വസ്തുത പരിശോധന: കുംഭമേളയിൽ സ്നാനം ചെയ്യുന്ന പ്രകാശ് രാജ്?
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി നടൻ പ്രകാശ് രാജ് മഹാകുംഭ മേളയിൽ സ്നാനം ചെയ്യുന്ന ചിത്രം

Claim :
മഹാകുംഭ മേളയിലെത്തി മുങ്ങിക്കുളിക്കുന്ന പ്രകാശ് രാജ്Fact :
പ്രചരിക്കുന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ചിത്രം
രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായി നിലപാട് വ്യക്തമാക്കുന്നയാളാണ് നടനും സംവിധായകനുമായ പ്രകാശ് രാജ്. നേരത്തെ തന്നെ വലതുപക്ഷ രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രകാശ് രാജ് 2019 ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എൻഡിഎ സര്‍ക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രാഷ്ട്രീയ പ്രതികരണങ്ങളിൽ പ്രകാശ് രാജ് സജീവമാവുന്നത്. ഇതിനിടെയാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പ്രകാശ് രാജ് എത്തിയെന്നും ഗംഗയിൽ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തിയെന്നും അവകാശപ്പെട്ട് ജല സ്നാനം ചെയ്യുന്ന പ്രകാശ് രാജിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രകാശ് രാജിനെ പോലെ ഒരാൾ കുംഭമേള പോലുള്ള പുണ്യസ്ഥലങ്ങളിലെത്തെരുതെന്ന അടിക്കുറിപ്പോടെയാണ് രാകേശ് കൃഷ്ണൻ സിംഹ എന്ന എക്സ് അക്കൌണ്ടിൽ പ്രകാശ് രാജ് മുങ്ങിക്കുളിക്കുന്ന ചിത്രമുൾപ്പടെയുള്ള പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ

ദൈവത്തിൽ വിശ്വാസമില്ലാത്ത ഹിന്ദു വിരോധിയായ പ്രകാശ് രാജ് മഹാകുംഭ മേളയ്ക്കെത്തി മലിനമാക്കിയെന്ന് ആരോപിച്ചാണ് മറ്റൊരു പോസ്റ്റ്.

വസ്തുത പരിശോധന:
മഹാകുംഭമേളയിൽ നടനും സംവിധായകനുമായ പ്രകാശ് രാജ് എത്തിയെന്നും മുങ്ങിക്കുളിച്ചെന്നും അവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തി.
മഹാകുംഭമേളയിൽ എത്തിയ പ്രകാശ് രാജെന്ന് അവകാശപ്പെട്ട് കടുത്ത വിമർശനങ്ങളുമായി പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രമാണ് ആദ്യം പരിശോധിച്ചത്. സൂക്ഷമ പരിശോധനയിൽ പ്രകാശ് രാജിന്റെ വിരലുകൾ കൃത്യമല്ലാത്തത് ശ്രദ്ധയിൽപ്പെട്ടു. കൈവിരലുകളുടെ സ്ഥാനം തെറ്റിനിൽക്കുന്നതായി കാണാം.

ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും ചിത്രം യഥാർഥമല്ലെന്ന് പ്രകാശ് രാജിന്റെ ലീഗൽ ടീം പറഞ്ഞതായും ഏഷ്യാനെറ്റ് സുവർണ ന്യൂസ് വാർത്ത നൽകിയിട്ടുണ്ട്.
ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ പരിശോധിച്ചു. ചിത്രങ്ങളിലെ എഐ സാന്നിധ്യം കണ്ടെത്തുന്ന വെബ്സൈറ്റാണ് ഹൈവ് മോഡറേഷൻ. എഐ ഉപയോഗിച്ച് നിർമിച്ചതാവാൻ 99.9 ശതമാനം സാധ്യതയെന്നാണ് ഹൈവ് മോഡറേഷൻ നൽകുന്ന വിവരം.

ആധികാരികതയ്ക്കായി മറ്റൊരു എഐ ഡിറ്റക്ഷൻ വെബ്സൈറ്റായ സൈറ്റെൻജിനിലും ചിത്രം പരിശോധിച്ചു. സൈറ്റെൻജിനും ചിത്രത്തിലെ എഐ സാന്നിധ്യം സ്ഥിരീകരിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൌണ്ടുകളിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുള്ള പ്രകാശ് രാജിന്റെ എക്സ് അക്കൌണ്ട് കൂടി പരിശോധിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും കണ്ടെത്താനായില്ല.
മഹാകുംഭമേളയ്ക്കെത്തിയ നടൻ പ്രകാശ് രാജിന്റേതെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന് എഐ ഡിറ്റക്ഷൻ വെബ്സൈറ്റിലൂടെ നടത്തിയ പരിശോധനയിൽ വ്യക്തമായി. നേരത്തെയും ബോളിവുഡ് താരങ്ങളുടെയും എഐഎംഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും മഹാകുംഭമേളയ്ക്കെത്തിയതെന്ന തരത്തിൽ എഐ ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്.
രാഷ്ട്രീയ നിലപാടിൽ അതൃപ്തിയുള്ള വലതുപക്ഷ അക്കൌണ്ടുകളിൽ നിന്നാണ് പ്രകാശ് രാജിന്റെ ചിത്രമെന്ന തരത്തിൽ പ്രചാരണം. ഗംഗയെ അശുദ്ധമാക്കി, മലിനമാക്കി. ഹിന്ദു വിരുദ്ധനായി പ്രകാശ് രാജ് കുംഭമേളയ്ക്കെത്തെരുതായിരുന്നു തുടങ്ങി വിമർശനങ്ങളും അതൃപ്തിയും പരസ്യമാക്കിയാണ് ചിത്രം പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രകാശ് രാജ്, താൻ ബിജെപി - മോദി - ഷാ വിരുദ്ധനാണെന്ന കാര്യം പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഒപ്പം ഇക്കാരണത്താൽ ഹിന്ദു വിരുദ്ധനായി കാണരുതെന്നും പ്രകാശ് രാജ് ആവശ്യപ്പെടാറുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് സജീവ രാഷ്ട്രീയത്തിലേക്കും പ്രകാശ് രാജ് കടന്നു. മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ സംഘപരിവാറിനെതിരെ പ്രകാശ് രാജ് സംസാരിച്ചു. വലത് രാഷ്ട്രീയത്തിനും അനുഭാവികൾക്കും ശത്രുവായതാണ് കുംഭമേളയ്ക്കെത്തിയതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിനൊപ്പം കടുത്ത വിമർശനമുന്നയിച്ച് ബിജെപി അനുകൂലികൾ രംഗത്തെത്തുന്നത്