വസ്തുത പരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷണർ ധനമന്ത്രിയെ കണ്ടോ?
പ്രചരിക്കുന്ന ചിത്രം 2020ലെത്താണെന്ന് കണ്ടെത്തി

Claim :
കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിയെ കണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർFact :
പ്രചരിക്കുന്നത് 2020ൽ രാജീവ് കുമാർ ഫിനാൻസ് സെക്രട്ടറി ആയിരിക്കെയുള്ള ചിത്രം
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പൊതുബജറ്റ് അവതരിപ്പിച്ചത്. 2025 - 2026 വർഷത്തെ ബജറ്റ് കൂടി അവതരിപ്പിച്ചതോടെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിൽ കേരളം എന്ന വാക്ക് പോലും ഉപയോഗിച്ചില്ലെന്നുൾപ്പടെയുള്ള കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രതിപക്ഷ സംസ്ഥാനങ്ങളെ തഴഞ്ഞെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വോട്ട് ബാങ്കാണ് ലക്ഷ്യമെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടെന്ന തരത്തിൽ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ധനമന്ത്രിയെ കണ്ടതെന്നാണ് ആരോപണം. പ്രതിപക്ഷ നേതാക്കളെ കാണാൻ സമയമില്ലെന്ന് പറഞ്ഞ് മാസങ്ങളായി ഒഴിഞ്ഞുമാറുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര ധനമന്ത്രിയെ കാണാൻ സമയം കണ്ടെത്തിയിരിക്കുന്നു എന്ന ആരോപണത്തോടെയാണ് പോസ്റ്റ്. ബജറ്റിൽ നിർദേശം നൽകുകയാണോ ഉപദേശം സ്വീകരിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. പോസ്റ്റും ലിങ്കും ചുവടെ

നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമെന്നും സർക്കാരിന്റെ കളിപ്പാവയാകരുതെന്നും അടിക്കുറിപ്പിൽ വിമർശനമുണ്ട്.

വസ്തുത പരിശോധന:
കേന്ദ്ര ബജറ്റിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ടെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണ്. 2022 ലെടുത്ത ചിത്രമാണ് പുതിയതെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേന്ദ്ര ധനമന്ത്രിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂടിക്കാഴ്ച നടത്തിയോ എന്നറിയാൻ കീവേഡ് പരിശോധന നടത്തി. പൊതു ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷണർ ധനമന്ത്രിയെ കണ്ടതിന്റെ വാർത്തയോ വിവരങ്ങളോ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2020 ഫെബ്രുവരി ഒന്നിന് എകണോമിക്സ് ടൈംസ് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് നൽകിയ വാർത്ത ലഭിച്ചു. വാർത്തയിൽ സമാന ചിത്രമാണ് നൽകിയിരിക്കുന്നത്.

പ്രചാരണത്തിലുള്ള ചിത്രത്തിലേത് പോലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരമനൊപ്പം അനുരാഗ് ഠാക്കൂറും ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാറുമുണ്ട്. നിർമല സീതാരാമന്റെ കയ്യിലുള്ളത് ബജറ്റ് രേഖകളുള്ള ഫയലാണ്. 2020 - 2021ലെ ബജറ്റുമായി ബന്ധപ്പെട്ടുള്ള വാർത്തകൾക്കായി കീവേഡ് പരിശോധന നടത്തിയപ്പോൾ നിരവധി ദേശീയ മാധ്യമങ്ങൾ സമാന ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ആദായ നികുതിയുടെ പുതിയ സ്ലാബുകളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് നൽകിയ വാർത്തയിൽ പ്രസ്തുത ചിത്രമാണ് ഉപയോഗിച്ചത്. 2020ലെ ബജറ്റിന് മുന്നോടിയായി എടുത്ത ചിത്രമണെന്ന് വ്യക്തം. കൂടുതൽ പരിശോധനയിൽ ചിത്രം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്സൈറ്റിലും കണ്ടെത്തി. 2020ലെ ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, നോർത്ത് ബ്ലോക്കിൽ നിന്ന് അനുരാഗ് ഠാക്കൂറിനും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്കും പാർലമെന്റിലേക്കും പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പിഐബി പങ്കുവെച്ചത്.
2020ലെ അശോക് ലവാസയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പിഐബി ഉൾപ്പടെ പങ്കുവെച്ച ചിത്രത്തിൽ രാജീവ കുമാറിനെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നാണ് വിശേഷിപ്പിച്ചത്. 2020ൽ രാജീവ് കുമാർ ഫിനാൻസ് സെക്രട്ടറിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ഈ വർഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ധനമന്ത്രി നിർമല സീതാരാമനെ കണ്ടെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ചിത്രം 2020ലേത് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം 2020 - 2021 കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് നോർത്ത് ബ്ലോക്കിൽ നിന്നിറങ്ങുമ്പോൾ എടുത്തതാണെന്ന് കണ്ടെത്തി. ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാറും ചിത്രത്തിലുണ്ട്. എന്നാൽ രാജീവ് കുമാർ അന്ന് ഫിനാൻസ് സെക്രട്ടറിയായിരുന്നുവെന്നും അശോക് ലവാസയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്നും അന്വേഷണത്തിൽ വ്യക്തമായി