വസ്തുത പരിശോധന: റിപ്പബ്ലിക്ക് ദിന പരേഡിൽ കർണാടകയുടെ ഈ വർഷത്തെ ടാബ്ലോ ടിപ്പുവോ?
ഈ വർഷം കർത്തവ്യപഥിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സംഘപരിവാറിന് തിരിച്ചടിയായി കർണാടകയുടെ ടിപ്പു സുൽത്താൽ ടാബ്ലോ എന്ന് പ്രചാരണം

Claim :
ഈ വർഷത്തെ റിപ്പബ്കിക്ക് ദിന പരേഡിൽ ടിപ്പു സുൽത്താൻ ടാബ്ലോ അവതരിപ്പിച്ച് കർണാടകFact :
പ്രചരിക്കുന്നത് കർണാടക 2014ൽ അവതരിപ്പിച്ച ടാബ്ലോയുടെ ദൃശ്യം
76ആമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കാണ് ജനുവരി 26ന് രാജ്യം സാക്ഷിയായത്. ഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൌപദി മുർമു ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യതിഥിയായത്.ചടങ്ങിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനങ്ങളുടെ പരേഡും ശ്രദ്ധയമാണ്. സുവർണ ഇന്ത്യ: പൈതൃകവും വികസനവും എന്നതായിരുന്നു പരേഡിൽ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യത്തിന്റെ ഈ വർഷത്തെ വിഷയം. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, കർണാടക, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിവിധ മന്ത്രാലയങ്ങളെയുമാണ് ഇത്തവണത്തെ ടാബ്ലോ പ്രദർശനത്തിന് തെരഞ്ഞെടുത്തത്. കേരളം ഉൾപ്പടെ നിരവധി പ്രതിപക്ഷ സംസ്ഥാനങ്ങൾ പട്ടികയിൽ ഇടംനേടിയില്ല. അതിനിടെ സംഘ്പരിവാറിന്റെ മതവിദ്വേഷങ്ങൾക്ക് പ്രഹരമേൽപ്പിച്ച് കർണാടകയുടെ ടാബ്ലോ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ടിപ്പു സുൽത്താന്റെ നിശ്ചല ദൃശ്യം പ്രചരിക്കുകയാണ്. 2025ലെ റിപ്പബ്ലിക്ക് ദിനത്തിൽ എൻഡിഎ സർക്കാരിനെതിരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ നിലപാടെന്ന് അവകാശപ്പെട്ടാണ് ടിപ്പു സുൽത്താന്റെ ടാബ്ലോയുടെ ചിത്രം ഉപയോഗിച്ച് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ
റിപ്പബ്ലിക്ക് ദിനത്തിൽ രാജ്പഥിൽ കർണാടക അവതരിപ്പിച്ച ടിപ്പു സുൽത്താന്റെ നിശ്ചല ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് മറ്റൊരു പോസ്റ്റ്
വസ്തുത പരിശോധന:
സംഘ്പരിവാർ വിദ്വേഷത്തിനെതിരെ ഈ വർഷത്തെ റിപ്പബ്കിക്ക് ദിന പരേഡിൽ ടിപ്പു സുൽത്താൻ ടാബ്ലോ അവതരിപ്പിച്ച് കർണാടകയെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്നത് 2014ൽ റിപ്പബ്ലിക്ക് ദിനത്തിൽ കർണാടക അവതരിപ്പിച്ച ടാബ്ലോയുടെ ദൃശ്യമാണെന്നും വ്യക്തമായി.
ജനുവരി 26ന് പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെ അടിക്കുറിപ്പിൽ രാജ്പഥ് എന്ന് നൽകിയത് നിശ്ചല ദൃശ്യം പഴയതാകാമെന്ന സൂചന നൽകുന്നുണ്ട്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റിലേക്കുള്ള റോഡാണ് രാജ്പഥ്. 2022ലാണ് രാജ്പഥിനെ പ്രധാനമന്ത്രി പുനർനാമകരണം ചെയ്ത് കർത്തവ്യ പഥ് എന്നാക്കിയത്. പ്രചരിക്കുന്ന ദൃശ്യത്തിന്റെ യാഥാർഥ്യമറിയാൻ നടത്തിയ കീവേഡ് പരിശോധനയിൽ 2014 ജനുവരി 26ന് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കർണാടക അവതരിപ്പിച്ച പ്ലോട്ടിൽ ടിപ്പു സുൽത്താനാണെന്ന് കണ്ടെത്തി. റിവേഴ്സ ഇമേജ് പരിശോധനയിൽ എൻഡിടിവി നൽകിയ വാർത്ത ലഭിച്ചു. 2014 ജനുവരി 27ന് പ്രസിദ്ധീകരിച്ച വാർത്ത റിപ്പബ്ലിക്ക് ദിനത്തിൽ കർണാടക അവതരിപ്പിച്ച ടിപ്പു സുൽത്താൻ ടാബ്ലോയെ തുടർന്ന് എക്സിൽ (അന്നത്തെ ട്വിറ്ററിൽ) നടന്ന വാക്പോരിനെ കുറിച്ചാണ്. എൻഡിടിവി വാർത്തയിൽ നിന്ന് ലഭിച്ച സൂചന പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ 2014ലെ റിപ്പബ്ലിക്ക് ദിന പരേഡിന് ദൂരദർശൻ നാഷൺ തത്സമയ പ്രക്ഷേപണത്തിന്റെ യൂട്യൂബ് ലിങ്ക് ലഭിച്ചു.
ഇതോടെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 2025 ലേതെന്ന് അവകാശപ്പെടുന്ന കർണാടകയുടെ ടിപ്പു സുൽത്താൻ പ്ലോട്ട് തെറ്റിധരിപ്പുക്കന്നതാണെന്നും ചിത്രത്തിലുള്ളത് 2014ലേതാണെന്നും വ്യക്തമായി.
ഈ വർഷം റിപ്പബ്ലിക്ക് ദിന പരേഡിൽ അനുമതി ലഭിച്ച സംസ്ഥാനമാണ് കർണാടക. കർണാടകയുടെ 2025ലെ പരേഡിലെ ടാബ്ലോ ഏതാണെന്ന് അന്വേഷിച്ചു. കർണാടകയുടെ ടാബ്ലോയെക്കുറിച്ചുള്ള ദ ഹിന്ദു വാർത്ത ലഭിച്ചു. കർണാടകയിലെ ഗഡഗ് ജില്ലയിൽ, ഹുബ്ബള്ളിയിൽ നിന്ന് 70 കിലോ മീറ്റർ അകലെയുള്ള ലക്കുണ്ഡിയിലെ പുരാതന ക്ഷേത്രമാണ് കർണാടക റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചതെന്നും ദ ഹിന്ദുവിലുണ്ട്. ശിലാകലയിൽ നിർമിച്ചതാണ് ലക്കുണ്ഡി ക്ഷേത്രം. വൺ ഇന്ത്യ, ദ പ്രിന്റ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ ക്ഷേത്രത്തിന്റെ പ്രത്യേകതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ടാബ്ലോയുടെ മുൻവശത്ത് മഹാവീരന് സമർപ്പിച്ചുകൊണ്ട് ലക്കുണ്ഡിയിലെ ഏറ്റവും പഴക്കം ചെന്ന ജൈന ക്ഷേത്രമായ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൽ നിന്നുള്ള ബ്രഹ്മ പ്രതിമയാണ് നൽകിയത്. പ്രധാനഭാഗത്ത് ശിവന് സമർപ്പിച്ചുകൊണ്ട് കാശി വിശ്വേശര ക്ഷേത്രവും നന്നേശ്വര ക്ഷേത്രവുമാണ് നൽകിയത്.
കൂടുതൽ പരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ചാനലായി സൻസദ് ടിവിയുടെ റിപ്പബ്ലിക് ദിനത്തിലെ സംപ്രേക്ഷണത്തിന്റെ യൂട്യൂബ് പങ്കുവെച്ച കർണാടകയുടെ പരേഡിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ലക്കുണ്ഡി - ശിലാകലയുടെ ഹൃദയം എന്ന തലക്കെട്ടിലാണ് കർത്തവ്യ പഥിലെ കർണാടകയുടെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡ്.
ഇതോടെ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ എൻഡിഎ സർക്കാരിനെ വെല്ലുവിളിച്ച് കർണാടക ഈ വർഷം റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിൽ ടിപ്പു സുൽത്താൻ പ്ലോട്ട് പ്രദർശിപ്പിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ വർഷത്തെ പരേഡിൽ കർണാടക അവതരിപ്പിച്ചത് ലക്കുണ്ഡി ക്ഷേത്രമാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചാരണത്തിലുള്ള ടിപ്പു സുൽത്താൻ ടാബ്ലോ കർണാടക തന്നെ 2014ൽ റിപ്പബ്ലിക്ക് ദിന പരേഡിൽ രാജ്പഥിൽ (ഇന്നത്തെ കർത്തവ്യ പഥിൽ) അവതരിപ്പിച്ച ടാബ്ലോ ആണെന്നും വ്യക്തമായി