിന്റെ കോൺഗ്രീറ്റ് ഭിത്തി തകരുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
മലപ്പുറം കൂരിയാട് ദേശീയ പാത തകർന്നതിന് പിന്നാലെ കുറ്റിപ്പുറത്തും ദേശീയ പാത തകർന്നെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ദൃശ്യം കുറ്റിപ്പുറത്ത് നിന്നുള്ളതല്ലെന്ന് കണ്ടെത്തി.
കൂരിയാട് റോഡ് തകർന്നതിന് പിന്നാലെ തലപ്പാറയുൾപ്പടെ പലയിടങ്ങളിലും ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രചരിക്കുന്ന ദൃശ്യത്തിന്റെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന ദൃശ്യം മനോരമ ന്യൂസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി. ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം കല്ലുംതാഴം പാലത്തിന് സമീപം ഒരുവശം ഇടിഞ്ഞു താഴ്ന്നു എന്ന വിവരണത്തോടെ 2025 ഫെബ്രുവരിയിലാണ് വീഡിയോ പങ്കുവെച്ചിരുക്കുന്നത്.
പ്രസ്തുത വീഡിയോ ഇൻസ്റ്റഗ്രാമിൽ മറ്റൊരു ഉപയോക്താവ് പോസ്റ്റ് ചെയ്തതാണെന്ന് വീഡിയോയിലെ വാട്ടർമാർക്കിൽ നിന്ന് വ്യക്തമാകും. 4_jith_46 എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ ഇതേ വീഡിയോ 2025 ഫെബ്രുവരി ഏഴിന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലം തകർന്നുവെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
ലഭ്യമായ സൂചന പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചു. 2025 ഫെബ്രുവരി 10ന് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് ലഭിച്ചു. 'ദേശീയപാത വികസനം നടക്കുന്ന കൊല്ലം കല്ലുംതാഴത്ത് വാഹനങ്ങൾ കടന്നുപോവുകയായിരുന്ന റോഡ് ഇടിഞ്ഞുതാണു' എന്ന തലക്കെട്ടോടെയാണ് വാർത്ത. പ്രചരിക്കുന്ന ദൃശ്യമുൾപ്പടെ ഉപയോഗിച്ചുള്ള റിപ്പോർട്ടിൽ ദേശീയ പാത നിർമാണം അശാസ്ത്രീയമാണെന്ന് നാട്ടുകാരുടെ പ്രതികരണവും കാണാം.
അപകടത്തെ കുറിച്ച് മനോരമ ന്യൂസ് നൽകിയ വിശദമായ റിപ്പോർട്ട് ലഭിച്ചു. ദേശീയപാത നവീകരണം നടക്കുന്ന കല്ലുംതാഴം ബൈപാസിൽ റോഡ് ഒരുവശത്തേക്ക് ഇടിഞ്ഞു വീണു. പുതിയ റോഡിന്റെ കോൺക്രീറ്റ് ഭിത്തികൾക്കായി ആഴത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. നിർമാണം അതിവേഗം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മുന്നറിയിപ്പു സംവിധാനങ്ങളൊന്നുമില്ലാതെയാണ് ദേശീയപാതയിൽ നിർമാണം നടത്തുന്നതെന്ന ആരോപണമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മണ്ണിടിഞ്ഞ സമയത്ത് വാഹനങ്ങൾ കടന്നുപോകാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. തൊട്ടടുത്തുള്ള റെയിൽവേ ഓവർ ബ്രിജിനു ബലക്ഷയമില്ലെന്നു അധികൃതർ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. മനോരമ ന്യൂസ് യൂട്യൂബിലും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്.
ഇതോടെ, മലപ്പുറം കൂരിയാട് ദേശീയ പാത തകർന്നതിന് പിന്നാലെ കുറ്റിപ്പുറത്തും ദേശീയ പാത തകർന്നെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം കുറ്റിപ്പുറത്ത് നിന്നുള്ളതല്ല. 2025 ഫെബ്രുവരി 7ന് കൊല്ലം കല്ലുതാഴത്ത് ദേശീയ പാത നിർമാണത്തിനിടെ റോഡിന്റെ കോൺക്രീറ്റ് ഭിത്തികൾ തകരുന്ന ദൃശ്യമാണെന്നും കണ്ടെത്തി.

