ഫാക്ട് ചെക്ക്: കുടിയൊഴിപ്പിക്കലിനെ പിന്തുണച്ച് അസമീസ് ജനതയുടെ പ്രതിഷേധം? വാസ്തവമെന്ത്?
അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാരിൻ്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് അസമിൽ ജനങ്ങൾ തെരുവിലിറങ്ങിയെന്നാണ് വാദം

Claim :
അസം സർക്കാരിൻ്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് ജനങ്ങളുടെ പ്രതിഷേധംFact :
പ്രചാരണം വ്യാജമാണ്. മൊറാൻ സമുദായം പട്ടികവർഗ പദവിക്കായി നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
അസമിലെ ഗോലാഘട്ട് ജില്ലയിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. യുറിയാംഘട്ടിലും സമീപപ്രദേശങ്ങളിലും പതിറ്റാണ്ടുകളായി താമസിക്കുന്ന ബംഗാളി മുസ്ലിംകളെയാണ് സംസ്ഥാന സർക്കാർ കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുടിയൊഴിപ്പിക്കൽ, കെട്ടിടം പൊളിച്ചുനീക്കൽ നടപടികൾ നിർത്തിവെക്കാനാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗുവാഹതി ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. 70 വർഷത്തോളായി തങ്ങൾ ഈ സ്ഥലത്ത് സ്ഥിരതാമസക്കാരാണെന്ന് ഹരജിക്കാർ വാദിച്ചു.
1891-ലെ അസം ഫോറസ്റ്റ് റെഗുലേഷൻ നിയമ ഭേദഗതി അനുസരിച്ച് 2025 ജൂലൈയിലാണ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ ഗ്രാമങ്ങൾ ദോയാങ്, സൗത്ത് നംബാർ റിസർവ് ഫോറസ്റ്റുകളുടെ പരിധിയിൽ വരുന്നതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഈ നോട്ടീസിനെ ചോദ്യംചെയ്ത് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജിക്കാർ വനമേഖലയിൽ അതിക്രമിച്ചു കയറിയവരാണെന്ന് ആരോപിച്ച് സിംഗിൾ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
ഗോലാഘാട്ട് ജില്ലയിലെ 2000-ത്തിലധികം പേരെ ലക്ഷ്യമിട്ടാണ് അസം സർക്കാർ കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യുറിയാംഘട്ട് മേഖലയിലെ റെങ്മ റിസർവ് ഫോറസ്റ്റിൽനിന്ന് ഏകദേശം 15,000 ബിഘ (ഏകദേശം 4,900 ഏക്കർ) ഭൂമി ഒഴിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഏകദേശം 2700 കുടുംബങ്ങളിൽ ഭൂരിഭാഗം പേരും ബംഗാൾ വംശജരായ മുസ്ലിംകളാണ്.
അതിനിടെ അനധികൃത കുടിയേറ്റക്കാർക്കെതിരായ സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് അസമിൽ ജനങ്ങൾ തെരുവിലിറങ്ങിയെന്ന് അവകാശവാദത്തോടെ വീഡിയോ പ്രചരിക്കുകയാണ്. “ഐക്യമാണ് ശക്തി.അവരുടെ #സംസ്കാരം സംരക്ഷിക്കാൻ #മുഖ്യമന്ത്രി #ഹിമന്ത ബിശ്വ ശർമ്മയോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് അസമീസ് സഹോദരീ സഹോദരന്മാർ പ്രതിജ്ഞയെടുത്തു.നുഴഞ്ഞുകയറ്റക്കാരെയും #നിയമവിരുദ്ധരെയും #നാടുകടത്തണം.നിങ്ങൾ എല്ലാവരും അവരെ പിന്തുണച്ചുകൊണ്ട് അസമിലെ ജനങ്ങളുടെ ആത്മാവിനെ ഉത്തേജിപ്പിക്കണം. ആസാമികൾക്ക് #ദേശസ്നേഹി #യോദ്ധാക്കൾക്ക് അഭിവാദ്യം.നന്ദി.ജയ് ഹിന്ദ് ജയ് ഭാരത്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
അസം സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് ജനങ്ങളുടെ പ്രതിഷേധമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് അസമിലെ മൊറാൻ സമുദായ പട്ടിക വർഗ പദവിക്കായി നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ്
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചപ്പോൾ DY365 യൂട്യൂബ് ചാനലിൽ 2025 സെപ്റ്റംബർ 4 ന് അപ്ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി. അസമിലെ ടിൻസുകിയയിൽ മോറാൻ സമുദായം പട്ടിക വർഗ (എസ്ടി) പദവിക്ക് വേണ്ടി നടത്തിയ പ്രതിഷേധം എന്ന തലക്കെട്ടോടെ നൽകിയ വീഡിയോയിൽ വൈറൽ വീഡിയോയിലേതിന് സമാനമായ മുദ്രാവാക്യങ്ങളും കേൾക്കാം.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യ ടുഡെ നോർത്ത് ഈസ്റ്റ് നൽകിയ റിപ്പോർട്ടിലും സമാന ദൃശ്യം നൽകിയതായി കണ്ടെത്തി. 2025 സെപ്റ്റംബർ 6-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പട്ടിക വർഗ പദവി ആവശ്യമുന്നയിച്ച് മാർഗറിറ്റയിൽ പ്രതിഷേധമെന്നാണ് തലക്കെട്ട്. ഓൾ മൊറാൻ സ്റ്റുഡന്റ്സ് യൂണിയൻ (AMSU) അധ്യക്ഷൻ പുലീന്ദ്ര മൊറാൻ, ജനറൽ സെക്രട്ടറി ജയ്കാന്ത മൊറാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധമെന്നും റിപ്പോർട്ടിലുണ്ട്. വിവിധ മൊറാൻ സമുദായ സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായി.
അസം ട്രിബൂൺ റിപ്പോർട്ട് പ്രകാരം 20,000 ലധികം പേരാണ് റാലിയിൽ അണിനിരന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് പ്രതിഷേധം നടന്നത്. ബിജെപി സർക്കാർ രൂപീകരിച്ച് 100 ദിവസത്തിനുള്ളിൽ മൊറാൻ സമുദായത്തിനും മറ്റ് അഞ്ച് സമുദായങ്ങൾക്കും പട്ടികവർഗ പദവി നൽകുമെന്ന് പ്രധാനമന്ത്രി മോദി തന്നെ ഉറപ്പുനൽകിയിരുന്നു. പത്ത് വർഷം പിന്നിട്ടിട്ടും മാറ്റമില്ല. ഈ സർക്കാർ നമ്മെ വഞ്ചിച്ചു. 2026 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പട്ടികവർഗ പദവിക്കും ആറാം ഷെഡ്യൂൾ സ്വയംഭരണത്തിനും വേണ്ടിയുള്ള തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ, പ്രക്ഷോഭം ശക്തമാക്കുമെന്ന് ഓൾ മൊറാൻ സ്റ്റുഡന്റ്സ് യൂണിയൻ അധ്യക്ഷൻ പുലീന്ദ്ര മൊറാൻ പറഞ്ഞു
അസമിലെ കുടിയൊഴിപ്പിക്കലിനിടെ സംസ്ഥാന സർക്കാരിൻ്റെ നടപടികളെ പിന്തുണച്ച് ജനങ്ങളുടെ പ്രതിഷേധമെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് അസമിലെ ഓൾ മൊറാൻ സ്റ്റുഡന്റ്സ് യൂണിയൻ്റെ നേതൃത്വത്തിൽ മൊറാൻ സമുദായം പട്ടിക വർഗ പദവിക്കായി നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി

